Latest NewsNewsIndia

‘എന്റെ ശരീരം വിറ്റ് വൈദ്യുതി കുടിശ്ശിക തീര്‍ക്കു’; പ്രധാനമന്ത്രിക്ക് കത്തെഴുതിവച്ച്‌ കര്‍ഷകന്‍ ജീവനൊടുക്കി

വിളയെല്ലാം നശിച്ചതിനെത്തുടര്‍ന്നാണ് ബില്‍ അടയ്ക്കുന്നതിന് പ്രതിസന്ധി സൃഷ്ടിച്ചത്.

ഭോപ്പാല്‍: വൈദ്യുതി വിതരണ കമ്പനി നിരന്തരം വേട്ടയാടുന്നതില്‍ മനംനൊന്ത് യുവകര്‍ഷകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിവച്ച്‌ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഛത്തര്‍പൂരിലെ ഒരു ഗ്രാമത്തിലാണ് വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരില്‍ അധികാരികള്‍ കനിവ് കാട്ടാത്തതുമൂലം ഒരു മനുഷ്യജീവന്‍ നഷ്ടമായത്. 35കാരനായ മുനേന്ദ്ര രജപുത് ആണ് മരണപ്പെട്ടത്. ‘ എന്റെ ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും വിറ്റ് വൈദ്യുതി കുടിശ്ശിക തീര്‍ക്കുന്നതിന് മൃതദേഹം സര്‍ക്കാരിന് കൈമാറണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചു.

മുനേന്ദ്രയ്ക്ക് ധാന്യം പൊടിക്കുന്ന മില്ലായിരുന്നു ഏക ഉപജീവന മാര്‍ഗം. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ വൈദ്യുതി ബില്‍ കൃത്യമായി അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. വിളയെല്ലാം നശിച്ചതിനെത്തുടര്‍ന്നാണ് ബില്‍ അടയ്ക്കുന്നതിന് പ്രതിസന്ധി സൃഷ്ടിച്ചത്. എന്നാല്‍, വൈദ്യുതി വിതരണ കമ്പനിയായ (ഡിസ്‌കോം) 87,000 രൂപ കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയായിരുന്നു. ഇതിന് കഴിയാതെ വന്നതോടെ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ മില്ലും മോട്ടോര്‍ സൈക്കിളും കമ്ബനി കണ്ടുകെട്ടിയതായി മുനേന്ദ്രയുടെ കുടുംബം ആരോപിച്ചു.

Read Also: കേന്ദ്രം പണമീടാക്കിയാലും ഇല്ലെങ്കിലും കേരളത്തില്‍ വാക്സിൻ സൗജന്യം’: നിലപാടില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി

എന്നാൽ വലിയ രാഷ്ട്രീയക്കാരും ബിസിനസുകാരും അഴിമതി നടത്തുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ യുവകര്‍ഷകന്‍ കുറിച്ചു. അവര്‍ വായ്പയെടുക്കുകയാണെങ്കില്‍ തിരിച്ചടയ്ക്കാന്‍ മതിയായ സമയം ലഭിക്കുന്നു. അല്ലെങ്കില്‍ വായ്പ എഴുതിത്തള്ളുന്നു. എന്നാല്‍, ഒരു ദരിദ്രന്‍ ചെറിയ തുക പോലും വായ്പയെടുക്കുകയാണെങ്കില്‍ എന്തുകൊണ്ടാണ് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതെന്ന് സര്‍ക്കാര്‍ ഒരിക്കലും അദ്ദേഹത്തോട് ചോദിക്കില്ല. പകരം പരസ്യമായി അപമാനിക്കപ്പെടുന്നു- കര്‍ഷകന്റെ കുറിപ്പ് ഇങ്ങനെയാണ് അവസാനിക്കുന്നത്. മരണപ്പെട്ട മുനേന്ദ്ര രജപുതിന് മൂന്ന് പെണ്‍മക്കളും 16 വയസ്സിന് താഴെയുള്ള ഒരു മകനുമുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button