ന്യൂഡൽഹി
ബഹുരാഷ്ട്ര എണ്ണ കമ്പനിയായ കെയിന് ആദായനികുതി വകുപ്പ് 8,842 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹേഗ് ആസ്ഥാനമായ രാജ്യാന്തര ആർബിട്രേഷൻ കോടതിയുടെ വിധി. ബിജെപിയുടെ 2014ലെ പ്രകടനപത്രികയും പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ധനമന്ത്രിയായിരുന്ന അരുൺ ജെയ്‌റ്റ്‌ലിയും നടത്തിയ പ്രഖ്യാപനങ്ങളുമാണ് കേസിൽ കേന്ദ്രസർക്കാരിന് തിരിച്ചടിയായത്. മുൻകൂർ നികുതി ഈടാക്കില്ലെന്നും ‘നികുതിഭീകരത അവസാനിപ്പിക്കുമെന്നും’ പ്രധാനമന്ത്രിയും ഇതര ബിജെപി നേതാക്കളും നടത്തിയ പ്രഖ്യാപനം വിധിയിൽ കോടതി എടുത്തുപറഞ്ഞു.
ബ്രിട്ടൺ കേന്ദ്രമായ കെയിൻ എനർജി ഗ്രൂപ്പിന് അവരുടെ കെയിൻ ഇന്ത്യ എന്ന അനുബന്ധസ്ഥാപനത്തിൽ നടത്തിയ ഓഹരികൈമാറ്റം വഴി മൂലധനനേട്ടമുണ്ടായെന്നും ഇതിന് 24,500 കോടി രൂപ നികുതി നൽകണമെന്നും ആദായനികുതി വകുപ്പ് നോട്ടീസയച്ചു. ഇതിനെതിരെ അപ്പലേറ്റ് ട്രിബ്യൂണലിനെ കെയിൻ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. 2010–-11ൽ കെയിൻ ഇന്ത്യയെ വേദാന്ത ഗ്രൂപ്പിനു കൈമാറിയെങ്കിലും 10 ശതമാനം ഓഹരി ആദായനികുതി വകുപ്പ് പിടിച്ചുവച്ചു. കെയിൻ ഇന്ത്യ ബ്രിട്ടീഷ് സ്ഥാപനത്തിനു നൽകാനുള്ള ലാഭവിഹിതവും ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. ഇതിനെതിരെ കെയിൻ നൽകിയ അപ്പീലിലാണ് ഹേഗ് കോടതിയുടെ ഉത്തരവ്.
കമ്പനിനിയമത്തിൽ 2012ൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ 2010–-11ലെ ഇടപാടുകൾക്ക് നികുതി ആവശ്യപ്പെടാൻ കഴിയില്ലെന്ന് ആർബിട്രേഷൻ കോടതി വ്യക്തമാക്കി. നഷ്ടപരിഹാരവും കോടതി ചെലവും അടക്കമാണ് കേന്ദ്രം നൽകേണ്ടത്. വോഡഫോണുമായുള്ള 22,100 കോടി രൂപയുടെ നികുതി തർക്കകേസിലും കഴിഞ്ഞ സെപ്‌തംബറിൽ കേന്ദ്രം പരാജയപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..