KeralaLatest NewsNews

ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന വിവാദ മിശ്രവിവാഹം അസാധു, സീറോ മലബാര്‍ സഭ

മിശ്രവിവാഹത്തിനെതിനെതിരെ കത്തോലിക്ക സഭ

കൊച്ചി: ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന മിശ്രവിവാഹം അസാധു, സീറോ മലബാര്‍ സഭ. എറണാകുളം കടവന്ത്ര സെന്റ് ജോസഫ്സ് പള്ളിയില്‍ നടന്ന ക്രിസ്ത്യന്‍ മുസ്ലീം മിശ്രവിവാഹം അസാധുവെന്ന് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ട്രിബ്യൂണല്‍ അറിയിച്ചു. ഇരിഞ്ഞാലക്കുട സ്വദേശിനിയായ കത്തോലിക്കാ യുവതിയും കൊച്ചിയിലെ മുസ്ലീം യുവാവും തമ്മിലുള്ള വിവാഹം നവംബര്‍ 9 ന് കടവന്ത്രയിലെ സെന്റ് ജോസഫ് പള്ളിയില്‍ നടന്നത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.

Read Also :‘ഇന്ത്യയെ തൊട്ട് കളിക്കണ്ട’; ചൈനയ്ക്ക് അമേരിക്കയുടെ താക്കീത്, പ്രതിരോധ നയ നിയമം പാസാക്കി

വിവാഹം വിവാദമായതിനു പിന്നാലെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി വിവാഹത്തിന്റെ സാധുത പരിശോധിക്കാന്‍ മൂന്നംഗ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ട്രിബ്യൂണലിനെ നിയോഗിച്ചു. ഇവരുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പള്ളിയില്‍ നടന്ന മിശ്രവിവാഹം അസാധുവെന്ന് കണ്ടെത്തിയത്.

പള്ളിയില്‍ മിശ്രവിവാഹങ്ങള്‍ അപൂര്‍വമല്ലെങ്കിലും ഇതിനുള്ള കാനോനിക നടപടികള്‍ പൂര്‍ത്തീകരിച്ചോ എന്നതുസംബന്ധിച്ച തര്‍ക്കം സാമൂഹികമാധ്യമങ്ങളില്‍ വിവാദമായിരുന്നു. ഡോക്ടര്‍മാരായ യുവാവും യുവതിയും കൊച്ചിയിലെ ആശുപത്രിയില്‍ ഒരുമിച്ചു ജോലിചെയ്യുകയാണ്. ഏതാനും മാസംമുന്‍പ് രജിസ്റ്റര്‍ വിവാഹംചെയ്തശേഷം കടവന്ത്രയിലാണ് താമസം. പെണ്‍കുട്ടിയുടെ ആഗ്രഹപ്രകാരമാണ് പള്ളിയിലും ചടങ്ങുനടത്താന്‍ വീട്ടുകാര്‍ തയാറായത്.

മൂന്നംഗ അന്വേഷണ കമ്മീഷന്‍ പുരോഹിതരില്‍ നിന്നും ബിഷപ്പുമാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് സഭയിലെ വൈദികന്‍ പറയുന്നു. കാനന്‍ നിയമം പാലിച്ചിട്ടില്ലാത്തതിനാല്‍ വിവാഹം അസാധുവാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച കടവന്ത്ര സെന്റ് ജോസഫ് പള്ളി വികാരിയും വധുവിന്റെ ഇടവക വികാരിയും ഗുരുതരമായ വീഴ്ച വരുത്തിയെന്നും കമ്മീഷന്‍ കണ്ടെത്തി.അതേസമയം എറണാകുളംഅങ്കമാലി, ഇരിങ്ങാലക്കുട ബിഷപ്പുമാര്‍ക്ക് വിവാഹത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മിശ്രവിവാഹങ്ങള്‍ നടത്തുമ്പോള്‍ കത്തോലിക്ക വിശ്വാസിയുടെ മാതൃഇടവകയില്‍നിന്ന് രൂപതമെത്രാന്റെ അനുമതിവാങ്ങി വിവാഹം നടക്കുന്ന പള്ളിയിലേക്ക് കുറിനല്‍കണം. പെണ്‍കുട്ടിയുടെ ഇടവകയില്‍നിന്ന് നല്‍കിയ കുറിയില്‍ വിവാഹം ആശിര്‍വദിക്കുന്നതിനു തടസ്സമില്ലെന്നും സഭാനടപടികള്‍ അവിടെ പൂര്‍ത്തീകരിക്കുമല്ലോ എന്നുമാണ് ഉണ്ടായിരുന്നത്. വധുവിന്റെ വികാരിയും മെത്രാനുംകൂടി തടസ്സങ്ങള്‍ നീക്കിയെന്നു കരുതിയതിനാലാണ് വിവാഹം നടത്തിക്കൊടുത്തതെന്നു കടവന്ത്ര വികാരി ഫാ. ബെന്നി മാരാംപറമ്പില്‍ മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനു നല്‍കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

വിവാഹം സഭാവൃത്തങ്ങള്‍ക്കിടയില്‍ വന്‍ വിവാദമായതിനെത്തുടര്‍ന്ന് എറണാകുളം, ഇരിങ്ങാലക്കുട മെത്രാന്‍മാര്‍ പരസ്പരം സംസാരിച്ചു പെണ്‍കുട്ടിയെ കടവന്ത്ര ഇടവകയില്‍ച്ചേര്‍ത്ത് പുതിയ അപേക്ഷവാങ്ങി വിവാഹം സാധുവാക്കാന്‍ ആലോചനയുണ്ടായിരുന്നു. ഈ ഘട്ടത്തിലാണു വിഷയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രിബ്യൂണല്‍ അന്വേഷിക്കട്ടെയെന്നു തീരുമാനിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button