KeralaLatest NewsNews

പൂട്ടിക്കിടക്കുന്ന ക്ലേ ഫാക്ടറിയില്‍ ആത്മഹത്യ ചെയ്ത തൊഴിലാളിയ്ക്ക് കൊവിഡ്

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്

തിരുവനന്തപുരം : കഴിഞ്ഞ ദിവസം വേളിയിലെ പൂട്ടിക്കിടക്കുന്ന ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ തൊഴിലാളിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രബുലകുമാര്‍ എന്നയാളായിരുന്നു ആത്മഹത്യ ചെയ്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പ്രബുലകുമാറിനെ കമ്പനി അധികൃതര്‍ അപായപ്പെടുത്തിയതാണെന്നാരോപിച്ച് മൃതദേഹം കൊണ്ടു പോകാനുള്ള ശ്രമം തൊഴിലാളി യൂണിയനുകള്‍ മണിക്കൂറുകളോളം തടഞ്ഞിരുന്നു. കുടുംബവുമായി നടന്ന ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം കൊണ്ട് പോകാന്‍ തൊഴിലാളികള്‍ അനുവദിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് പ്രബുല കുമാറിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തത്. സബ് കളക്ടറുടെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്റ്റ്. ഈ സാഹചര്യത്തില്‍ സബ് കളക്ടറും പൊലീസുദ്യോഗസ്ഥരും ക്വാറന്റൈനില്‍ പ്രവേശിച്ചു.

കൂടുതല്‍ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് ശ്രവം നല്‍കിയിരിക്കുകയാണ്. ഇതിന്റെ പരിശോധനാ ഫലം വന്ന ശേഷമാകും മൃതദേഹം വിട്ടു നല്‍കുക. അതേസമയം ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കാരം നടത്താന്‍ മൃതദേഹം വിട്ടുകൊടുക്കാമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ഷര്‍മ്മദ് അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button