ഏലംകുളം (മലപ്പുറം) > വെൽഫെയർ പാർടി ബന്ധം അരക്കിട്ടുറപ്പിച്ച് യുഡിഎഫിന്റെ സ്വീകരണ പരിപാടി. ഏലംകുളം പഞ്ചായത്തിലാണ് തീവ്രവാദ കൂട്ടുകെട്ട് സ്വീകരണ ചടങ്ങിലും പ്രതിഫലിച്ചത്.
മുസ്ലിംലീഗ് ദേശീയ ഓറഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി, മുൻ മന്ത്രി നാലകത്ത് സൂപ്പി, മഞ്ഞളാംകുഴി അലി എംഎൽഎ എന്നിവർക്കൊപ്പമാണ് യുഡിഎഫ് പിന്തുണയോടെ വിജയിച്ച വെൽഫെയർ പാർടി പഞ്ചായത്ത് അംഗം സൽമ കുന്നക്കാവ് വേദിപങ്കിട്ടത്. വെൽഫെയർ പാർടിയുമായി സഖ്യമുണ്ടാകില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നതിനിടയിലാണ് ചടങ്ങ്.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയരൂപമായ വെൽഫെയർ പാർടി പിന്തുണയോടെയാണ് പഞ്ചായത്തിൽ ഇത്തവണ യുഡിഎഫ് ഭരണം പിടിച്ചത്. 16 അംഗങ്ങളിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് ഏഴും സീറ്റാണുള്ളത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽ വെൽഫെയർ സ്വതന്ത്രയായി ജയിച്ച അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫ് ഒപ്പമെത്തി. പിന്നീട് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്.
ഇ എം എസിന്റെ ജന്മനാട്ടിൽ ഭരണംപിടിച്ചെന്ന് വലതുപക്ഷ മാധ്യമങ്ങളെ ഉപയോഗിച്ച് യുഡിഎഫ് വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ, വെൽഫെയർ പിന്തുണ മറച്ചുവച്ചായിരുന്നു ഇത്. തെരഞ്ഞെടുപ്പിനുമുമ്പ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുത്ത ഏലംകുളം പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി സംഗമത്തിൽ വെൽഫെയർ സ്ഥാനാർഥി പങ്കെടുത്തത് വിവാദമായിരുന്നു. എന്നാൽ, സ്ഥാനാർഥിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. അവർക്കാണ് ജയിച്ചശേഷം യുഡിഎഫ് സ്വീകരണമൊരുക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..