01 January Friday

ലോട്ടറി മാഫിയയെ തടയും ; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകും : ധനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jan 1, 2021



ഇതര സംസ്ഥാനലോട്ടറികൾക്ക്‌ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുതിർന്ന അഭിഭാഷകരെ നിയോഗിച്ച് കേസ് നടത്തും. കോടതി വിധി മുതലെടുത്ത്‌ ലോട്ടറി വിൽക്കാൻ മാഫിയകൾ ശ്രമിച്ചാൽ തടയും.

ജിഎസ്ടി നടപ്പാക്കിയശേഷം ലോട്ടറിയും ചരക്കാണ്‌. ജിഎസ്ടി നികുതിയും ഈടാക്കുന്നുണ്ട്. സംസ്ഥാന ജിഎസ്ടി നിയമവും ചട്ടവും അനുശാസിക്കുന്ന വിധമാണോ ലോട്ടറി നടത്തിപ്പ് എന്ന് നികുതി വകുപ്പ് പരിശോധിക്കും. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും.  ബിജെപിയുടെ സഹായത്തോടെ രാജ്യത്ത്‌ ലോട്ടറി മാഫിയ പിടിമുറുക്കാൻ ശ്രമിക്കുകയാണ്‌. ജിഎസ്‌ടി നിയമപ്രകാരം 28 ശതമാനമാണ്‌ ലോട്ടറി നികുതി. ഈ നികുതി അടച്ച്‌ സംസ്ഥാന സർക്കാരിനോട്‌ മത്സരിക്കാൻ അന്യസംസ്ഥാന ലോട്ടറികൾക്കാവില്ല. നികുതി വെട്ടിക്കേണ്ടിവരും. നികുതിവെട്ടിപ്പിന്‌ തടയിടാൻ എല്ലാ നടപടികളും സ്വീകരിക്കും.

ഇതരസംസ്ഥാന ലോട്ടറി വിൽക്കാമെന്ന വ്യാമോഹം വേണ്ട
ചില ഏജൻസികളെ ഇതര സംസ്ഥാന ലോട്ടറി ഉടമകൾ സമീപ്പിച്ചതായി സർക്കാരിന്‌ വിവരം ലഭിച്ചതായി ഐസക്‌ പറഞ്ഞു.‌ ഈ മാസം അവസാനം കേരളത്തിൽ നറുക്കെടുപ്പ്‌ നടത്തും എന്ന്‌  പറഞ്ഞതായും വിവരമുണ്ട്‌. കോടതി വിധിയുടെ മറവിൽ കേരളത്തിൽ ഉടൻ വന്ന്‌ വിൽപ്പന നടത്താം എന്ന വ്യാമോഹം ആർക്കും വേണ്ട. ലോട്ടറി മാഫിയയുടെ സാന്നിധ്യം നാട്ടിൽ അരാജകത്വവും അക്രമവും വർധിപ്പിക്കും. ഇതിന്‌ സർക്കാർ കൂട്ടുനിൽക്കില്ല.  ഇതരസംസ്ഥാന ലോട്ടറികളെ ചെറുക്കാൻ ഈ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും സഹകരണം തേടും.ലോട്ടറി മാഫിയകൾക്ക് മത്സരിക്കാനാവാത്ത വിധം കേരള ലോട്ടറിയെ ആകർഷകമാക്കുമെന്നും ഐസക്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top