ലോകമെങ്ങും മഹാമാരി ദുരിതം വിതച്ച ഒരാണ്ടാണ് കടന്നുപോയത്. മനുഷ്യൻ നിസ്സഹായനായി നിന്ന നിമിഷങ്ങൾ. പതിവുരീതികളെയും സമ്പ്രദായങ്ങളെയുമെല്ലാം കോവിഡ് മാറ്റിമറിച്ചു. കോവിഡ്‌കാലം എന്നൊരു പദപ്രയോഗം തന്നെ വന്നു. അവനവനിലേക്ക് ചുരുങ്ങുക, സാമൂഹ്യഅകലം തുടങ്ങിയ രീതികളെല്ലാം ലോകത്തിന് പരിചിതമായി. വിർച്വൽ കൂട്ടായ്‌മകളിലേക്കും ഓൺലൈൻപഠനമുറികളിലേക്കും തൊഴിലിടങ്ങളിലേക്കും എല്ലാവരും പരുവപ്പെട്ടു. മനുഷ്യത്വവും സഹാനുഭൂതിയുമെല്ലാം വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെട്ടു. കോവിഡ് കാലം സമ്മാനിച്ച ആശങ്കകളും വരുംവർഷപ്രതീക്ഷകളുമെല്ലാം കവി സച്ചിദാനന്ദൻ ദേശാഭിമാനിയുമായി പങ്കുവയ്‌ക്കുന്നു.
തയ്യാറാക്കിയത് : എം അഖിൽ
പുതുവർഷത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്തൊക്കെയാണ്? ഈ വർഷം നൽകിയ പാഠങ്ങൾ എന്തെല്ലാം?
മഹാമാരിയിൽനിന്ന് ലോകം പുതുവർഷത്തിൽ മുക്തി നേടുമെന്ന പ്രത്യാശയാണ് എല്ലാവരെയുംപോലെ എനിക്കുമുള്ളത്. ഫലപ്രദമായ വാക്‌സിനുകൾ വരും, ലോകം സാധാരണനിലയിലാകും തുടങ്ങിയ പ്രതീക്ഷകൾ. കടന്നുപോയ വർഷം ചില വലിയ പാഠങ്ങളും പഠിപ്പിച്ചിട്ടുണ്ട്.അകൽച്ച പാലിച്ച് മനുഷ്യർക്ക് പരസ്‌പരം സ്‌നേഹവും കരുണയും പരിഗണനയും കാണിക്കാമെന്ന് നാം മനസ്സിലാക്കി. നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും വിർച്വൽ പ്ലാറ്റ്‌ഫോമുകളിലൂടെ സംസാരിക്കാനും ചർച്ച ചെയ്യാനും കവിതകൾ ചൊല്ലാനും നാം അവസരങ്ങൾ ഉണ്ടാക്കി. അത്യാവശ്യ കാര്യങ്ങൾകൊണ്ട് ജീവിക്കാൻ കഴിയുമെന്ന തിരിച്ചറിവും നമുക്കുണ്ടായി. ഒഴിവാക്കാൻ കഴിയുന്ന ആഡംബരങ്ങൾ ഒഴിവാക്കാൻ നാം ശീലിച്ചു. ഒതുങ്ങിയ മട്ടിൽ കാര്യങ്ങൾ നടത്തുന്ന പതിവ് പഠിച്ചു. ഇതെല്ലാം മുമ്പ് നമ്മുക്ക് അറിയാമായിരുന്ന കാര്യങ്ങൾതന്നെയാണ്.
പക്ഷേ, സാഹചര്യങ്ങൾ ആവശ്യപ്പെടാതിരുന്നതുകൊണ്ട് അതൊന്നും ഉൾക്കൊള്ളാനോ പ്രായോഗികമാക്കാനോ തയ്യാറായില്ല. മഹാമാരിയുടെ കാലം എല്ലാവരെയും ഈ പാഠങ്ങൾ ഉൾക്കൊള്ളാൻ നിർബന്ധിതരാക്കി.
പ്രകൃതിയുടെ സന്ദേശം മനസ്സിലാക്കേണ്ട സമയംകൂടിയാണിതെന്ന് ഞാൻ കരുതുന്നു. മനുഷ്യനും പ്രകൃതിയുമായുള്ള അകൽച്ചയുടെ ഫലംകൂടിയാണ് ഇപ്പോൾ അനുഭവിക്കുന്ന വിപത്തുകൾ. കുറച്ചാളുകളുടെ നേട്ടങ്ങൾക്കായി പ്രകൃതിയെ പരമാവധി ചൂഷണം ചെയ്‌തതിന്റെ ബാക്കിപത്രം. പ്രകൃതി ഇപ്പോൾ പറയുന്നു –- ‘മനുഷ്യൻ ലോകത്തിന്റെ ചക്രവർത്തി അല്ല. മറ്റ് ജീവികൾക്ക് ഒപ്പം സഹവർത്തിക്കേണ്ട കൂടുതൽ ബുദ്ധിയുള്ള മറ്റൊരു ജീവി മാത്രമാണ് മനുഷ്യൻ’. മഹാമാരിയുടെ കാലം നൽകിയ പാഠങ്ങളും പ്രകൃതിയുടെ സന്ദേശവും ഉൾക്കൊണ്ടാണ് മുന്നോട്ടു നടക്കേണ്ടത്.
മഹാമാരിയുടെ കാലം ഏതൊക്കെ രീതിയിലാണ് നമ്മളെ ബാധിച്ചത്?
പല വർഗങ്ങളെ പല രീതിയിലാണ് മഹാമാരിയുടെ കാലം ബാധിച്ചിട്ടുള്ളത്. ആഭ്യന്തരകുടിയേറ്റത്തൊഴിലാളികൾക്കുംചെറുകിട തൊഴിലാളികൾക്കും അവരുടെ ഉപജീവനമാർഗം അടഞ്ഞു. പലരും ആത്മഹത്യ ചെയ്‌തു. അതേസമയം, കുത്തകകൾക്ക് ഇത് നല്ല കാലമാണ്. മഹാമാരിയെ മറയാക്കി കേന്ദ്രസർക്കാർ അവർക്ക് അനുകൂലമായ നിയമങ്ങൾ ഉണ്ടാക്കുന്നു. സേച്ഛാധിപത്യ സ്വഭാവമുള്ള സർക്കാരുകൾക്കും ഇത് വളരെ നല്ല കാലമാണ്. കാരണം, ജനങ്ങളുടെ പ്രതിഷേധങ്ങൾ ഭയക്കാതെ അവർക്ക് ചങ്ങാത്തമുതലാളിത്തത്തിന് സഹായകമായ നടപടികൾ സ്വീകരിക്കാം. മധ്യവർഗത്തിന് സമ്മിശ്രഅനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് വിലയിരുത്താം. ശമ്പളം വെട്ടിച്ചുരുക്കലും പ്രിയപ്പെട്ടവരുടെ മരണങ്ങളും ഏകാന്തതയും മറ്റും അവർ നേരിട്ട പ്രശ്‌നങ്ങളാണ്. അത് മറികടക്കാൻ അവർ പുസ്‌തകങ്ങളിലേക്കും സിനിമകളിലേക്കും സംഗീതത്തിലേക്കും മടങ്ങിപ്പോകുന്നു. പുതിയ വായനകളിലൂടെ പുതിയ ചിന്തകൾ ഉണ്ടാകുന്നു. സൈദ്ധാന്തികരും ബുദ്ധിജീവികളും പുതിയ അന്വേഷണങ്ങൾ നടത്തുന്നു. എല്ലാ ദുരന്തങ്ങളും അവസാനിക്കുമ്പോൾ കാലം നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് നാം കൂടുതൽ നല്ല ഭാവി ഉണ്ടാക്കുമെന്നാണ് എന്റെ പ്രത്യാശ.
ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
ഈ വർഷം പഠിപ്പിച്ച മറ്റൊരു വിലയേറിയ പാഠം കൂടിയാണ് ആ പ്രക്ഷോഭങ്ങൾ. 2014 മുതലെങ്കിലും ജനാധിപത്യം മുമ്പുണ്ടായിട്ടില്ലാത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. ഭരണഘടനയും നിയമങ്ങളും നടപടിക്രമങ്ങളും തുടർച്ചയായി ലംഘിക്കപ്പെടുന്നു. ഫെഡറലിസം തകർക്കാനുള്ള നീക്കങ്ങൾ ആവർത്തിക്കുന്നു. പൊതുമേഖലയെ പരമാവധി കൈയൊഴിയാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. അതിനനുസരിച്ചുള്ള നിയമനിർമാണങ്ങളാണ് അവർ നടത്തുന്നത്.
എല്ലാവർക്കും ഈ കാലം മോശമാണെങ്കിലും അദാനിയുടെയും അംബാനിയുടെയും കാര്യം അങ്ങനെയല്ല. അവർക്ക് പരമാവധി നേട്ടം കൊയ്യാനുള്ള നിയമങ്ങളാണ് ഉണ്ടാകുന്നത്. മറുഭാഗത്ത്, പൗരത്വം നിഷേധിച്ച് ന്യൂനപക്ഷങ്ങളെ കൂടുതൽ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ സർക്കാർ സജീവമാക്കുന്നു. പൗരത്വഭേദഗതി നിയമത്തിന് എതിരായ ശക്തമായ ജനകീയമുന്നേറ്റങ്ങളാണ് 2020 തുടക്കത്തിന് പ്രത്യാശയുടെ നിറം പകർന്നത്. മഹാമാരി കാരണമാണ് ആ പ്രക്ഷോഭം താൽക്കാലികമായി നിലച്ചത്. എന്നാൽ, ഈ കാലം കടന്നാൽ നിർത്തിയ ഇടത്തുനിന്ന് കൂടുതൽ ശക്തമായി അത് തുടരാൻ എല്ലാ സാധ്യതയുമുണ്ട്. 2021 തുടക്കത്തിൽ കർഷകപ്രക്ഷോഭങ്ങളാണ് നമുക്ക് പ്രത്യാശയേകുന്നത്. വടക്കേഇന്ത്യയിൽ നിന്നാണ് ആ പ്രക്ഷോഭത്തിന്റെ തുടക്കമെന്ന വസ്‌തുത കൂടുതൽ പ്രസക്തമാണ്. ഈ സർക്കാർ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണെന്ന കാര്യം വടക്കേഇന്ത്യയിലെ ജനങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് അതിന്റെ അർഥം.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ആ പ്രക്ഷോഭത്തിന് ലഭിക്കുന്ന പിന്തുണയും ശ്രദ്ധേയം. കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിന് എതിരെ രാജ്യത്തെ ക്യാമ്പസുകളിൽ വലിയ പ്രക്ഷോഭങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. അങ്ങനെ പൗരത്വഭേദഗതി നിയമത്തിന് എതിരായ ജനമുന്നേറ്റങ്ങളും കർഷകപ്രക്ഷോഭങ്ങളും തൊഴിലാളി, വിദ്യാർഥിസമരങ്ങളും ഒത്തൊരുമിച്ച ബൃഹത്തായ ഒരു പോരാട്ടത്തിനായിരിക്കും പുതുവർഷം സാക്ഷ്യം വഹിക്കുന്നത്. ഒരുപക്ഷേ, ഈ മഹാപ്രക്ഷോഭങ്ങളായിരിക്കും നിലവിലെ ഭരണം മാറാനും പുതിയ വെളിച്ചം കടന്നുവരാനുമുള്ള വഴിയൊരുക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..