02 January Saturday
കർഷകരും തൊഴിലാളികളും വിദ്യാർഥി–-യുവജനങ്ങളും സ്‌ത്രീകളും

കർഷകർക്ക്‌ പിന്തുണയുമായി ലക്ഷങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 2, 2021

കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി അങ്കണവാടി ആശ വർക്കർമാർ സിൻഘുവിൽ നടത്തിയ പ്രകടത്തിന്‌ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ നേതൃത്വം നൽകുന്നു ‌


ന്യൂഡൽഹി
പുതുവർഷപ്പിറവിയിൽ കർഷകപ്രക്ഷോഭത്തിന്‌ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ ദശലക്ഷങ്ങൾ. രാജ്യമെമ്പാടും പതിനായിരക്കണക്കിന്‌ കേന്ദ്രങ്ങളിൽ ഭരണഘടനയുടെ ആമുഖം ചൊല്ലി. കർഷകദ്രോഹ, ജനവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടു. കർഷകരും തൊഴിലാളികളും വിദ്യാർഥി–-യുവജനങ്ങളും സ്‌ത്രീകളും പങ്കെടുത്തു.

ഡൽഹി അതിർത്തിയിലെ സമരകേന്ദ്രമായ സിൻഘുവിൽ ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ നൂറുകണക്കിന്‌ അങ്കണവാടി, ആശ, ഉച്ചഭക്ഷണപദ്ധതി തൊഴിലാളികൾ ഐക്യദാർഢ്യ റാലി നടത്തി. പഞ്ചാബ്‌, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള സ്‌ത്രീ തൊഴിലാളികളാണ്‌ പ്രധാനമായും പങ്കെടുത്തത്‌.  സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, സെക്രട്ടറി എ ആർ സിന്ധു, അഖിലേന്ത്യ കിസാൻസഭ ജോയിന്റ്‌ സെക്രട്ടറി വിജു കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
ഭക്ഷ്യധാന്യം മദ്യഉൽപ്പാദനത്തിന്‌ നല്‍കരുത്

ഭക്ഷ്യധാന്യശേഖരം മദ്യഉൽപ്പാദനത്തിന്‌ നൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ അഖിലേന്ത്യ കിസാൻസംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി അപലപിച്ചു. രാജ്യത്ത്‌ അധിക ഭക്ഷ്യധാന്യശേഖരമുണ്ടെന്ന പേരിലാണ്‌ ഈ തീരുമാനം. എന്നാൽ, ആഗോളവിശപ്പ്‌ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഏറ്റവും മോശമായ നിലയിലാണ്‌. ദരിദ്രരോടുള്ള സർക്കാരിന്റെ അവഗണനയിൽനിന്നാണ്‌‌ ഭക്ഷ്യധാന്യം മദ്യഉൽപ്പാദനത്തിനു നൽകാനുള്ള തീരുമാനം. പുതിയ കാർഷികനിയമങ്ങൾ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ തകർക്കും.

കോർപറേറ്റ്‌ അനുകൂല ബുദ്ധിജീവികൾ മുന്നോട്ടുവയ്‌ക്കുന്ന ഒത്തുതീർപ്പ്‌ ഫോർമുല കർഷകർക്ക്‌ സ്വീകാര്യമല്ലെന്നും മൂന്ന്‌ നിയമവും പിൻവലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ഹരിയാന സ്തംഭിപ്പിക്കും
ഈ മാസം നാലിന് കേന്ദ്രസർക്കാരുമായി നടക്കാനിരിക്കുന്ന ചർച്ച പരാജയപ്പെട്ടാൽ ഹരിയാനയിലെ മാളുകളും പെട്രോൾപമ്പുകളും പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഹരിയാനയിലെ കർഷകനേതാക്കളുടെ പ്രഖ്യാപനം. ചർച്ച പരാജയപ്പെട്ടാൽ, ഹരിയാനയെ നിശ്ചലമാക്കുന്ന പ്രക്ഷോഭം പ്രഖ്യാപിക്കുമെന്ന് കർഷകനേതാവ് വികാസ് പറഞ്ഞു. ചർച്ചയിൽ കാര്യമായ തീരുമാനങ്ങളുണ്ടായില്ലെങ്കിൽ ജനുവരി ആറിന് വീണ്ടും കർഷകരുടെ ട്രാക്ടർ മാർച്ച് ഉണ്ടാകുമെന്ന് കർഷകനേതാവ് യുവധീർ സിങ് പറഞ്ഞു.

തമിഴ്നാട്ടിലും സഭചേരണമെന്ന് സ്റ്റാലിൻ
കേരളത്തിനു പിന്നാലെ കേന്ദ്ര കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രമേയം പാസാക്കാൻ തമിഴ്‌നാട്ടിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. ഡൽഹി അതിർത്തിയിൽ പ്രക്ഷോഭരംഗത്തുള്ള കർഷകർക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഏകകണ്‌ഠമായി പ്രമേയം കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി‌ക്ക്‌ കത്ത്‌ നൽകിയത്‌.  കേന്ദ്ര നിയമത്തെ അനുകൂലിക്കുന്ന നിലപാടാണ്‌ ഭരണകക്ഷിയായ എഐഎഡിഎംകെയ്‌ക്ക്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top