04 January Monday

വാക്‌സിനിൽ രാഷ്ട്രീയവിവാദം ; ഖ്യാതി സ്വന്തമാക്കാന്‍ പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jan 4, 2021


ന്യൂഡൽഹി
രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിക്കുന്നതിന്റെ ഖ്യാതി പ്രധാനമന്ത്രിക്ക് ചാര്‍ത്താനുള്ള  ബിജെപി നേതാക്കളുടെ വ്യഗ്രത രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിതുറന്നു. പ്രധാനമന്ത്രിയെ പ്രകീർത്തിച്ച്‌ ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയും മന്ത്രി പ്രകാശ്‌ ജാവ്‌ദേക്കറും രംഗത്തുവന്നു. രണ്ട്‌‌ വാക്‌സിന്‌ അനുമതി  നൽകാൻ സാധിച്ചത്‌  ഇന്ത്യയുടെ വിജയമാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിച്ചു. ഇതിനകം 50ൽപ്പരം രാജ്യങ്ങളിൽ വാക്‌സിനേഷൻ ആരംഭിച്ചെന്ന വസ്‌തുത മാനിക്കാതെയാണ്‌ ബിജെപി പ്രചാരണം.

അതേസമയം, മൂന്ന്‌ ഘട്ടപരീക്ഷണം പൂർത്തീകരിക്കാതെ ബയോടെക്ക്‌ വാക്‌സിൻ ഉപയോഗിക്കുന്നത്‌ അപക്വവും അപകടകരവുമാണെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ പ്രതികരിച്ചു. മഹാമാരിയും ദുരന്തങ്ങളും പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട ബിജെപി സർക്കാർ വാക്‌സിന്റെ പേരിൽ മേനി നടിക്കുന്നത്‌  രാഷ്ട്രീയ തട്ടിപ്പാണെന്ന്‌  സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ പറഞ്ഞു. വാക്‌സിൻ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനം രാജ്യമെമ്പാടും സജ്ജീകരിച്ചിട്ടുണ്ടോ എന്നും അഖിലേഷ്‌ ചോദിച്ചു.

ആഗസ്‌ത്‌ 15ന്‌ പ്രധാനമന്ത്രിക്ക്‌  പ്രഖ്യാപിക്കാൻ കഴിയുംവിധം വാക്‌സിൻ ഗവേഷണം വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചത് വിവാദമായിരുന്നു. ശാസ്‌ത്രീയ നടപടിക്രമം മറികടന്ന്‌ വാക്‌സിൻ തിടുക്കത്തിൽ വികസിപ്പിക്കുന്നത്‌ അപകടമാണെന്ന്‌ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകി.

ബിഹാർ തെരഞ്ഞെടുപ്പിനു മുമ്പ്‌ വാക്‌സിൻ പുറത്തിറക്കാനുള്ള ശ്രമവും നടന്നു. പിന്നീട് ജനുവരി 26ന്‌ വാക്‌സിൻ പ്രഖ്യാപിക്കാനാണ് പദ്ധതിയിട്ടത്. എന്നാൽ  ചൈനയും റഷ്യയും ബ്രിട്ടനും അമേരിക്കയും ക്യാനഡയും തുർക്കിയും വാക്‌സിനേഷൻ തുടങ്ങിയതോടെയാണ് ഇന്ത്യയിലും അടിയന്തരപ്രഖ്യാപനം വന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top