തിരുവനന്തപുരം: ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹൻ ഭാഗവത്
നാല് ദിവസത്തെ കേരള സന്ദർശനത്തിന് ശേഷം മടങ്ങി. ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെത്തിയ അദ്ദേഹം വ്യാഴാഴ്ച രാവിലെ 9 മുതൽ സംസ്കൃതി ഭവനിൽ നടന്ന ആർഎസ്എസ് പ്രാന്തീയ തല ബൈഠക്കിൽ പങ്കെടുത്ത ശേഷം രാത്രി ഏഴിന് വിമാനത്തിൽ മുംബൈയിലേക്ക് മടങ്ങി.
കേസരി പഠന ഗവേഷണ കേന്ദ്രം രാഷ്ട്രത്തിന് സമർപ്പിക്കാനായി കഴിഞ്ഞ 28 നാണ് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത് കേരളത്തിലെത്തിയത്. കോഴിക്കോട് നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം അദ്ദേഹം തലസ്ഥാനത്ത് എത്തി. തുടർന്ന് കവടിയാറിലെ വിവേകാനന്ദ ഉദ്യാനത്തിലെത്തിയ അദ്ദേഹം വിവേകാനന്ദ പ്രതിമയിൽ ആരതി ഉഴിയുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.
ഒപ്പം സംസ്ഥാനത്ത് ആർ.എസ്.എസ് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ അദ്ദേഹം നൽകുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനം ഉൾപ്പെടെ കാര്യങ്ങളും അദ്ദേഹം വിലയിരുത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സഹ സര്‍കാര്യവാഹ് മുകുന്ദ്, ക്ഷേത്രീയ പ്രചാരക് സെന്തില്‍, ക്ഷേത്രീയ സംഘചാലക് ഡോ. വന്യരാജന്‍, അഖില ഭാരതീയ കാര്യകാരീ സദസ്യന്‍ സേതുമാധവന്‍, പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, തിരുവനന്തപുരം വിഭാഗ് സംഘചാലക് പ്രഫ. എം.എസ്. രമേശ്, ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സഞ്ജയന് തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Post Your Comments