കിളിമാനൂര്‍ > ദുരന്തവാർത്തയിൽ വിറങ്ങലിച്ചുനിൽക്കുകയാണ് നാവായിക്കുളം നൈനാംകോണത്തെ നാട്ടുകാർ. ശനിയാഴ്ച രാവിലെയാണ് ദുരന്തവാർത്ത എത്തിയത്. മൂത്തമകനെ കഴുത്തറുത്തുകൊന്ന്, ഇളയ മകനെയുമെടുത്ത് സഫീർ കുളത്തിൽ ചാടി മരിച്ചത് ഇപ്പോഴും നാട്ടുകാരിൽ പലർക്കും വിശ്വസിക്കാനായിട്ടില്ല. മദ്യപാനമോ മറ്റു ദുശ്ശീലങ്ങളോ ഇല്ലാത്ത സഫീറിനെപ്പറ്റി നാട്ടുകാർക്ക് നല്ല അഭിപ്രായമാണ്. പട്ടാളംമുക്കിലെ ഓട്ടോ ഡ്രൈവറായ സഫീറിന്റെ മനോനില തെറ്റിയതാകാം കൊടുംപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. നാടിനാകെ വേദനയാകുകയാണ് രണ്ടു കുട്ടികളുടെയും പിതാവിന്റെയും വേർപാട്.
ഭാര്യാസഹോദരൻ സഫീറിനെ അന്വേഷിക്കുന്നതിനിടെയാണ് വലിയ കുളത്തിനു സമീപം ഓട്ടോറിക്ഷയും കൽപ്പടവിൽ വാച്ചും ചെരുപ്പുകളും പഴ്സും കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ, സഫീർ കുളത്തിൽ ചാടിയതായി സംശയിച്ചു. ഓട്ടോറിക്ഷ പരിശോധിച്ചതിൽ മൂത്തമകൻ വീട്ടിലുണ്ടെന്ന കത്തും കിട്ടി. തുടർന്ന് വീട്ടിൽ കല്ലമ്പലം പൊലീസും നാട്ടുകാരുമെത്തി പരിശോധിച്ചു. കിടപ്പുമുറിയിൽ കൈകാലുകൾ കെട്ടി കഴുത്തറ്റ് ചോര വാർന്ന് മരിച്ചനിലയിൽ അൽത്താഫിനെ കണ്ടെത്തി. സ്കൂബാ ടീമും അഗ്നിരക്ഷാസേനയും പതിനൊന്നോടെ സഫീറിന്റെയും ഒന്നോടെ അൻഷാദിന്റെയും മൃതദേഹം കുളത്തിലും കണ്ടെത്തി.
പന്ത്രണ്ടു വർഷമായി സഫീർ നാവായിക്കുളം സ്വദേശി റജീനയെ വിവാഹം കഴിച്ചിട്ട്. ആറുമാസം മുമ്പാണ് സഫീറിന് മാനസികാസ്വാസ്ഥ്യവും സംശയവും മരണഭയവും ഉടലെടുത്തത്. നിരന്തരം റജീനയെ ഉപദ്രവിക്കാൻ തുടങ്ങിയതോടെ സഫീറിനെ ചികിത്സയ്‌ക്കായി മാതാപിതാക്കൾ കൊണ്ടുപോയി. പിന്നീട് ഇവർ വെവ്വേറെയായിരുന്നു താമസം. വെള്ളിയാഴ്ച വൈകിട്ട് സഫീർ ഇവിടെയെത്തി കുട്ടികളെ കൂട്ടി പോവുകയായിരുന്നു. കരുതിക്കൂട്ടിയാണ് ഇയാൾ കൊലപാതകവും തുടർന്ന് ആത്മഹത്യയും നടത്തിയതെന്നാണ് കരുതുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..