01 January Friday

ചൈനയുടെ ആദ്യ വാക്‌സിന്‌ ഉപാധിയോടെ അനുമതി

വെബ് ഡെസ്‌ക്‌Updated: Friday Jan 1, 2021


ബീജിങ്‌
കോവിഡിനെതിരെ രാജ്യത്ത്‌ കോവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്‌സിന്‌ ചൈന ഉപാധിയോടെ അനുമതി നൽകി. സർക്കാർ ഉടമസ്ഥതയിലുള്ള  ഔഷധ കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്‌സിനാണ്‌  അനുമതി നൽകിയത്‌. പരീക്ഷണഫലങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്ത്‌ അടിയന്തര വിഭാഗങ്ങളിലെ 10 ലക്ഷത്തോളം പേർക്ക്‌ അനുമതിക്കു‌മുമ്പേ വാക്‌സിൻ നൽകിയിട്ടുണ്ട്‌.

തങ്ങളുടെ വാക്‌സിൻ 79.34 ശതമാനം ഫലപ്രാപ്‌തിയും 99.52 ശതമാനം ആന്റിബോഡി പരിവർത്തന നിരക്കും കാണിക്കുന്നതായി സിനോഫാം ബുധനാഴ്‌ച അറിയിച്ചിരുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഇടക്കാല ഫലങ്ങൾ വിലയിരുത്തിയാണ്‌ കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്‌. പത്തിലധികം രാജ്യങ്ങളിലായി എഴുപതിനായിരത്തോളം പേരിലാണ്‌ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്‌.

രാജ്യത്തിനകത്തും പുറത്തുമായി ചൈനീസ്‌ കമ്പനികളുടെ 11 വാക്‌സിനാണ്‌ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്‌. മറ്റൊരു ചൈനീസ്‌ കമ്പനിയായ സിനോവാക്‌ ബയോടെക്കിന്റെ വാക്‌സിനായ ‘കൊറോണ വാക്‌’ ബ്രസീലിനുള്ള അവസാനത്തെ ലോഡ്‌ എത്തിച്ചു. 15 ലക്ഷം ഡോസിന്റെ ആറാമത്തെ ലോഡാണ്‌ സാവോ പോളോ സംസ്ഥാനത്ത്‌ എത്തിയത്‌. ഇതോടെ മൊത്തം 1.06 കോടി ഡോസാണ്‌ സാവോ പോളോക്ക്‌ ലഭിച്ചത്‌. സിനോവാക്‌ വാക്‌സിൻ ഫലപ്രദമാണെന്ന്‌ ഡിസംബർ 23ന്‌ അധികൃതർ വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാൻ 11 ലക്ഷം ഡോസ്‌ സിനോഫാം വാക്‌സിൻ ബുക്ക്‌ ചെയ്യാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്തോനേഷ്യ‌ക്ക്‌ ജനുവരിയിൽ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെട്ടിരുന്ന 18 ലക്ഷം ഡോസ്‌ സിനോവാക്‌ വാക്‌സിൻ കൂടി ഡിസംബറിൽ ലഭിച്ചു. ഇതോടെ ചൈനയിൽനിന്ന്‌ ലഭിച്ചത്‌ 30ലക്ഷം ഡോസായി. ഇന്തോനേഷ്യ പാശ്ചാത്യ കമ്പനികളുടെ വാക്‌സിനുകൾ ബുക്ക്‌ ചെയ്‌തിരുന്നെങ്കിലും അവ ലഭിക്കാൻ വൈകുമെന്നതിനാൽ ചൈനയുടെ വാക്‌സിൻ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top