03 January Sunday

കോവിഷീൽഡിന്‌ പാർശ്വഫലങ്ങൾ ഇല്ലെന്ന്‌ ‌ റിപ്പോർട്ട്‌; സ്വകാര്യവിപണിയില്‍ 800 രൂപവരെ വിലയാകും

വെബ് ഡെസ്‌ക്‌Updated: Sunday Jan 3, 2021

ന്യൂഡൽഹി > ഓക്‌സ്‌ഫഡ്‌ സർവകലാശാലയും ബ്രിട്ടീഷ്‌–-സ്വീഡിഷ്‌ ബഹുരാഷ്ട്ര മരുന്നുകമ്പനിയായ ആസ്‌ട്രാസെനെക്കയും  സംയുക്തമായി വികസിപ്പിച്ച വാക്‌സിന്‌ കാര്യമായ പാർശ്വഫലങ്ങൾ ഇല്ലെന്നാണ്‌ റിപ്പോർട്ട്‌. 

ഈ വാക്‌സിൻ വേഗത്തിൽ ആന്റിബോഡിയും ടി സെല്ലുകളും ഉൽപ്പാദിപ്പിച്ച്‌ സാർസ്‌–-കോവ്‌–-2 വൈറസിന്‌ എതിരെ ദീർഘകാല പ്രതിരോധശേഷി നൽകുമെന്നാണ്‌ അവകാശവാദം. പരീക്ഷണവേളകളിൽ ഒരുമാസത്തിന്റെ ഇടവേളയിൽ രണ്ട്‌ ഫുൾഡോസ്‌ എടുത്തവർക്ക്‌ 62 ശതമാനവും കുറഞ്ഞ അളവിൽ ആദ്യഡോസും അതിന്‌ പിന്നാലെ ഫുൾഡോസും എടുത്തവർക്ക്‌ 90 ശതമാനവും ഫലസിദ്ധി റിപ്പോർട്ട്‌ ചെയ്‌തിരുന്നു. മൊത്തം ശരാശരി ഫലസിദ്ധി 70 ശതമാനത്തോളമുണ്ട്‌.

രണ്ടുമുതൽ എട്ട്‌ ഡിഗ്രിയിൽ സൂക്ഷിക്കാൻ കഴിയുമെന്നതും‌ നേട്ടമാണ്‌. വൻതോതിൽ സംഭരിക്കാനും വിവിധ കേന്ദ്രങ്ങളിലേക്ക്‌ കൊണ്ടുപോകാനും എളുപ്പമായത് കൊണ്ടുകൂടിയാണ്‌ കോവിഷീൽഡ്‌ അംഗീകരിക്കപ്പെട്ടത്‌. പുണെയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യയാണ്‌ (എസ്‌ഐഐ) രാജ്യത്ത്‌ ഓക്‌സ്‌ഫഡ്‌ വാക്‌സിൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ്‌ നേടിയിട്ടുള്ളത്‌.  കേന്ദ്രസർക്കാരിന്‌ രണ്ട്‌ ഡോസ്‌ 440 രൂപ നിരക്കിൽ നൽകുമെന്ന്‌ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ സിഇഒ അറിയിച്ചിട്ടുണ്ട്‌.

നിലവിൽ വാക്‌സിൻ സ്വകാര്യവിപണിയിൽ എത്തിയിട്ടില്ല. സർക്കാർ അനുമതിയോടെ അത്‌ സ്വകാര്യവിപണിയിൽ എത്തിയാൽ രണ്ട്‌ ഡോസിന്‌ 700- 800 രൂപ വില വരുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ 30 കോടി പേർക്ക്‌ കുത്തിവയ്‌പ്‌ നടത്താനാണ്‌ സർക്കാർ ശ്രമം.

ഡ്രൈറൺ വിജയം:‌ കേന്ദ്രം

സ്വന്തം ലേഖകൻ
ന്യൂഡൽഹി > കോവിഡ്‌ പ്രതിരോധയജ്ഞത്തിന്‌ മുന്നോടിയായി രാജ്യമുടനീളം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വാക്‌സിൻ ഡ്രൈറൺ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ നഗര, ഗ്രാമങ്ങളിലെ 285 സെഷൻ സൈറ്റിൽ ഡ്രൈറൺ നടത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും ഭാഗമാക്കുന്ന രീതിയിൽ 125 ജില്ലയിലേക്ക്‌‌ ഡ്രൈറൺ വ്യാപിപ്പിച്ചതായും മന്ത്രാലയം അവകാശപ്പെട്ടു.  
രാജ്യത്ത്‌ കോവിഡ്‌ പ്രതിരോധയജ്ഞത്തിനായി വിശദമായ മാർഗരേഖകൾ പുറപ്പെടുവിച്ചിട്ടുണ്ട്‌. അവ പ്രായോഗികമാക്കുമ്പോൾ സംഭവിക്കാനിടയുള്ള പിഴവുകൾ കണ്ടെത്താനാണ്‌ വാക്‌സിൻ റിഹേഴ്‌സൽ എന്ന്‌ വിശേഷിപ്പിക്കാവുന്ന ഡ്രൈറൺ സംഘടിപ്പിക്കുന്നത്‌.
● ഡൽഹി
ഡൽഹിയിൽ ഷാഹ്‌ദരയിലെ ജിടിബി ആശുപത്രി, ദരിയാഗഞ്ചിലെ അർബൻ ഹെൽത്ത്‌ സെന്റർ, ദ്വാരകയിലെ വെങ്കടേശ്വർ ആശുപത്രി എന്നിവിടങ്ങളിലായിരുന്നു‌ ഡ്രൈറൺ‌. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‌വർദ്ധൻ, ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ തുടങ്ങിയവർ മേൽനോട്ടം വഹിച്ചു. ഡൽഹിയിൽ വാക്‌സിനേഷൻ ആദ്യഘട്ടത്തിൽ മുൻഗണനാടിസ്ഥാനത്തിൽ 51 ലക്ഷം പേർക്കാണ്‌ കുത്തിവയ്‌പ്‌ നടത്തേണ്ടത്‌.
● മഹാരാഷ്ട്ര
നാഗ്‌പുർ, ജാൽനാ, പുണെ, നന്ദുർബാർ എന്നിവിടങ്ങളിൽ ഡ്രൈറൺ നടന്നു. യഥാർഥ പ്രതിരോധയജ്ഞത്തിന്‌ സംസ്ഥാനം പൂർണസജ്ജമാണെന്ന്‌ ആരോഗ്യമന്ത്രി രാജേഷ്‌ തോപ്പെ പ്രതികരിച്ചു. തെരഞ്ഞെടുപ്പ്‌ കമീഷൻ പോളിങ് നടപടിക്രമങ്ങളെ മാതൃകയാക്കിയാണ്‌ സംസ്ഥാനത്ത്‌ കുത്തിവയ്‌പ്‌ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചറിയൽ രേഖ നോക്കി വാക്‌സിൻ എടുക്കേണ്ട ആളെ തിരിച്ചറിയുന്നു, വാക്‌സിൻ സജ്ജീകരിക്കുന്നു, കുത്തിവയ്‌പ്‌ നടത്തുന്നു, അതിനുശേഷം കുത്തിവയ്‌പ്‌ ലഭിച്ച ആളെ അൽപ്പസമയം നിരീക്ഷണത്തിൽ സൂക്ഷിച്ചശേഷം പോകാൻ അനുവദിക്കുന്നു.
● ഉത്തർപ്രദേശ്‌
ലഖ്‌നൗവിൽ ആറിടത്തായിരുന്നു‌ ഡ്രൈറൺ‌. സഹാറാആശുപത്രി, ആർഎംഎൽ ആശുപത്രി, കിങ് ജോർജ്‌സ്‌ മെഡിക്കൽ യൂണിവേഴ്‌സിറ്റി, എസ്‌ജിപിജിഐ എന്നിവിടങ്ങളിൽ ഡ്രൈറൺ നടന്നു. ഓരോ കേന്ദ്രത്തിലും 50 പേർക്ക്‌ വീതം കുത്തിവയ്‌പിനുള്ള സൗകര്യം ഒരുക്കി. ചൊവ്വാഴ്‌ചമുതൽ സംസ്ഥാനവ്യാപകമായി ഡ്രൈറൺ സംഘടിപ്പിക്കുമെന്ന്‌ ആരോഗ്യവകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി അമിത്‌മോഹൻ പ്രസാദ്‌ അറിയിച്ചു.
● തെലങ്കാന
സംസ്ഥാനത്ത്‌ തെരഞ്ഞെടുക്കപ്പെട്ട ഏഴിടത്തായിരുന്നു‌ വാക്‌സിൻ ഡ്രൈറൺ. ഹൈദരാബാദിലായിരുന്നു നാല്‌ കേന്ദ്രം. ബാക്കിയുള്ള മൂന്ന്‌ കേന്ദ്രം മഹബൂബ്നഗർ ജില്ലയിലും. ‌പ്രതിരോധയജ്ഞം ലക്ഷ്യമിട്ട്‌ 10,000ത്തോളം ഡോക്ടർമാർക്കും മറ്റ്‌ ആരോഗ്യപ്രവർത്തകർക്കും വിദഗ്‌ധപരിശീലനം നൽകിയതായി ആരോഗ്യമന്ത്രി ഇറ്റേല രാജേന്ദർ അറിയിച്ചു.
● തമിഴ്‌നാട്‌
തമിഴ്‌നാട്ടിലെ ചെന്നൈ, നീലഗിരി, തിരുനെൽവേലി, പൂനാമല്ലി, കോയമ്പത്തൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ആശുപത്രികളിലായിരുന്നു ഡ്രൈറൺ. കോവിഡ്‌ പ്രതിരോധയജ്ഞത്തിനായി വികസിപ്പിച്ച കോ–-വിൻ ആപ്ലിക്കേഷന്റെ പ്രവർത്തനം, ഇന്റർനെറ്റ്‌ ലഭ്യത, പ്രതികൂലസാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചു.
● അസം
ഗുവാഹത്തി മെഡിക്കൽകോളേജ്‌, സോണാപുർ സിവിൽ ആശുപത്രി, ഖാനാപാര സ്‌റ്റേറ്റ്‌ ഡിസ്‌പെൻസറി എന്നിവിടങ്ങളിൽ ഡ്രൈറൺ നടത്തി. യഥാർഥ പ്രതിരോധ യജ്ഞം തുടരുംവരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇനിയും ഡ്രൈറണ്ണുകൾ സംഘടിപ്പിക്കുമെന്ന്‌ നാഷണൽ ഹെൽത്ത്‌ മിഷൻ ഡയറക്ടർ എസ്‌ ലക്ഷ്‌മണൻ പ്രതികരിച്ചു.
● പശ്‌ചിമബംഗാൾ
നോർത്ത്‌ 24 പർഗനാ ജില്ലയിലെ അംദാങ്ക, മധ്യംഗ്രാം, ദത്താബാദ്‌ എന്നിവിടങ്ങളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ഡ്രൈറൺ സംഘടിപ്പിച്ചു. 75 ഓളം ആരോഗ്യപ്രവർത്തകർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top