ആത്മഹത്യക്ക് ശ്രമിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ടി വിജിത്ത് ഗുരുതരാവസ്ഥയിൽ തുടരുന്നു. വെന്റിലേറ്ററിൽനിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അപകടനില തരണംചെയ്‌തില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ബുധനാഴ്ച പ്രസിഡന്റായി ചുമതലയേറ്റ മുസ്ലിംലീഗ് പ്രതിനിധിയായ വിജിത്ത് വ്യാഴാഴ്ച രാവിലെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കോൺഗ്രസ് പ്രവർത്തകനായിരുന്ന വിജിത്തിനെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷമാണ് മുസ്ലിംലീഗിൽ അംഗത്വം നൽകി പട്ടികജാതി സംവരണ വാർഡിൽ മത്സരിപ്പിച്ചത്. ലീഗിലെ ഒരു വിഭാഗം ഇതിനെ എതിർത്തിരുന്നു. ദളിത് ലീഗുകാരെ തഴഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. വിജിത്തിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കാത്ത ഇവർ മറ്റൊരു വാർഡിൽ പട്ടികജാതി വിഭാഗത്തിലെ വനിതയെയും മത്സരിപ്പിച്ചു. ഇരുവരും ജയിച്ചതോടെ പ്രസിഡന്റ് പദവി ആർക്ക് നൽകണമെന്ന കാര്യത്തിലും തർക്കം ഉടലെടുത്തു. ഈ സമ്മർദം വിജിത്തിനെ മാനസികമായി തളർത്തി. സമ്മർദമുണ്ടായിരുന്നതായി വിജിത്തിന്റെ അമ്മ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. തേഞ്ഞിപ്പലം എസ്ഐ പി ബാബുരാജ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും മൊഴിയെടുക്കാൻ കഴിഞ്ഞില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..