03 January Sunday

കോവിഡ്‌ വാക്‌സിൻ: ആശാ വർക്കർമാരും അങ്കണവാടി ജീവനക്കാരും ആദ്യ പട്ടികയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 3, 2021

തിരുവനന്തപുരം > കോവിഡ്‌ വാക്‌സിൻ ആദ്യമുൻഗണനാപട്ടികയിൽ ആരോഗ്യപ്രവർത്തകർക്ക്‌ ഒപ്പം ആശാവർക്കർമാരും അങ്കണവാടി ജീവനക്കാരും. മോഡേൺ മെഡിസിൻ, ആയുഷ് മേഖലയിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ സ്ഥിര–താൽക്കാലിക ജോലി ചെയ്യുന്ന എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർ, നേഴ്സിങ്, പാരാ മെഡിക്കൽ ഉൾപ്പെടെ എല്ലാത്തരം മെഡിക്കൽ കോഴ്സുകളും പഠിക്കുന്ന വിദ്യാർഥികൾ,  ഐസിഡിഎസ് ഉദ്യോഗസ്ഥർ എന്നിവരും പട്ടികയിലുണ്ട്‌. 

പൊലീസ്, കേന്ദ്രസായുധസേന, ആർമി, മുനിസിപ്പൽ വർക്കർമാർ എന്നിവരാണ് രണ്ടാം മുൻഗണനാപട്ടികയിലുള്ളത്‌. മൂന്നാമത്തെ വിഭാഗത്തിൽ 50 വയസ്സിനു മുകളിലുള്ളവരാണുള്ളത്. 50 വയസ്സിനു താഴെയുള്ള മാരകരോഗികളാണ് നാലാമത്തെ വിഭാഗം.

കോൾഡ് ചെയിൻ പോയിന്റുകളിൽ വാക്സിൻ സൂക്ഷിക്കാൻ 1589 ചെറിയ ഐസ് ലൈൻഡ് റഫ്രിജറേറ്ററും (ഐഎൽആർ) 69 വലിയ ഐഎൽആറും 1540 ചെറിയ ഡീപ് ഫ്രീസറും 10 വലിയ ഡീപ് ഫ്രീസറും ഒരുക്കി‌. ആറു വാക്ക് ഇൻ കൂളർ, മൂന്നു വാക്ക് ഇൻ ഫ്രീസർ, 155 ഐഎൽആർ, 27 ഡീപ് ഫ്രീസർ, 1800 വാക്സിൻ കാരിയർ, 100 കോൾഡ് ബോക്സ്‌ എന്നിവ കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. കൂടാതെ ആവശ്യമായവ‌ സംസ്ഥാനവും ഒരുക്കി.

ജില്ലകളിലെ കോൾഡ്   ചെയിൻ പോയിന്റുകൾ

തിരുവനന്തപുരം–107, കൊല്ലം–88, പത്തനംതിട്ട–62, ആലപ്പുഴ–89, എറണാകുളം–124, ഇടുക്കി–60, കോട്ടയം–86, തൃശൂർ–116, പാലക്കാട്–103, മലപ്പുറം–117, കോഴിക്കോട്–97, വയനാട്–35, കണ്ണൂർ–108, കാസർകോട്–48.

13,420  വിതരണ സെഷൻ സെന്റർ

ആരോഗ്യവകുപ്പിന്‌ കീഴിൽ നിലവിൽ 6915 വാക്സിനേറ്റർമാരാണുള്ളത്. 14 ജില്ലയിലായി വാക്സിൻ നൽകാൻ സൗകര്യമുള്ള 13,420 സെഷൻ സൈറ്റുണ്ട്. ആദ്യഘട്ടത്തിൽ ഇത്രയും സൗകര്യങ്ങൾ മതിയാകും. 

ഏകോപനം 4 തലത്തിൽ

വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നാലു തലത്തിലുള്ള സമിതികളാണ്‌ കേരളം രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനതല സ്റ്റിയറിങ് കമ്മിറ്റിക്കാണ് നേതൃത്വം. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ കീഴിലാണിത്‌. ഇതിനു കീഴിൽ സംസ്ഥാന, ജില്ല, ബ്ലോക്ക് തലങ്ങളിൽ ടാസ്ക് ഫോഴ്സുകൾ രൂപീകരിച്ചു. ഇതിനു പുറമെ വാക്സിൻ വിതരണത്തിന് ഉപദേശം നൽകാൻ സംസ്ഥാന സർക്കാർ പ്രത്യേക സമിതിക്കു രൂപം നൽകിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top