ന്യൂഡൽഹി > ഓഹരി ഇടപാടുകളിൽ തിരിമറി നടത്തിയതിന് റിലയൻസ് ഇൻഡസ്‌ട്രീസിനും ചെയർമാൻ മുകേഷ് അംബാനിക്കും സെബി(സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) 40 കോടി രൂപ പിഴയിട്ടു. 2007 നവംബറിൽ റിലയൻസ് പെട്രോളിയത്തിന്റെ ഓഹരിവ്യാപാരത്തിൽ തട്ടിപ്പ് കാട്ടിയതിനാണ് ശിക്ഷാനടപടി. കമ്പനി 25 കോടിയും മുകേഷ് അംബാനി 15 കോടിയും പിഴ ഒടുക്കണം.
റിലയൻസ് പെട്രോളിയത്തിന്റെ 4.1 ശതമാനം ഓഹരിവിൽക്കാൻ 2007 മാർച്ചിൽ തീരുമാനിച്ചു. റിലയൻസ് ഇൻഡസ്‌ട്രീസ് നിയമിച്ച 12 ഏജന്റുമാർ നവംബർ ഒന്നുമുതൽ ഈ ഓഹരി കൈമാറ്റം നിയന്ത്രിച്ചു. കൃത്രിമ ആവശ്യം സൃഷ്ടിച്ച് വിൽപനയിൽ ഏജന്റുമാർ വൻ ആദായമുണ്ടാക്കി. മുൻകരാർ പ്രകാരം ഈ ലാഭം ഏജന്റുമാർ റിലയൻസ് ഇൻഡസ്‌ട്രീസിന് നൽകി. തട്ടിപ്പിന് കമ്പനി മാനേജിങ് ഡയറക്ടർ എന്ന നിലയിൽ മുകേഷ് അംബാനി നേരിട്ട് ഉത്തരവാദിയാണെന്ന് സെബി ഉത്തരവിൽ പറഞ്ഞു. 2007 നവംബർ മുതൽ 12 ശതമാനം വാർഷികപലിശ സഹിതം 447.27 കോടി രൂപ റിലയൻസ് ഇൻഡസ്‌ട്രീസ് തിരിച്ചടയ്‌ക്കണമെന്ന് 2017ൽ സെബി ഉത്തരവിട്ടിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ പിഴ വിധിച്ചത്.
പൊതുനിക്ഷേപകരെ ഇരുട്ടിൽനിർത്തിയാണ് കമ്പനി തട്ടിപ്പ് നടത്തിയത്. ഉടനടി പണം നൽകിയും അവധിവ്യാപാരം വഴിയും ഓഹരി വാങ്ങുന്നവർക്ക് ഇതിൽ നഷ്ടം സംഭവിച്ചു. വിപണിയിലെ തട്ടിപ്പുകൾക്ക് നിക്ഷേപകർ ഇരയാകുന്നത് അനുവദിക്കാൻ കഴിയില്ല. 45 ദിവസത്തിനകം പിഴ അടയ്‌ക്കണം. ഓഹരി തട്ടിപ്പിന് റിലയൻസിനെ സഹായിച്ച ഏജന്റുമാരിൽ ഒരാൾക്ക് ഫണ്ട് നൽകിയ നവി മുംബൈ പ്രത്യേക സാമ്പത്തിക മേഖല കമ്പനിയും മുംബൈ പ്രത്യേക സാമ്പത്തിക മേഖല കമ്പനിയും യഥാക്രമം 20 കോടി, 10 കോടി വീതം പിഴ നൽകണമെന്നും സെബി ഉത്തരവിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..