ചടയമംഗലം> പൂയപ്പള്ളി ഫെഡറല്‍ബാങ്കിന് സമീപം ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് മുത്തച്ഛനും ചെറുമകനും മരിച്ചു. ഉമ്മന്നൂര്‍ പാറങ്കോട് വിജയമന്ദിരത്തില്‍ മനോഹരന്‍ (63), ഇദ്ദേഹത്തിന്റെ മകള്‍ ഗിരിജയുടെയും കല്ലുവാതുക്കല്‍ നടയ്ക്കല്‍ വയലില്‍വീട്ടില്‍ രാമലിംഗത്തിന്റെയും മകന്‍ ശ്യാം മോഹനന്‍ (19)എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 6.45നായിരുന്നു സംഭവം. വെളിയം ഭാഗത്തുനിന്ന് പൂയപ്പള്ളിയിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു ശ്യാമും മനോഹരനും. ഫെഡറല്‍ബാങ്കിന് സമീപത്തെ വളവില്‍ ബൈക്കിനെ മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ആംബുലന്‍സുമായി സ്‌കൂട്ടര്‍ കൂട്ടിയിടിച്ചു. മനോഹരന്‍ സംഭവസ്ഥലത്തും ശ്യാം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞദിവസം പാറങ്കോട് മനോഹരന്റെ വീട്ടില്‍പോയിരുന്ന ശ്യാം മുത്തച്ഛനെയും കൂട്ടി നടയ്ക്കലിലെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.
പൂയപ്പള്ളി പൊലീസ് മേല്‍നടപടി സ്വീകരിച്ചു. രാജമ്മയാണ് മനോഹന്റെ ഭാര്യ. മക്കള്‍: ഗിരിജ, ഗീത. മരുമക്കള്‍: രാമലിംഗം, മണിലാല്‍.ശ്യാമിന്റെ സഹോദരി: ഗീതു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..