01 January Friday

യുഎസിന്‌ തിരിച്ചടി; ചൈനയുമായി ഇയുവിന്‌ നിക്ഷേപ കരാർ

വെബ് ഡെസ്‌ക്‌Updated: Friday Jan 1, 2021


ബ്രസൽസ്‌
ഏഴ്‌ വർഷമായി നടന്നുവന്ന ചർച്ചകളുടെ ഫലമായി യൂറോപ്യൻ യൂണിയനും ചൈനയും  വ്യവസായ നിക്ഷേപ കരാറിലെത്തി. ചൈനയുടെ പ്രസിഡന്റ്‌ ഷീ ജിൻപിങ്ങും യൂറോപ്യൻ യൂണിയൻ നേതാക്കളും  ബുധനാഴ്‌ച നടത്തിയ വീഡിയോ കോൺഫറൻസിലാണ്‌  കരാറിന്‌ ധാരണയായത്‌. ചൈനയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന അമേരിക്കയെ അലോസരപ്പെടുത്തുന്നതാണ്‌ യൂറോപ്യൻ യൂണിയന്റെ തീരുമാനം.

ഷീ ജിൻപിങ്ങുമായുള്ള ചർച്ചയിൽ യൂറോപ്യൻ കമീഷൻ പ്രസിഡന്റ്‌ ഉർസുല വോൺ ഡെർ ലേയെൻ, ഇയു കൗൺസിൽ പ്രസിഡന്റ്‌ ഷാൾ മിഷേൽ എന്നിവർക്ക്‌ പുറമെ ജർമൻ ചാൻസലർ ആംഗല മെർക്കൽ, ഫ്രാൻസ്‌ പ്രസിഡന്റ്‌ ഇമാനുവേൽ മാഖോം എന്നിവരും സംബന്ധിച്ചു. ചൈനയിൽ അമേരിക്കയ്‌ക്കുള്ള അതേ തോതിൽ തങ്ങൾക്കും കമ്പോള പ്രവേശം നൽകുന്നതാണ്‌ കരാറെന്ന്‌ യൂറോപ്യൻ യൂണിയൻ പ്രസ്‌താവിച്ചു. 

യൂറോപ്യൻ പാർലമെന്റടക്കം കരാർ അംഗീകരിക്കുന്നതിനുള്ള പ്രക്രിയക്കാണ്‌ ഇതോടെ തുടക്കമായത്‌. മാസങ്ങൾ‌ നീളുന്നതാണ്‌ അംഗീകരണ നടപടികൾ. അമേരിക്ക കഴിഞ്ഞാൽ ചൈനയാണ്‌ ഇപ്പോൾ ഇയുവിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. അതേസമയം ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ഇയുവാണ്‌. പ്രതിദിനം ശരാശരി 100 കോടി യൂറോയുടേതാണ്‌(9000 കോടിയോളം രൂപ) ഇയുവിനും ചൈനക്കുമിടയിൽ വ്യാപാരം.

സിഎഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സമഗ്ര നിക്ഷേപക്കരാർ കമ്പോള പ്രവേശത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ സഹായിക്കുമെന്നും യൂറോപ്യൻ കമ്പനികൾക്ക്‌ ചൈനയിൽ പുതിയ നിക്ഷേപാവസരങ്ങൾ സൃഷ്‌ടിക്കുമെന്നും ഇയു പ്രത്യാശ പ്രകടിപ്പിച്ചു. ഇലക്‌ട്രിക്‌ കാറുകൾ, ഹൈബ്രിഡ്‌ വാഹനമേഖല, ആശുപത്രി, ടെലികോം, ക്ലൗഡ്‌ സേവനങ്ങൾ എന്നിവയിലടക്കം വിവിധ മേഖലകളിൽ പുതിയതായി പ്രവേശനം നൽകുന്ന കരാർ ചൈന മറ്റൊരു രാജ്യവുമായി ഉണ്ടാക്കിയിട്ടുള്ളതിൽ ഏറ്റവും പ്രതീക്ഷയുളവാക്കുന്നതാണെന്നും ഇയു പറഞ്ഞു.

ചൈനയ്‌ക്കെതിരെ മറ്റ്‌ പാശ്ചാത്യ രാജ്യങ്ങളെ കൂട്ടുപിടിച്ച്‌ വലിയ പ്രചാരണം അമേരിക്ക നടത്തിവരുമ്പോഴാണ്‌ യുഎസിന്റെ ഏറ്റവും വിശ്വസ്‌ത മിത്രങ്ങൾ ചൈനയുമായി കരാറുണ്ടാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top