ന്യൂഡൽഹി > കൊടുംതണുപ്പിനിടെ എത്തിയ കനത്ത മഴയെ വകവയ്‌ക്കാതെ കർഷകരോഷം ആളിക്കത്തി. ഞായറാഴ്‌ച പുലർച്ചെമുതൽ പെയ്‌ത മഴയിൽനിന്ന് രക്ഷനേടാൻ സ്വയം മാർഗങ്ങൾ അവലംബിച്ച് കർഷകർ സമരം തുടർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ മഴ പെയ്‌തപ്പോൾ സ്ഥാപിച്ച കൂടാരങ്ങൾ കർഷകർക്ക് തുണയായി.
സമരകേന്ദ്രങ്ങളിൽ വെള്ളംകയറിയത് ദുരിതം സൃഷ്ടിച്ചെങ്കിലും കർഷകരുടെ നിശ്‌ചയദാർഢ്യത്തിനുമുന്നിൽ അതൊന്നും നീണ്ടുനിന്നില്ല. മണിക്കൂറുകൾക്കുള്ളിൽ കർഷകവളന്റിയർമാർ വെള്ളം മുഴുവൻ ഒഴുക്കിക്കളഞ്ഞു. സിൻഘുവിലും ബുറാഡിയിലും ഡൽഹി–-നോയിഡ അതിർത്തിയായ ചില്ലയിലും ഇതായിരുന്നു കാഴ്‌ച.
കർഷകരുടെ ദുരിതത്തിനും ത്യാഗത്തിനും മുന്നിൽ കേന്ദ്രം നിർവികാരമായി നിൽക്കരുതെന്ന് അഖിലേന്ത്യ കിസാൻസംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ച് സമരം മുന്നോട്ടുകൊണ്ടുപോകും. മൂന്ന് നിയമവും സർക്കാർ പിൻവലിക്കണം. ഇതിനായി തൽക്കാലം ഓർഡിനൻസ് ഇറക്കിയാൽ മതിയാകും; പിന്നീട് പാർലമെന്റിൽ ബില്ലുകൾ പാസാക്കണം. ഇതിന് അധിക സമയം ആവശ്യമില്ല. ബിജെപി സർക്കാരിന് ഇതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടോ എന്നതാണ് വിഷയം. സർക്കാർ കോർപറേറ്റുകൾക്ക് ഒപ്പമാണോ കർഷകരുടെ കൂടെയാണോ എന്നതാണ് ചോദ്യം.
സമരം നേരിടാൻ ബദൽ മാർഗങ്ങൾ തേടുന്ന സർക്കാർതന്ത്രം പരാജയപ്പെടും. . സമരകേന്ദ്രങ്ങളിൽ കർഷകർ ജീവത്യാഗം ചെയ്യുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്ന് കോ–-ഓർഡിനേഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് മഹത്തായ സംഭാവന നൽകിയ സാവിത്രി ബായി ഫുലെയുടെ ജന്മവർഷികം കർഷകരും മഹിളകളും ധൈഷണികരും വിദ്യാർഥികളും സമുചിതമായി ആചരിച്ചു. ഇതിനിടെ, മൂന്ന് കാർഷികനിയമവും പിൻവലിക്കാൻ ലളിതമായ നടപടിക്രമം മതിയെന്ന് കർഷകസംഘടനകൾക്ക് നിയമോപദേശം ലഭിച്ചു.
ഇന്ന് ഏഴാം വട്ട ചർച്ച
കർഷകസംഘടനകളുടെ പ്രതിനിധികളും കേന്ദ്ര മന്ത്രിമാരും തമ്മിൽ ഏഴാം വട്ട ചർച്ച തിങ്കളാഴ്‌ച നടക്കും. മൂന്ന് കാർഷികനിയമവും പിൻവലിക്കണമെന്ന ആവശ്യം അംഗീകരിച്ച് സമരം ഒത്തുതീർക്കണമെന്ന് സംയുക്ത കർഷകമുന്നണി അന്ത്യശാസനം നൽകി.
കർഷകദ്രോഹ വൈദ്യുതി ബിൽ പിൻവലിക്കുക, രാജ്യതലസ്ഥാന മേഖലയിലെ മലിനീകരണം തടയൽ ഓർഡിനൻസിന്റെ പരിധിയിൽനിന്ന് കർഷകരെ ഒഴിവാക്കുക എന്നീ ആവശ്യങ്ങളിൽ കഴിഞ്ഞ ചർച്ചയിൽ ധാരണയായി. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ രേഖാമൂലം ഉറപ്പുനൽകിയിട്ടില്ല.
ഇന്നത്തെ ചർച്ച വിജയിച്ചില്ലെങ്കിൽ ഡൽഹി–-മനേസർ–-പൽവാൽ എക്‌സ്‌പ്രസ് വേയിൽ മാർച്ച് നടത്തുമെന്ന് സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. 26നു ഡൽഹിയിൽ കർഷകരുടെ റിപ്പബ്ലിക് പരേഡും നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..