കൊച്ചി > അതിസാധാരണ കുടുംബത്തില്‍ ജനിച്ച് പരുക്കന്‍ ബാല്യത്തിലൂടെ കടന്നുവന്ന ജീവിതത്തിലെ വെല്ലുവിളികളെയും കുടുംബത്തിനെതിരെ വരെ ഉയര്‍ന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെയും പറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു.
ദേശാഭിമാനി വാരികയ്ക്ക് വേണ്ടി കൈരളി ടി വി ഡയറക്ടര്‍ (ന്യൂസ് ആന്റ് കറന്റ് അഫയേഴ്‌സ്) എന്‍ പി ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗം ചുവടെ:
വീറോടേ ചില വീട്ടുകാര്യങ്ങൾ
? അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു എന്ന പരിഹാസം ഈ അടുത്ത കാലത്തുപോലും കേൾക്കേണ്ടിവന്ന മകനാണ് താങ്കൾ. ആ പൈതൃകത്തെപ്പറ്റി... അച്ഛനെയും അമ്മയെയും ജനിച്ചുവളർന്ന വീടിനെയും പറ്റി...
= തൊഴിലെടുത്തു ജീവിക്കുക എന്നത് അഭിമാനമായി കരുതുന്ന ഒരു സംസ്കാരമാണ് എന്റേത്. ഏതുതൊഴിലും അഭിമാനകരമാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് എന്റെ അച്ഛൻ. അച്ഛനൊപ്പംതന്നെ പ്രിയപ്പെട്ടതാണ് അച്ഛന്റെ തൊഴിലും.
ഒരു തൊഴിലുമെടുക്കാതെ ഏവരെയും ചൂഷണം ചെയ്തു ജീവിക്കുക എന്ന രീതി സംസ്കാരമാക്കിയവരുമുണ്ട് സമൂഹത്തിൽ. ലോകത്തെയാകെ മാറ്റിമറിക്കാൻ പോന്ന രാഷ്ട്രീയശക്തിയാണ് തൊഴിലാളിവർഗം എന്ന ബോധത്തിലേക്ക് ചരിത്രബോധത്തോടെ അവർ ഉണരുമ്പോൾ അവരുടെ കാഴ്ചപ്പാടും മാറിക്കൊള്ളും.
നാട്ടിൻപുറത്തെ അതിസാധാരണമായ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ആ ബാല്യം പരുക്കൻ സ്വഭാവമുള്ളതായിരുന്നു. ആ പാരുഷ്യം ആവാം ഒരുപക്ഷേ, ഇന്ന് പലരും എന്നെ വിമർശിക്കുന്ന ഒരു ഘടകം.'ദാരിദ്ര്യമെന്നുള്ളതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ' എന്ന് ഒരു കവിതാഭാഗമുണ്ട്. പരക്ലേശ വിവേകം ഉള്ളവനായി എന്നെ വളർത്തിയത് ആ ബാല്യത്തിന്റെ പാരുഷ്യമാണ്. ധാരാളിത്തത്തിലും ധൂർത്തിലുമായിരുന്നു വളർന്നിരുന്നതെങ്കിൽ ഞാൻ മറ്റൊരാളായിപ്പോയേനേ.
? രണ്ട് ഏട്ടന്മാരാണ്. അവരെപ്പറ്റി. അവരിലൊരാൾ കുമാരേട്ടൻ തലശ്ശേരി കലാപകാലത്ത് ഖുർ ആൻ കത്തിച്ചു എന്ന് രാഷ്ട്രീയ എതിരാളികൾ അടുത്ത കാലത്ത് വ്യാജ ആരോപണം ഉയർത്തി. ഏട്ടന്റെ മരണാനന്തരം ഉയർന്ന ആ ആരോപണത്തെക്കുറിച്ച്... അതു നിഷേധിക്കാൻ തലശ്ശേരിയിലെ പള്ളി കമ്മിറ്റിക്കാരും ഇസ്ലാം മത വിശ്വാസികളും സ്വയം മുന്നോട്ടുവന്ന അനുഭവത്തെപ്പറ്റി...
= തലശ്ശേരി കലാപത്തിന്റെ തീ കെടുത്താൻ ജീവൻപോലും തൃണവൽഗണിച്ചു മുന്നിട്ടിറങ്ങിയതു കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാരുടെ ആ പങ്കിനെ വിതയത്തിൽ കമ്മീഷൻ എടുത്തുപറഞ്ഞിട്ടുണ്ട്. വർഗീയകലാപങ്ങളുണ്ടാക്കാനും അത് ജ്വലിപ്പിച്ചുനിർത്താനും മതവികാരങ്ങൾ ആളിപ്പടർത്തുക എന്നത് വർഗീയശക്തികൾ അനുവർത്തിക്കുന്ന തന്ത്രമാണ്. വ്യാജ ആരോപണങ്ങളും അങ്ങനെ തന്നെ. അതിൽ കുടുങ്ങാതെ ശാന്തിക്കുവേണ്ടി കലാപഭൂമിയിൽ നിലകൊള്ളാൻ എത്തിയവരിൽ എന്റെ ജ്യേഷ്ഠനുമുണ്ടായി എന്നത് അഭിമാനകരമാണ്. ആ ജ്യേഷ്ഠനെപ്പറ്റിയാണ് പിന്നീട് വ്യാജ ആരോപണങ്ങൾ ചിലർ ഉന്നയിച്ചത്. സത്യമറിയാവുന്ന ഇസ്ലാം മതമേധാവികൾ തന്നെ ആരോപണം നിഷേധിക്കാൻ മുന്നിട്ടിറങ്ങിയല്ലോ. യാതൊരു സത്യവുമില്ലാത്ത ആരോപണങ്ങളുന്നയിച്ച് അപകർത്തിപ്പെടുത്തുന്നതിൽനിന്നു മരിച്ചവരെപ്പോലും വെറുതെവിടില്ല എന്നത് എത്ര മനുഷ്യത്വരഹിതമായ തലത്തിലേക്ക് ചിലർ അധഃപതിച്ചിരിക്കുന്നു എന്നാണു തെളിയിക്കുന്നത്.
? കമല ഇന്റർനാഷനൽ എന്ന പേരിൽ താങ്കൾക്ക് വിദേശത്ത് കമ്പനിയുണ്ടെന്ന് ലാവലിൻ വിവാദകാലത്ത് എതിരാളികൾ പറഞ്ഞുനടന്നിരുന്നു. ആ കള്ളക്കഥ ഭാര്യ കമല ടീച്ചർ എങ്ങനെയാണ് നേരിട്ടത്...
= അവർ കമ്യൂണിസ്റ്റുകാരന്റെ ഭാര്യയല്ലേ. അവർക്കറിയാം, അതുകൊണ്ടുതന്നെ ഇതും ഇതിലപ്പുറവും കേൾക്കേണ്ടിവരുമെന്ന്. വിവാഹം ചെയ്യുന്ന കാലത്തുതന്നെ ഞാൻ മുഴുവൻസമയ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനാണ്. കമല, ഒഞ്ചിയം സമരസേനാനിയായിരുന്ന ആണ്ടിമാസ്റ്ററുടെ മകളും പാർടി കുടുംബാംഗവും. പൂവിരിച്ച പാതകളിലൂടെയാവില്ല യാത്രയെന്ന് അവർക്ക് അന്നേ അറിയാം. അസത്യങ്ങൾ തുടരെ കേൾക്കേണ്ടിവന്നിട്ടുണ്ട്. അത് അവരെ ക്ഷീണിപ്പിച്ചിട്ടില്ല. അസത്യമാണെന്നവർക്കു ബോധ്യമുണ്ട്. അത് കാലം തെളിയുക്കുമെന്നും ബോധ്യമുണ്ട്. ഏതൊക്കെ ഏജൻസികൾ അകത്തും പുറത്തും അന്വേഷിച്ചു. കമലാ ഇന്റർനാഷണൽ പോയിട്ട്, കമ എന്ന ഒരു വാക്കു കണ്ടെത്താൻ കഴിഞ്ഞോ? ഞാൻ എപ്പോഴും പറയാറുണ്ടല്ലോ. മടിയിൽ കനമില്ലാത്തവനു വഴിയിൽ ഭയക്കേണ്ട.
? രണ്ടു മക്കളാണ്. അവരും വിവാദങ്ങൾക്ക് ഇരകകളായിട്ടുണ്ട്. അതിനെപ്പറ്റി... മകളുടെ വിവാഹംപോലും ആയുധമാക്കിയെടുത്തുള്ള ആക്രമണത്തിനു വിധേയനായ അച്ഛനാണ് താങ്കൾ. ആ അനുഭവത്തെപ്പറ്റി...
= രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന സമ്പ്രദായത്തിന് അറുതിവരുത്തേണ്ടതുണ്ട്. കുട്ടികൾ അതും ഒരു ജീവിതാനുഭവമായി കണക്കാക്കിയിട്ടുണ്ടാവുമെന്നാണു ഞാൻ കരുതുന്നത്. ആദ്യമാദ്യം വേദനിച്ചിട്ടുണ്ടാവും. പിന്നെപ്പിന്നെ ജീവിതത്തിൽ പരുക്കൻ വശങ്ങളെ നേരിടാനുള്ള കരുത്തായി അതു മനസ്സിൽ മാറിയിട്ടുണ്ടാവും. അതേക്കുറിച്ച് ഞാൻ ചോദിച്ചിട്ടില്ല.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം താഴെ:
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..