തിരുവനന്തപുരം > സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ കുത്തിവയ്‌പിനുള്ള ഡ്രൈ റൺ (മോക് ഡ്രിൽ) വിജയകരം. നാലു ജില്ലയിലാണ് ശനിയാഴ്‌ച രാവിലെ ഒമ്പതുമുതൽ 11 വരെ ഡ്രൈ റൺ നടന്നത്. തിരുവനന്തപുരം പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായിരുന്നു ഡ്രൈ റൺ. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവർത്തകർ വീതം പങ്കെടുത്തു.
വാക്‌സിൻ രജിസ്‌ട്രേഷൻ മുതൽ ഒബ്‌സർവേഷൻവരെ കോവിഡ് വാക്‌സിനേഷൻ നൽകുന്ന നടപടിക്രമങ്ങളെല്ലാം അതുപോലെ പാലിച്ചായിരുന്നു ഡ്രൈ റൺ. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വാക്‌സിൻ വിതരണ ഡ്രൈ റൺ മന്ത്രി കെ കെ ശൈലജ വിലയിരുത്തി.
കോവിഡ് വാക്‌സിനേഷനുള്ള 14 ലക്ഷം ഓട്ടോ ഡിസേബിൾ ഡിസ്‌പോസിബിൾ സിറിഞ്ച് ചെന്നൈയിൽനിന്ന് ശനിയാഴ്‌ച തിരുവനന്തപുരത്തെ സംഭരണ കേന്ദ്രത്തിൽ എത്തിച്ചു. ലാർജ് ഐഎൽആർ 20, വാക്‌സിൻ കാരിയർ 1800, കോൾഡ് ബോക്‌സ് വലുത് 50, കോൾഡ് ബോക്‌സ് ചെറുത് 50, ഐസ് പായ്ക്ക് 12,000 എന്നിവ നേരത്തെ എത്തിച്ചിരുന്നു.
സംസ്ഥാനത്ത് ആദ്യഘട്ടം 3.13 ലക്ഷം പേർക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം > കോവിഡ് വാക്‌സിൻ വിതരണത്തിന് കേരളം വിശദമായ പദ്ധതി തയ്യാറാക്കി. ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്ത 3.13 ലക്ഷം ആരോഗ്യപ്രവർത്തകർക്കാണ് വാക്‌സിൻ നൽകുക. കോവിഡ് വാക്‌സിനായി സർക്കാർ മേഖലയിലെ 4064 സ്ഥാപനത്തിലെയും സ്വകാര്യ മേഖലയിലെ 4557 സ്ഥാപനത്തിലെയും ജീവനക്കാരുമാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. തുടർന്ന് വയോജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കും. ഇതിന് 50 ലക്ഷത്തോളം ഡോസ് വാക്‌സിൻ വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. ഇത്രയും വാക്‌സിൻ ലഭ്യമാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാക്സിൻ സംഭരണത്തിന് 1240 കോൾഡ് ചെയിൻ പോയിന്റ് സജ്ജമാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖല സ്റ്റോറുകളുമുണ്ട്. താഴേതട്ടിൽ കുടുംബാരോഗ്യകേന്ദ്രങ്ങളിൽവരെ വാക്‌സിൻ സംഭരണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..