04 January Monday

ഏംഗൽസും കാലാവസ്ഥാ വ്യതിയാനവും - സുനിൽ പി ഇളയിടം എഴുതുന്നു

സുനിൽ പി ഇളയിടംUpdated: Monday Jan 4, 2021


ഒന്നര നൂറ്റാണ്ടുമുമ്പ്‌ ഏംഗൽസ് പ്രകൃതിയുടെ വൈരുധ്യാത്മകത എന്ന ഗ്രന്ഥത്തിന്റെ പഠനക്കുറിപ്പുകൾ തയ്യാറാക്കുന്ന സന്ദർഭത്തിൽ (1873–-86 കാലയളവ്) പരിസ്ഥിതിവാദമോ പാരിസ്ഥിതിക രാഷ്ട്രീയമോ ലോകത്തിന്റെ പ്രധാന പരിഗണനാവിഷയങ്ങളിൽ ഒന്നായിത്തീരുന്നില്ല. ആധുനിക പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ പ്രാരംഭ മുഹൂർത്തമായി പലരും പരിഗണിക്കുന്ന റേച്ചൽ കാഴ്സണിന്റെ നിശ്ശബ്ദ വസന്തത്തിലേക്ക് (സൈലന്റ്‌ സ്‌പ്രിങ് 1962) എന്ന ഗ്രന്ഥം പിന്നെയും എട്ടൊമ്പത് പതിറ്റാണ്ടുകൾ ബാക്കിയുണ്ടായിരുന്നു. റൊമാന്റിക് കവികൾ 19–-ാം ശതകത്തിന്റെ ആരംഭത്തിൽ പ്രകൃതിയെക്കുറിച്ച് പാടിത്തുടങ്ങിയിരുന്നെങ്കിലും അത് കാൽപ്പനികമായ പ്രകൃതിസ്നേഹത്തിനപ്പുറം പോയിരുന്നില്ല. ഹെന്റി തോറോ, എമേഴ്സൻ, എഡ്വേർഡ് കാർപെന്റർ, ജോൺ റസ്കിൻ തുടങ്ങിയവരുടെ വ്യാവസായിക നാഗരികതാ വിമർശനങ്ങൾ ഗാന്ധിയുടെയും മറ്റും രാഷ്ട്രീയ കാര്യപരിപാടിയായി രംഗത്തെത്താൻ പിന്നെയും പതിറ്റാണ്ടുകൾ കഴിയണമായിരുന്നു. വ്യാവസായിക വിപ്ലവവും മുതലാളിത്തവും കൈകോർത്തുനിന്ന്, പ്രകൃതിയെ അനന്തമായ വിഭവസ്രോതസ്സായി പരിഗണിക്കുന്ന കാലമായിരുന്നു അത്. പ്രകൃതിവിഭവങ്ങളുടെ നിരന്തരമായ ഉപയോഗത്തിലൂടെ മനുഷ്യവംശത്തിന് അനന്തമായ പുരോഗതി കൈവരിക്കാൻ കഴിയുമെന്ന പ്രത്യാശ പടിഞ്ഞാറൻ ലോകത്തെ ഭരിക്കുന്ന കാലം.

ഇങ്ങനെ, പ്രകൃതിക്കുമേലുള്ള വിജയത്തെച്ചൊല്ലിയുള്ള വ്യാവസായിക മുതലാളിത്ത ഹുംകൃതികൾ തിമിർത്തുനിൽക്കുന്ന ആ ചരിത്രസന്ധിയിൽ ഏംഗൽസ് ആ മിഥ്യാഭിമാനത്തെക്കുറിച്ച് താക്കീതിന്റെ സ്വരത്തിൽ എഴുതി:

“പ്രകൃതിയുടെമേൽ നമ്മൾ, മനുഷ്യർ നേടിയ വിജയങ്ങളെച്ചൊല്ലി നാം അതിരുകടന്ന ആത്മപ്രശംസ നടത്തേണ്ടതില്ല. അത്തരം ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പകരം വീട്ടുന്നുണ്ട്. ഓരോ വിജയവും ഒന്നാമത് ഉളവാക്കുന്നത് നമ്മൾ പ്രതീക്ഷിച്ച ഫലങ്ങളാണെന്നത് ശരിതന്നെ. എന്നാൽ, രണ്ടാമതും മൂന്നാമതും അതുളവാക്കുന്നത് തികച്ചും വ്യത്യസ്തവും പലപ്പോഴും ആദ്യത്തേതിനെ തട്ടിക്കിഴിക്കുന്നതുമായ ഫലങ്ങളാണ്. മെസപ്പൊട്ടോമിയയിലും ഗ്രീസിലും ഏഷ്യാമൈനറിലും മറ്റും കൃഷിക്കുവേണ്ടി വനങ്ങളെ നശിപ്പിച്ചവർ, വനങ്ങളോടൊപ്പം നനവിന്റെ ശേഖരണകേന്ദ്രങ്ങളെയും സംഭരണികളെയും ഇല്ലാതാക്കുന്നതിലൂടെ, ആ രാജ്യങ്ങളുടെ ഇന്നത്തെ അനാഥാവസ്ഥയ്ക്ക് തങ്ങൾ അടിത്തറയിടുകയായിരുന്നു എന്ന് ഒരിക്കലും ഊഹിച്ചിരുന്നില്ല. ആൽപ്സ് പർവതനിവാസികളായ ഇറ്റലിക്കാർ തെക്കൻ ചരിവുകളിലെ പൈൻ കാടുകൾ മുഴുവൻ വെട്ടിനശിപ്പിച്ചപ്പോൾ, തങ്ങളുടെ പ്രദേശത്തെ കാലിവളർത്തലിന്റെ കടയ്ക്കു കത്തിവയ്ക്കുകയാണ് തങ്ങൾ ചെയ്തതെന്ന് അവർ സംശയിച്ചതേയില്ല. അന്യജനതയെ കീഴടക്കിയ ജേതാവിനെപ്പോലെ, പ്രകൃതിയുടെ വെളിയിൽ നിൽക്കുന്ന ഒരാളെപ്പോലെ, നമ്മൾ പ്രകൃതിയെ അടക്കിഭരിക്കുകയല്ലെന്നും രക്തവും മാംസവും തലച്ചോറും എല്ലാമായി നമ്മൾ പ്രകൃതിയുടെ വകയാണെന്നും” –-ഏംഗൽസ് വിശദീകരിച്ചു. ‘പ്രകൃതിയും മനുഷ്യനും തമ്മിൽ വേർതിരിച്ചുകാണണമെന്ന അസ്വാഭാവികവും അർഥശൂന്യവുമായ ആശയം’ ഭാവിയിൽ കൂടുതൽ കൂടുതൽ അപ്രസക്തമാകുമെന്ന് ഇതിനുപിന്നാലെ ഏംഗൽസ് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

മുതലാളിത്തവും പരിസ്ഥിതിയും
‘പ്രകൃതിയും മനുഷ്യനും എന്ന അസ്വാഭാവികമായ വേർതിരിവി’നെതിരെ ഏംഗൽസ് ഉയർത്തുന്ന ഈ വിമർശനം മാർക്സിസ്റ്റ് ചിന്തയിൽ ഒട്ടുംതന്നെ ഒറ്റതിരിഞ്ഞ ഒന്നല്ല. മാർക്സിസത്തിന്റെ എല്ലാ പടവുകളിലും ഈ നിലപാട് നമുക്ക് കാണാനാകും. പ്രകൃതിയുടെ വൈരുധ്യാത്മകതയ്ക്ക് നാലു പതിറ്റാണ്ടോളം മുമ്പ്‌, 1844ൽ, മാർക്സ് എഴുതിയ സാമ്പത്തിക തത്ത്വശാസ്ത്രക്കുറിപ്പുകളിൽത്തന്നെ പ്രകൃതിയെ മനുഷ്യന്റെ അജൈവ ശരീരമെന്ന് മാർക്സ് വിശേഷിപ്പിച്ചിട്ടുണ്ട്. മാർക്സിസ്റ്റ് ദാർശനികതയുടെ ആദ്യത്തെ സമഗ്രാവതരണമെന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് പാരീസ് മാനുസ്ക്രിപ്റ്റ്സ് എന്നുകൂടി അറിയപ്പെടുന്ന, 1844ലെ കുറിപ്പുകൾ.  മൂലധനത്തിൽ, മുതലാളിത്തത്തെ മാർക്സ് വിമർശനവിധേയമാക്കുന്നത് അത് പ്രകൃതിക്കുമേൽ നടത്തുന്ന കൈയേറ്റത്തെക്കൂടി മുൻനിർത്തിയാണ്. തൊഴിലാളിയുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്നതോടൊപ്പം, എല്ലാ വിഭവങ്ങളുടെയും സ്രോതസ്സായ പ്രകൃതിയെ അടിതുരന്ന് ഇല്ലാതാക്കുന്ന ഒന്നായിക്കൂടിയാണ് മാർക്സ് മുതലാളിത്തത്തെ വിമർശിക്കുന്നത്. പ്രകൃതിയുടെ സഹജമായ ജയാപചയ പ്രക്രിയയിൽ വിള്ളൽ വീഴ്ത്തുകവഴി (മെറ്റബോളിക്‌ റിഫ്‌റ്റ്‌) ഒരുഭാഗത്ത് അതിഭീമമായ വിഭവശോഷണത്തിന് വഴിതുറക്കുകയും മറുഭാഗത്ത് അതിഭീമമായ ഉൽപ്പാദനപ്പെരുപ്പത്തിന്റെ ഫലമായുണ്ടാകുന്ന അവശിഷ്ടങ്ങളുടെ ചപ്പുകൂനയായി ഭൂമിയെ മാറ്റിത്തീർക്കുകയും ചെയ്യുന്ന ഒന്നായി മുതലാളിത്തത്തെ മാർക്സ് വിമർശനവിധേയമാക്കുന്നു. മുതലാളിത്തം അസ്വീകാര്യമാകുന്നതിന്റെ അടിസ്ഥാനങ്ങളിലൊന്ന് അത് പ്രകൃതിവിരുദ്ധമാണ് എന്നതുകൊണ്ടുകൂടിയാണെന്നർഥം. മാർക്സിന്റെ അവസാനകാല രചനയായ ഗോഥാപരിപാടിയുടെ വിമർശത്തിലും ഈ പ്രകൃതിദർശനം തുടരുന്നുണ്ട്. അവിടെ, എല്ലാ സമ്പത്തിന്റെയും ഉറവിടമായി അധ്വാനത്തെ പരിഗണിക്കുന്ന ജർമൻ നേതാവായ ലസ്സാലിന്റെ സമീപനത്തെ വിമർശിച്ചുകൊണ്ട് മാർക്സ് പറയുന്നത്, അധ്വാനം ഉൾപ്പെടെയുള്ള എല്ലാത്തിന്റെയും അടിസ്ഥാനസ്രോതസ്സ് പ്രകൃതിയാണ് എന്നാണ്. ഈ നിലപാട് 1859ലെ രാഷ്ട്രീയ അർഥശാസ്ത്രത്തിനൊരു മുഖവുരയിൽ തന്നെ മാർക്സ് മുന്നോട്ടുവച്ചതാണ്.


 

ഏംഗൽസിന്റെ പരിസ്ഥിതിദർശനം
എന്നാൽ, ആധുനികസമൂഹത്തിന്റെ പരിണാമഗതി ഏംഗൽസിന്റെ പ്രതീക്ഷകൾക്കെതിരായാണ് നീങ്ങിയത്. പ്രമുഖ മാർക്സിസ്റ്റ് ചിന്തകനായ സമീർ അമീൻ ചൂണ്ടിക്കാട്ടിയതുപോലെ, ആധുനികത അതിന്റെ ജനനത്തിന്റെയും വളർച്ചയുടെയും പടവുകളിലുടനീളം മുതലാളിത്തത്തോടൊപ്പമായിരുന്നു. വ്യാവസായിക മുതലാളിത്തം ആധുനികതയെ കീഴടക്കിയതോടെ, സ്വാതന്ത്ര്യം, സമത്വം, സാർവദേശീയത, സാഹോദര്യം, സാമൂഹികനീതി തുടങ്ങിയ ഉന്നതമായ മൂല്യങ്ങൾക്കു മുകളിൽ മുതലാളിത്തത്തിന്റെ വിനാശകരമായ മൂലധനാസക്തി സർവാധിപത്യം നേടി.

ഒന്നരനൂറ്റാണ്ടു മുമ്പ്‌ ഏംഗൽസ് സൂചിപ്പിച്ച പ്രകൃതിയുടെ തട്ടിക്കിഴിക്കലിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമാണ് കാലാവസ്ഥാ വ്യതിയാനം. ഒരുപക്ഷേ, മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തട്ടിക്കിഴിക്കലായി അത് മാറിത്തീർന്നേക്കാമെന്ന് ശാസ്ത്രസമൂഹം ഇപ്പോൾ കരുതുന്നുണ്ട്. മനുഷ്യരാശി ഇതുവരെ ആർജിച്ച എല്ലാ മികവുകളെയും അസ്ഥാനത്താക്കാൻ പോന്ന, പ്രകൃതിയുടെ അന്തിമമായ തട്ടിക്കിഴിക്കലായി കാലാവസ്ഥാ വ്യതിയാനം മാറിക്കൊണ്ടിരിക്കുകയാണെന്ന് കരുതുന്നവർ ഏറെയാണ്. ‘സോഷ്യലിസം അല്ലെങ്കിൽ കിരാതത്വം’ എന്ന റോസാലക്സംബർഗിന്റെ ഉജ്വലമായ ഭവിഷ്യൽ ദർശനത്തിന്റെ പ്രകാശന സ്ഥാനംകൂടിയായി അത് മാറിത്തീർന്നിരിക്കുന്നു.

അന്തരീക്ഷവായുവിലേക്ക് വിക്ഷേപിക്കപ്പെടുന്ന കാർബൺഡൈഓക്സൈഡിന്റെ അളവ് പെരുകിപ്പെരുകി അന്തരീക്ഷതാപം വർധിക്കുന്നതിനെയാണല്ലോ ആഗോളതാപനമെന്ന് വിവരിച്ചുപോരുന്നത്. കാലാവസ്ഥയിൽ ഇതുണ്ടാക്കുന്ന വലിയ മാറ്റങ്ങൾ മനുഷ്യജീവിതത്തിനും ആവാസവ്യവസ്ഥയ്ക്കും ഇതിനകംതന്നെ വലിയ വെല്ലുവിളി ഉയർത്തിക്കഴിഞ്ഞു. ഏതാനും മാസംമുമ്പ്‌ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഇക്കോളജിക്കൽ സയൻസ് സെന്ററിലെ പ്രൊഫ. ആർ സുകുമാർ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് എഴുതിയ ശ്രദ്ധേയമായ പ്രബന്ധം ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും വഴിതുറന്നിട്ടുകൊണ്ട് മുതലാളിത്തവളർച്ച മനുഷ്യവംശത്തിന്റെ നിലനിൽപ്പിനെത്തന്നെ വെല്ലുവിളിക്കുന്നതിന്റെ സമഗ്രമായ ചിത്രം അവതരിപ്പിക്കുന്നുണ്ട്.

ഭൗമാന്തരീക്ഷത്തിൽ കാർബൺഡൈ ഓക്സൈഡിന്റെ അളവ് പെരുകാൻ തുടങ്ങിയത് 18,000 വർഷം മുമ്പായിരുന്നുവെന്ന് പ്രൊഫ. സുകുമാർ സൂചിപ്പിക്കുന്നു. അന്ന് 200 പിപിഎം (പാർട്സ് പെർ മില്യൻ) ആണ് അന്തരീക്ഷവായുവിലെ കാർബൺഡൈ ഓക്സൈഡിന്റെ അളവ്. പല ജീവജാലങ്ങൾക്കും നിവസിക്കാനാകാത്തവിധം ഭൂമി അന്ന് തണുത്തുകിടന്നു. 11,500 വർഷം എത്തിയപ്പോൾ ഇത് 270 പിപിഎം ആയി ഉയർന്നു. കൃഷി സാധ്യമാകുന്ന വിധത്തിൽ ഭൗമതാപം ഉയർന്നത് ഇതോടെയാണ്. തുടർന്ന് പതിനായിരത്തോളം വർഷം ഇത് വലിയ മാറ്റമില്ലാതെ തുടർന്നു. ഭൗമാന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിന്റെ അളവ് ചിലപ്പോഴൊക്കെ 200 പിപിഎം എന്നതിലേക്ക് താഴുകയും പിന്നാലെ 270 പിപിഎമ്മിലേക്ക് ഉയരുകയും ചെയ്യുന്ന ചാക്രികസ്വഭാവം പ്രദർശിപ്പിച്ചിട്ടുണ്ട്. എങ്കിലും ഒരിക്കലുമത് 280–-300 പിപിഎം എന്ന അതിർത്തി ഭേദിച്ചില്ല. എന്നാൽ, 19–-ാം  ശതകത്തിന്റെ പകുതിയോടെ വ്യാവസായിക മുതലാളിത്തം ശക്തിപ്രാപിച്ചതോടെ ഈ അനുപാതം തെറ്റി. കൽക്കരിയുടെയും അശ്മകഇന്ധനങ്ങളുടെയും വിപുലമായ ഉപയോഗവും വനങ്ങൾ വൻതോതിൽ അഗ്നിക്കിരയാക്കിയതും ചേർന്നപ്പോൾ അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിന്റെ തോത് ഭീമാകാരമായി പെരുകി. 1850ൽ അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കപ്പെട്ട കാർബൺഡൈഓക്സൈഡിന്റെ അളവ് 20 കോടി ടൺ ആയിരുന്നെങ്കിൽ 2018ൽ അത് 3600 കോടി ടണ്ണാണ്. 170 വർഷംകൊണ്ട് അന്തരീക്ഷത്തിലേക്കുള്ള കാർബൺ ഉൽസർജനത്തിന്റെ തോത് 180 ഇരട്ടിയായി എന്നർഥം.

കാലാവസ്ഥാവ്യതിയാനം
അന്തരീക്ഷവായുവിലെ കാർബൺഡൈഓക്സൈഡിന്റെ അളവ് പടിപടിയായി കുറയ്ക്കണമെന്ന് 1996ലെ ക്യോട്ടോ ഉടമ്പടി പ്രകാരം തീരുമാനിക്കുകയും ചെയ്തിരുന്നു. പക്ഷേ, അവസാനമില്ലാത്ത ഉൽപ്പാദനപ്പെരുപ്പത്തിൽ ആർത്തിപൂണ്ട മുതലാളിത്തത്തിന് അത് അൽപ്പംപോലും സാധ്യമായിട്ടില്ല. 1996ലെ 390 പിപിഎമ്മിൽനിന്ന് കാർബൺഡൈഓക്സൈഡിന്റെ അളവ് 2018ൽ 410 പിപിഎമ്മിലേക്ക് ഉയരുകയാണ് ചെയ്തത്. എന്നു മാത്രമല്ല, പ്രതിവർഷം ഇതിന്റെ അളവ് ഒരു പിപിഎമ്മിൽ അധികം വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അന്തിമപരിധിയായ 450 പിപിഎം എന്നതിലേക്ക് ഇനി അധികദൂരം ബാക്കിയില്ല.

കാർബൺഡൈഓക്സൈഡിന്റെ അളവിലുണ്ടാകുന്ന അതിഭീമമായ ഈ പെരുപ്പം അന്തരീക്ഷതാപത്തിൽ മാരകമായ വർധനയാണ് ഉണ്ടാക്കുന്നത്. 1850കൾ മുതലുള്ള ഒരു നൂറ്റാണ്ടുകാലത്ത് ഏറെയൊന്നും ഗുരുതരമല്ലാത്ത വർധനയാണ് ഇതിലുണ്ടായതെങ്കിൽ 1950കൾ മുതൽ അതിന്റെ ഗതി മാറി. ഇപ്പോഴത്തെ തോതനുസരിച്ച് ഈ നൂറ്റാണ്ട് അവസാനിക്കുമ്പോൾ അന്തരീക്ഷതാപം നാല് ഡിഗ്രി സെൽഷ്യസ് വർധിക്കുമെന്നാണ് ശാസ്ത്രസമൂഹം കരുതുന്നത്. ആകാവുന്ന പരമാവധി വർധന രണ്ട് ഡിഗ്രി സെൽഷ്യസ് മാത്രമാണെന്നിരിക്കെയാണിത്. ഇപ്പോൾ തന്നെ അത് ഒരു ഡിഗ്രിയിലധികം വർധിച്ചുകഴിഞ്ഞു. കാലാവസ്ഥയുടെ സർവതലങ്ങളിലും വമ്പിച്ച മാറ്റങ്ങൾക്കാണ് ഇത് വഴിവയ്ക്കുക. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകൽ മുതൽ സമുദ്രജലത്തിന്റെ ചൂട്‌ കൂടുന്നതുവരെ ഇതുവഴിയുണ്ടാകും. ഭീമമായ തോതിൽ സമുദ്രജലനിരപ്പുയരുന്നതിനാണ് ഇത് ആദ്യം വഴിവയ്ക്കുക. ഒരു മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ സമുദ്രജലനിരപ്പ് ഉയരുമെന്ന ആശങ്ക ശാസ്ത്രസമൂഹം പങ്കുവയ്ക്കുന്നുണ്ട്. 100 കോടി മനുഷ്യരുടെ ആവാസ സ്ഥാനങ്ങളെ വെള്ളത്തിനടിയിലാക്കാൻ പോന്നതാണിത്. അങ്ങനെ വന്നാൽ മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമുഖം അതായിരിക്കും. അതിലേക്കാണ് നാം പതിയെപ്പതിയെ നടന്നടുക്കുന്നത്.
ചിക്കാഗോ സർവകലാശാലയുടെ കാലാവസ്ഥാ വ്യതിയാന പരീക്ഷണശാല ഇന്ത്യക്കു നൽകിയ മുന്നറിയിപ്പ് 35 ഡിഗ്രി സെൽഷ്യസിലധികം ചൂടുള്ള ദിവസങ്ങൾ 2010ൽ ശരാശരി അഞ്ച് ആയിരുന്നെങ്കിൽ 2050ൽ അത് 15 ആയും 2100ൽ 42 ആയും വർധിക്കുമെന്നാണ്. ഇന്ത്യയിലെ എല്ലാ ജില്ലയിലും ഉണ്ടാകാനിരിക്കുന്ന താപവ്യതിയാനമാണ്‌ ഇതെന്ന് പ്രൊഫ. ആർ സുകുമാർ തന്റെ പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെയും ലോകത്തിലെയും പരമദ്രരിദ്രരായ മനുഷ്യരായിരിക്കും ഇതിന്റെയെല്ലാം വിനാശകരമായ ഫലങ്ങൾ ഏറ്റവുമധികം അനുഭവിക്കേണ്ടിവരിക എന്നതും ഉറപ്പാണ്.

ഏംഗൽസിന്റെ 200–-ാം ജന്മവാർഷികത്തിലൂടെ നാം കടന്നുപോകുന്ന കാലയളവാണിത്. പ്രകൃതിയുടെ വൈരുധ്യാത്മകതയെന്ന സങ്കൽപ്പനം അവതരിപ്പിക്കുന്നതിലൂടെ പ്രകൃതിയും മനുഷ്യനുമെന്ന അർഥശൂന്യമായ വിഭജനത്തെ മറികടന്ന ഒരാളായിരുന്നു ഏംഗൽസ് എന്ന് ജോൺ ബെല്ലമിഫോസ്റ്ററെപ്പോലുള്ള മാർക്സിസ്റ്റ് ചിന്തകർ പിൽക്കാലത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒന്നരനൂറ്റാണ്ടു മുമ്പ്‌, പാരിസ്ഥിതിക വിനാശത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ ഏറെയൊന്നും ഇല്ലാതിരുന്ന ഒരുകാലത്ത് അദ്ദേഹം നൽകിയ താക്കീത് കാലാവസ്ഥാ വ്യതിയാനം വഴി നമുക്ക് അതിതീവ്രമായി അനുഭവവേദ്യമായിക്കൊണ്ടിരിക്കുകയാണ്. ഏംഗൽസ് ചൂണ്ടിക്കാട്ടിയ പ്രകൃതിയുടെ അവസാനത്തെ തട്ടിക്കിഴിക്കലിലേക്ക് ലോകം പടിപടിയായി നീങ്ങുന്നതിന്റെ അടയാളങ്ങൾ നമുക്കുചുറ്റും കാണാം. രണ്ടരനൂറ്റാണ്ടോളമായി വിജയഭേരി മുഴക്കിനിൽക്കുന്ന മുതലാളിത്തത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി മുഹൂർത്തം പ്രകൃതിയുടെ ഈ തട്ടിക്കിഴിക്കലാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. മുതലാളിത്തമെന്ന ജീവിതവ്യവസ്ഥയ്ക്കെതിരായ അവസാനമില്ലാത്ത സമരമേ മനുഷ്യരാശിക്കു മുന്നിൽ അവശേഷിക്കുന്നുള്ളൂ എന്ന് അത് നമ്മെ വീണ്ടും ഓർമപ്പെടുത്തുന്നു; ‘സോഷ്യലിസം അല്ലെങ്കിൽ കിരാതത്വം’ എന്ന് റോസാ ലക്സംബർഗ്‌ എഴുതിയത് ഒട്ടും ആലങ്കാരികമായല്ലെന്നും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top