കായംകുളം > സമകാലിക വിഷയങ്ങളും കോർത്തിണക്കി ആലാപനശൈലികൊണ്ട് ഹൃദയം കവർന്ന കവി. വിടരാനിരിക്കുന്ന തിരക്കഥയും കവിതയും പാട്ടും തെരുവിൽ അനാഥമാക്കി അനിൽ പനച്ചൂരാൻ വിടവാങ്ങി.
ക്യാമ്പസ് ജീവിതത്തിൽ 19-ാം വയസിൽ പ്രസിദ്ധീകരിച്ച ആദ്യ കവിതാസമാഹാരം "സ്‌പന്ദനങ്ങൾ’ മൂന്നുരൂപയ്‌ക്ക് വിറ്റ് വിശപ്പകറ്റി. ‘വലയിൽ വീണ കിളികൾ’ ആദ്യകവിതയാണ്. പഠനകാലത്താണ് കായംകുളം പട്ടണത്തിലെ മനോനില തെറ്റിയ രണ്ടുസ്‌ത്രീകൾ "അമ്മയും മകളും’ കടത്തിണ്ണയിൽ അഭയം തേടി അലഞ്ഞുനടന്നിരുന്നു. ഇവരുടെ ജീവിതമാണ് " രണ്ടു പേക്കോലങ്ങൾ’ കവിത. "മകൾക്ക്’ എന്ന സിനിമയിൽ അദേഹത്തിന്റെ "അനാഥൻ’ സംവിധായകൻ ജയരാജ് ബാലചന്ദ്രൻ ചുള്ളിക്കാടിനെകൊണ്ട് പാടിച്ചു. തുടർന്നാണ്
ലാൽജോസിന്റെ അറബിക്കഥയിൽ ‘ചോരവീണ മണ്ണിൽനിന്ന്’ പാടി അഭിനയിച്ചത്. എം മോഹനന്റെ മാണക്ക്യക്കല്ല് എന്നിസിനിമയിലും അഭിനയിച്ചതോടെ തിരിഞ്ഞുനോക്കാനാകാവാത്തവിധം പാട്ടെഴുത്തിലേക്ക് കടന്നത്. നിരവധി സിനിമകൾക്ക് പാട്ടെഴുതിക്കൊണ്ടിരിക്കെയാണ് പനച്ചൂരാൻ വിടവാങ്ങിയത്. കൂടാതെ തിരക്കഥ, നോവൽ, കുട്ടികൾക്കുള്ള സിനിമ എന്നിവയുടെ രചനയിലുമായിരുന്നു.
2014ലെ കേരള സർക്കാർ മിനിസ്‌ക്രീൻ അവാർഡ് ജൂറി ചെയർമാനായിരുന്നു. നിലവിൽ വൈലോപ്പിള്ളി സംസ്‌കൃതിഭവൻ വൈസ്ചെയർമാനും സാഹിത്യ അക്കാദമി അംഗവുമാണ്. യേശുദാസ് തെരഞ്ഞെടുത്ത 10 യുഗ്‌മഗാനങ്ങളിൽ ഒരെണ്ണം അനിലിന്റെതാണ്. "ചിറകാർന്ന മൗനവും ചിരിയിലൊതുങ്ങി’ അന്ധനായ മുഹമ്മദ് യൂസഫ് സംഗീതം നൽകിയ പാട്ടാണിത്. ബഹ്‌റൈൻ മലയാളി അവാർഡ് അടക്കം നിരവധി പ്രവാസി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..