04 January Monday

കാര്യശേഷിയോടെ തദ്ദേശഭരണം - അഡ്വ. പി വിശ്വംഭരപണിക്കർ എഴുതുന്നു

അഡ്വ. പി വിശ്വംഭരപണിക്കർUpdated: Monday Jan 4, 2021


കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിന് ആവശ്യമായ ഫണ്ടും ഭരണ സംവിധാനവും ഇന്നുണ്ട്‌. സമയബന്ധിതമായും സുതാര്യമായും മുൻഗണനാടിസ്ഥാനത്തിലും ഫണ്ട് വിനിയോഗിക്കുന്നതിനുള്ള കാര്യക്ഷമമായ ഭരണനേതൃത്വമാണ് ഉണ്ടാകേണ്ടത്. സാമൂഹ്യരാഷ്ട്രീയ മേഖലയിൽ പ്രവർത്തിച്ച് മികവ് തെളിയിച്ച് ജനകീയ അംഗീകാരത്തോടെ കടന്നു വന്ന ജനപ്രതിനിധികൾക്ക് അതിന് കഴിയുമെന്ന കാര്യത്തിൽ ആശങ്ക വേണ്ട.

ജനകീയാസൂത്രണത്തിന്റെ ആവിർഭാവത്തോട് കൂടി തദ്ദേശസ്ഥാപനങ്ങൾക്ക്  ബജറ്റിന്റെ ഏകദേശം 25 ശതമാനം വിഹിതം ലഭ്യമാകുന്നു. 2020–-21 സാമ്പത്തികവർഷം തദ്ദേശ സ്ഥാപനങ്ങൾക്ക് 21174 കോടിരൂപയാണ് നീക്കിവച്ചിട്ടുളളത്. ഇതോടൊപ്പം കേന്ദ്രധനകാര്യ കമീഷൻ വിഹിതം, കൃഷി, മൃഗസംരക്ഷണം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ വിഭവങ്ങൾ എല്ലാം തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തത്തിലാണ് വിനിയോഗിക്കുന്നത്.

നവകേരള കർമപരിപാടി
സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവകേരള മിഷന്റെ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിന് ഏറെ സഹായകരമാണ്. എല്ലാവർക്കും വാസയോഗ്യമായ വീട് ഉണ്ടാവുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ലൈഫ് ഭവന നിർമാണ പദ്ധതിയോടൊപ്പം സിഎസ്‌ആർ ഫണ്ട്, മറ്റ് മാർഗം വഴി സംഘടിപ്പിക്കാവുന്ന തുകകൾ എല്ലാം കൂട്ടിചേർത്താൽ നിശ്ചിത കാലയളവിനുള്ളിൽ  മുഴുവൻ കുടുംബങ്ങൾക്കും വീട് നിർമിച്ച് കൊടുക്കാൻ കഴിയും. 

പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രങ്ങളെല്ലാം ഫാമിലി ഹെൽത്ത് സെന്ററുകളായി അപ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുന്നു. ഇവയ്ക്ക് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുവാനും, ഡിപ്പാർട്ട്മെന്റിൽനിന്നും ലഭിക്കാത്ത മരുന്നുകളും ഉപകരണങ്ങളും ക്രമീകരിക്കുവാനും കഴിയണം. ആരോഗ്യപ്രവർത്തകരുടെയും ആശാവർക്കർമാരുടെയും യോഗം ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിലയിരുത്തുകയും പകർച്ചവ്യാധികളും മറ്റും നേരിടുന്നതിനുള്ള മുൻകരുതലുകളും സ്വീകരിക്കേണ്ടതാണ്.


 

പഞ്ചായത്ത് വിദ്യാഭ്യാസ  കമ്മിറ്റികളുടെ യോഗം  ചേർന്ന് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കേണ്ടതാണ്.  പിടിഎ–-പൂർവ വിദ്യാർഥി സംഘടന തുടങ്ങിയവയുടെ കൂടി സഹകരണത്തോടെ സ്കൂളുകളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താൻ കഴിയും. ശുചിത്വ മാലിന്യ സംസ്‌കരണം, ജല സംരക്ഷണം കൃഷി എന്നീ മൂന്ന് ചുമതലകളാണ് ഹരിതകേരളം മിഷനുള്ളത്. ശുചിത്വ മിഷന്റെ സഹായത്തോടെ നാം നേരിടുന്ന പ്രധാന വെല്ലുവിളിയായ മാലിന്യ സംസ്‌കരണം പരിഹരിക്കാൻ കഴിയും. ഹരിത കർമസേന, ഗ്രീൻ പ്രോട്ടോക്കോൾ, ഉറവിട മാലിന്യ സംസ്‌കരണം അനുബന്ധ വിവര ശേഖരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ വഴി ജനങ്ങളിൽ ഇതു സംബന്ധിച്ച അവബോധം സൃഷ്ടിക്കാൻ കഴിയണം. ജലം കരുതലോടെ ഉപയോഗിക്കണമെന്ന സന്ദേശവും, യുക്തിപൂർവമായ ജലവിനിയോഗത്തിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തണം.

സുരക്ഷിത ഭക്ഷ്യ ഉൽപ്പാദനം കൈവരിക്കുന്നതിന് കഴിയുന്ന തരത്തിൽ തരിശു രഹിത ഗ്രാമങ്ങൾ, പുരയിട കൃഷി വ്യാപനം, ജൈവകൃഷി പ്രോത്സാഹിപ്പിക്കൽ, ഫലവൃക്ഷത്തൈ ഉൽപ്പാദനം, പച്ചത്തുരുത്തുകളുടെ നിർമാണം തുടങ്ങിയ നമ്മുടെ പ്രദേശത്തെ ഹരിതാഭമാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ശക്തമാക്കുന്നതോടൊപ്പം ജനങ്ങളുടെ ജീവനോപാധി സംരക്ഷിക്കുന്നതിനും നെല്ല്, പച്ചക്കറി, പാൽ, മത്സ്യകൃഷി, മുട്ട തുടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ ഉൽപ്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെ വിവിധമേഖലകളുടെ സംയോജിത പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. സബ്സിഡികൾ വകയിരുത്തി പ്രവർത്തനം ശക്തിപ്പെടുത്തി ഉൽപ്പാദന മേഖലകളിൽ കോവിഡ് മഹാവ്യാധി സൃഷ്ടിച്ച തളർച്ചയെ  അതിജീവിക്കാൻ കഴിയണം.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും, സംസ്ഥാന ഗവൺമെന്റ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന അയ്യൻകാളി തൊഴിൽദാന പദ്ധതിയും പാവപ്പെട്ട കുടുംബങ്ങൾക്ക് അധിക വരുമാനം നൽകുന്നു. ഈ പദ്ധതികൾ വഴി ജലസംരക്ഷണ പ്രവർത്തനങ്ങൾ, നീർത്തട പരിപാലനം, കൃഷി വ്യാപിപ്പിക്കൽ പരിസ്ഥിതി സംരക്ഷണം, കിണർ നിർമാണം, കിണർ റീചാർജിങ്, മഴവെള്ള സംഭരണി, തൊഴുത്ത്, ആട്ടിൻകൂട്, മണ്ണിര കമ്പോസ്റ്റ്, വ്യക്തിഗത ശുചിമുറികൾ, ഗ്രാമീണ സ്റ്റേഡിയങ്ങൾ പാർപ്പിട സൗകര്യങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയും.

ദുരന്ത നിവാരണവും പ്രതിരോധവും
നിലവിലുണ്ടായിരുന്ന പഞ്ചായത്ത് ഭരണസംവിധാനത്തിന്‌ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തതോടൊപ്പം, നിപാ, പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തങ്ങളെയും നേരിടേണ്ടി വന്നു. പ്രകൃതിക്ഷോഭവും ദുരന്ത നിവാരണവും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിൽപ്പെട്ടിരുന്നതല്ലെങ്കിലും ആ ചുമതലകളെല്ലാം സ്വയം ഏറ്റെടുത്തു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മറ്റാരെക്കാളും കഴിയുന്നത് തദ്ദേശ സ്ഥാപനങ്ങൾക്കാണെന്ന് അംഗീകരിക്കപ്പെട്ടു. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രകൃതിക്ഷോഭത്തെ എങ്ങനെ നേരിടാൻ കഴിയും  എന്നത്  വിലയിരുത്തി വിവിധ വകുപ്പുകളുടെയും, വിദഗ്‌ധരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ ദുരന്തനിവാരണ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.
വരുമാനസ്രോതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്തിയും ബന്ധപ്പെട്ട മറ്റ് മേഖലകളുടെ പ്രവർത്തനങ്ങളെ സംയോജിപ്പിച്ചും ജനകീയപങ്കാളിത്തം ഉറപ്പാക്കി കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ  സ്വയം പര്യാപ്ത ഗ്രാമമെന്ന അധികാര വികേന്ദ്രീകരണത്തിന്റെ സ്വപ്നം നമുക്ക് സാക്ഷാൽക്കരിക്കാം.

(കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽസെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top