കോഴിക്കോട് > ഉയർന്നുതാഴുന്ന തിരകൾക്കൊപ്പം കുതിക്കുന്ന വാട്ടർബൈക്കിലും സ്‌പീഡ് ബോട്ടിലും കടലിലൂടെ ഒരു യാത്ര. ജലകായിക പ്രേമികളെ മാത്രമല്ല, വിനോദ സഞ്ചാരികളെയും ആവേശം കൊള്ളിക്കുന്ന ‘വാട്ടർ സ്‌പോർട്‌സ്’ ആസ്വദിക്കാൻ ജില്ലയിൽ സൗകര്യം. കാപ്പാട്, ബേപ്പൂർ, വടകര സാൻഡ് ബാങ്ക്സ് ബീച്ചുകളിലാണ് പുത്തൻ പദ്ധതി വരുന്നത്.
ജലവിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് നൂതന ആശയവുമായി എത്തിയത്. ഇതിനായി ജലവിനോദവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്ന് താൽപ്പര്യപത്രം ക്ഷണിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ മൂന്നിടത്തും വാട്ടർ സ്‌പോട്‌സ് ആരംഭിക്കുമെന്ന് ഡിടിപിസി സെക്രട്ടറി സി പി ബീന പറഞ്ഞു.
നാല് വർഷം മുമ്പ് കോഴിക്കോട് ബീച്ചിൽ ജില്ലാ ഭരണകേന്ദ്രം, തുറമുഖ വകുപ്പ്, ഡിടിപിസി എന്നിവയുടെ സഹകരണത്തിൽ പദ്ധതി ആരംഭിച്ചതാണ്. എരോത്ത് വാട്ടർ അഡ്വഞ്ചർ സ്‌പോർട്‌സാണ് സാഹസിക വാട്ടർ സ്‌പോട്‌സിന് നേതൃത്വം നൽകുന്നത്. ഇതിനുപുറമെയാണ് കൂടുതൽ ബീച്ചുകളിലേക്ക് വ്യാപിപ്പിക്കുന്നത്.
ശുചിത്വവും പരിപാലന മികവും പരിഗണിച്ച് ബ്ലൂ ഫ്ലാഗ് പദവി നേടിയ കാപ്പാട് മലിനീകരണത്തിനിടയാക്കാത്ത രീതിയിലുള്ള ജല കായിക ഇനങ്ങളാണ് ഏർപ്പെടുത്തുക. ജെറ്റ്‌സ്‌കി (വാട്ടർ ബൈക്ക്), സ്‌പീഡ് ബോട്ട്, ബനാന ബൈക്ക്, ഇരുന്നും നിന്നും ഉപയോഗിക്കാൻ കഴിയുന്ന റിങ്കോ, റെസ്‌ക്യൂ ബോട്ട് തുടങ്ങിയവയാണ് ഒരുങ്ങുക. ഇതിൽ ഏതൊക്കെ ഇനങ്ങളാണ് നടപ്പാക്കുക, നടത്തിപ്പ് രീതി എന്നിവയിൽ തുടർ നടപടികൾ അടുത്ത ഘട്ടത്തിൽ തീരുമാനിക്കും. താൽപ്പര്യപത്രം 14ന് പകൽ മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍ : 0495 2720012.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..