ന്യൂഡൽഹി
രാജ്യത്തിന് പുതുവർഷസമ്മാനമായി കോവിഡ് വാക്‌സിൻ ലഭിച്ചേക്കും. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ശനിയാഴ്‌ച വാക്‌സിൻ ഡ്രൈ റൺ സംഘടിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. വിവിധ കമ്പനികൾ വികസിപ്പിച്ച വാക്‌സിനുകൾക്ക് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള അപേക്ഷകളിൽ വിദഗ്‌ധസമിതി വെള്ളിയാഴ്‌ച തീരുമാനമെടുക്കും. പുതുവർഷത്തിന്റെ തുടക്കത്തിൽ വാക്‌സിൻ എത്തിയേക്കുമെന്ന സൂചന ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) വ്യാഴാഴ്‌ച നൽകിയിരുന്നു.
‘ഒരുപക്ഷേ, വളരെ സന്തോഷകരമായ ഈ പുതുവത്സരത്തിൽ ഞങ്ങളുടെ കൈയിൽ കാര്യമായ എന്തെങ്കിലും ഉണ്ടാകും; അതുമാത്രം ഞാൻ ഉറപ്പ് നൽകാം’–- ഡിസിജിഐ ഡോ. വി ജി സോമാനി വാക്‌സിനെക്കുറിച്ചുള്ള വെബിനാറിൽ പറഞ്ഞു. ഇന്ത്യക്ക് ദിവസങ്ങൾക്കുള്ളിൽ കോവിഡ് വാക്‌സിൻ ലഭിക്കുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
ഓക്‌സ്‌ഫഡ് സർവകലാശാലയും ആസ്‌ട്രാസെനെക്കയും സംയുക്തമായി വികസിപ്പിച്ച വാക്‌സിന് അനുമതി ലഭിക്കാനാണ് സാധ്യത. ബുധനാഴ്‌ച ഈ വാക്‌സിന് ബ്രിട്ടണിൽ അടിയന്തര ഉപയോഗഅനുമതി ലഭിച്ചിരുന്നു. ഓക്‌സ്‌ഫഡ് വാക്‌സിൻ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് നേടിയിട്ടുള്ളത് പുണെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടാണ്. ഫൈസറും ഭാരത്‌ബയോടെക്കും വികസിപ്പിച്ച വാക്‌സിനുകൾക്കും അടിയന്തര അനുമതി തേടിയിട്ടുണ്ട്.
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ വാക്‌സിൻ ഡ്രൈ റൺ വിജയകരമായിരുന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റണിന് നിർദേശിച്ചത്. സംസ്ഥാന തലസ്ഥാനങ്ങളിൽ മൂന്നിടത്ത് എങ്കിലും ഡ്രൈ റൺ സംഘടിപ്പിക്കണമെന്നാണ് നിർദേശം. കേരളം, മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങൾ തലസ്ഥാനത്തിന് ഒപ്പം പ്രമുഖ നഗരങ്ങളിലും ഡ്രൈ റൺ നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..