കേരളത്തിന്റെ അന്താരാഷ്‌ട്ര ചലച്ചിത്രോൽസവം കോവിഡ് പശ്‌ചാത്തലത്തിൽ ഈ വർഷം നാലുമേഖലയിലായി നടത്തും. തിരുവനന്തപുരം, എറണാകുളം, തലശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുകയെന്ന് മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും എറണാകുളത്ത് ഫെബ്രുവരി 17 മുതൽ 21 വരെയും തലശേരിയിൽ ഫെബ്രുവരി 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയുമാണ് പ്രദർശനം. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും നടക്കും.
ഓരോ മേഖലയിലും അഞ്ചു ദിവസം അഞ്ചു തിയറ്ററിലായി മേള നടക്കും. ഓരോ തിയറ്ററിലും 200 പേർക്ക് മാത്രമാണ് പ്രവേശനം. മേളയുടെ സ്ഥിരംവേദി തുടർന്നും തിരുവനന്തപുരം തന്നെയായിരിക്കും.
മേളയിൽ ഓരോ വർഷവും 14,000ത്തോളം പ്രതിനിധികളാണ് പങ്കെടുക്കാറുള്ളത്. കോവിഡ് സാഹചര്യത്തിൽ ഇത് പ്രായോഗികമല്ലാത്തതിനാലാണ് നാലുമേഖലയായി തിരിച്ചത്.
വിദേശ പ്രതിനിധികൾ ഓൺലൈനിൽ
മേളയിൽ പൊതുപരിപാടികളോ മറ്റ് സാംസ്കാരിക പരിപാടികളോ ഉണ്ടാകില്ല. ഉദ്ഘാടന, സമാപനച്ചടങ്ങുകളിൽ പ്രവേശനം പരമാവധി 200 പേർക്ക് മാത്രമാകും. മീറ്റ് ദ ഡയറക്ടർ, പ്രസ് മീറ്റ്, മാസ്റ്റർ ക്ലാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓൺലൈൻ വഴിയാക്കും. വിദേശ പ്രതിനിധികളോ അതിഥികളോ നേരിട്ട് പങ്കെടുക്കില്ല.
അന്താരാഷ്ട്ര മൽസരവിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ ഇന്ന്, ഇന്ത്യൻ സിനിമ നൗ, കലൈഡോസ്കോപ്പ്, റെട്രോസ്പെക്റ്റീവ്, ഹോമേജ് വിഭാഗങ്ങളുണ്ടാകും. എല്ലാ സിനിമയും എല്ലാ മേഖലയിലും പ്രദർശിപ്പിക്കും. ഒരു ദിവസം ഒരു തിയറ്ററിൽ നാലു സിനിമയാണുണ്ടാകുക. അന്താരാഷ്ട്ര മത്സരവിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് ഓരോ മേഖലയിലും രണ്ട് വീതം പ്രദർശനവും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദർശനവുമുണ്ടാകും.
കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം
ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനുമുമ്പ് ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണം എല്ലാ കേന്ദ്രത്തിലുമുണ്ടാകും. 24 മണിക്കൂറിനകത്തുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് പാസ് അനുവദിക്കും.
പ്രതിനിധി ഫീസ് കുറച്ചു
പ്രതിനിധികളുടെ ഫീസ് പൊതു വിഭാഗത്തിന് 750 രൂപയും വിദ്യാർഥികൾക്ക് 400 രൂപയുമായി കുറച്ചു. തങ്ങളുടെ സ്വദേശം ഉൾപ്പെടുന്ന മേഖലയിൽത്തന്നെ പ്രതിനിധി രജിസ്ട്രേഷൻ നടത്തണം. പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലാണ്. സീറ്റ് നമ്പർ അടക്കം റിസർവേഷനിൽ ലഭിക്കും. തെർമൽ സ്കാനിങ് നടത്തിയേ അകത്തേക്ക് പ്രവേശിപ്പിക്കൂ. സാമൂഹ്യ അകലം പാലിച്ചു മാത്രമേ സീറ്റ് നൽകൂ. ഓരോ പ്രദർശനം കഴിയുമ്പോഴും തിയറ്റർ സാനിറ്റൈസ് ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..