31 December Thursday

കാലത്തിന്റെ സമരമുദ്രകൾ - വി പി സാനു എഴുതുന്നു

വി പി സാനുUpdated: Thursday Dec 31, 2020


‘‘ഫീസ് വർധന, പഠനാവസരം  നിഷേധിക്കപ്പെടൽ  തുടങ്ങി വിദ്യാർഥികളെ നേരിട്ട് ബാധിക്കുന്ന വിദ്യാഭ്യാസമേഖലയിലെ വിവിധ വിഷയങ്ങൾ മുൻനിർത്തി സമരം ചെയ്യുന്നതിനോടൊപ്പം  കർഷകരും തൊഴിലാളികളുമായ രക്ഷിതാക്കളുടെ പ്രശ്നങ്ങളും അഭിസംബോധന ചെയ്തും അവരുടെ സമരങ്ങളോട് ഐക്യദാർഢ്യപ്പെടുകയും ചെയ്യാതെ ഒരു വിദ്യാർഥി സംഘടന എന്ന നിലയിൽ  നിങ്ങൾ പൂർണമാകുന്നില്ല.’’

1974ൽ കൽക്കത്തയിൽ  എസ്എഫ്ഐ രണ്ടാം അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ട് സഖാവ് പി സുന്ദരയ്യ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്.ഇന്ന് എസ്എഫ്ഐ അമ്പതാം വാർഷികം ആഘോഷിക്കുമ്പോൾ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. കർഷകർ അവരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. കർഷകവിരുദ്ധമായ മൂന്ന്‌ ബില്ലിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗഭാക്കാകുക എന്നത് സഖാവ് സുന്ദരയ്യ നിർദേശിച്ചതുപോലെ ഒരു വിദ്യാർഥിപ്രസ്ഥാനം എന്ന നിലയിൽ എസ്എഫ്ഐയെ ലക്ഷ്യത്തിലെത്താൻ  മുതൽക്കൂട്ടാകുന്നു. അത് കൃത്യമായി എസ്എഫ്ഐ ഏറ്റെടുത്തിട്ടുമുണ്ട്.


 

മാത്രമല്ല, അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യവസ്തുക്കൾ അവശ്യസാധനങ്ങളുടെ ലിസ്റ്റിൽനിന്ന്‌ ഒഴിവാക്കുക എന്ന നടപടി പ്രാവർത്തികമായാൽ നാളെ രാജ്യത്തെ സാധാരണക്കാരായ  മനുഷ്യന്‌ ഭക്ഷണം കഴിക്കാനാകാത്ത സ്ഥിതിവിശേഷത്തിലേക്കും കോർപറേറ്റുകൾ പറയുന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങുന്ന അവസ്ഥയിലേക്കും എത്തിച്ചേരും. ഇത്തരത്തിൽ രാജ്യം നേരിടാൻപോകുന്ന ഭീതിജനകമായ ഒരു അവസ്ഥ മുന്നിൽ കണ്ടുകൊണ്ടാണ് എസ്എഫ്ഐ ഈ പോരാട്ടത്തിന്  ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ തെരുവിൽ അണിനിരക്കുന്നത്. ലോകമാകെ  വിറങ്ങലിച്ചുനിന്ന കോവിഡ് മഹാമാരിക്കാലത്താണ് കർഷക,തൊഴിലാളി, -ജനവിരുദ്ധവും രാജ്യത്തെ തകർക്കുന്നതുമായ  നിയമങ്ങൾ നടപ്പാക്കാൻ കേന്ദ്ര  സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. അത്യപൂർവമായ ഈ സാഹചര്യം മുൻനിർത്തിക്കൊണ്ടുതന്നെയാണ് പാർലമെന്റിൽപ്പോലും ചർച്ചചെയ്യാതെ ദേശീയ വിദ്യാഭ്യാസനയം രാജ്യത്ത് നടപ്പാക്കാൻ തീരുമാനമെടുത്തത്.

പൂർണമായും വിദ്യാഭ്യാസത്തെ കോർപറേറ്റുകൾക്കുമുന്നിൽ തീറെഴുതി പാർശ്വവൽകൃത ജനവിഭാഗത്തെ അകറ്റിനിർത്തുകയും വർഗീയവൽക്കരിക്കുകയും ചെയ്യുന്ന നിയമത്തിനെതിരായി കോവിഡ്കാലത്ത് വ്യത്യസ്ത തലങ്ങളിൽനിന്നുകൊണ്ട് വിവിധ സമരപരിപാടികൾ ഏറ്റെടുക്കാൻ എസ്എഫ്ഐക്ക് കഴിഞ്ഞു. രാജ്യവ്യാപകമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചുകൊണ്ടും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച് തെരുവുകളെ സമരവേദിയാക്കിക്കൊണ്ടും ദേശീയ വിദ്യാഭ്യാസനയത്തിനെതിരായ സമരത്തിന്റെ  നേതൃനിരയിലേക്ക് എത്താൻ എസ്എഫ്ഐക്ക് കഴിഞ്ഞു. ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ച കാലംമുതൽക്കുതന്നെ വിവിധതരത്തിൽ അതിനെ എതിർക്കാനും വിദ്യാർഥികളെ അണിനിരത്തി സമരം ചെയ്യാനും എസ്എഫ്ഐ മുൻനിരയിൽതന്നെ  ഉണ്ടായിരുന്നു.


 

അമ്പതാം വാർഷികത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് എസ്എഫ്ഐ തീരുമാനിച്ചിരുന്നത്. എസ്എഫ്ഐ രൂപീകരണത്തിനുമുമ്പ് 1970 ഒക്ടോബറിൽ ആദ്യത്തെ പ്രിപ്പറേറ്ററി കമ്മിറ്റി യോഗം ചേർന്ന കൽക്കത്തയിലെ ദംദമിൽ 2019 ആഗസ്തിൽ റാലിയും മുൻകാല എസ്എഫ്ഐ ഭാരവാഹികൾ പങ്കെടുത്ത യോഗവും ഉൾപ്പെടെ വിപുലമായ പരിപാടികൾ നടത്തിക്കൊണ്ടാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. 2020 ഡിസംബർ 30ന് തിരുവനന്തപുരത്ത് സമാപനം കുറിക്കുന്ന രീതിയിൽ നിരവധി പരിപാടികളാണ് എസ്എഫ്ഐ തയ്യാറാക്കിയിരുന്നത്. എന്നാൽ, കോവിഡ്  മഹാമാരി ആ പരിപാടികൾ നടത്താൻ കഴിയാത്ത ഒരു സാഹചര്യത്തിൽ കൊണ്ടെത്തിച്ചു. പക്ഷേ, ഈ മഹാമാരിക്കാലത്തും എസ്എഫ്ഐ സഖാക്കൾ തെരുവിൽത്തന്നെ ഉണ്ടായിരുന്നു.  ദേശീയ വിദ്യാഭ്യാസനയത്തിനെതിരായ തങ്ങളുടെ ശബ്ദം പല രീതിയിൽ ഉയർത്തിക്കൊണ്ട്, സമരമുഖത്ത് സജീവ സാന്നിധ്യമായി എസ്എഫ്ഐ സഖാക്കളുണ്ടായിരുന്നു. പ്രത്യേകിച്ച്, ദേശീയ വിദ്യാഭ്യാസനയത്തിലെ പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ എസ്എഫ്ഐ ശ്രമിച്ചു.

ഈ മഹാമാരിക്കാലത്ത് നിരാലംബരായിട്ടുള്ള ആളുകളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയതും എസ്എഫ്ഐ ആയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾക്ക് മരുന്നും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനുവേണ്ടി എസ്എഫ്ഐ പ്രവർത്തകർ ലോക്‌ഡൗൺ സമയത്ത് സജീവമായിത്തന്നെ പ്രവർത്തിച്ചു. അതിഥിത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനും എസ്എഫ്ഐ സഖാക്കൾ മുന്നിൽത്തന്നെ ഉണ്ടായിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായ  ചില പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൽ നടത്തിയത്, എസ്എഫ്ഐ ഹരിയാന സംസ്ഥാന കമ്മിറ്റി അതിഥിത്തൊഴിലാളികൾക്കുവേണ്ടി പുതിയൊരു സ്കൂൾതന്നെ ആരംഭിക്കുകയുണ്ടായി. എല്ലാവിധ കോവിഡ് പ്രോട്ടോകോളും പാലിച്ചുകൊണ്ട് ഒരു മാതൃകാ വിദ്യാഭ്യാസസ്ഥാപനമെന്ന നിലയിൽ അതിനെ സജീവമായി മുന്നോട്ടു കൊണ്ടുപോകാനും കുട്ടികളുടെ അധ്യയനം നഷ്ടപ്പെടാതിരിക്കാനും എസ്എഫ്ഐയുടെ പ്രവർത്തനം സഹായകമായി.

എസ്‌എഫ്‌ഐ മഹാരാഷ്ട്ര സംസ്ഥാന  പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ സഖാവ് ബാലാജി കലൈത് വാദ് മലയാളികൂടി ആയിട്ടുള്ള ഒരു വിദ്യാർഥിനിക്ക്  മരുന്ന് എത്തിക്കുന്നതിനുവേണ്ടി ഇരുനൂറിലധികം കിലോമീറ്ററാണ് ബൈക്കിൽ സഞ്ചരിച്ചത്. ആ മാനുഷികതയുടെ മഹാവാർത്ത  വിവിധ മാധ്യമങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കരുതലും പ്രവർത്തനവുമായി  ഈ കാലത്ത് തെരുവുകളിൽ സജീവ സാന്നിധ്യമായി എസ്എഫ്ഐ ഉണ്ടായിരുന്നു. പ്രതിസന്ധിയുടെ ഇരുൾ പടർത്തി  വിദ്യാഭ്യാസസ്ഥാപനങ്ങൾ അടഞ്ഞിരിക്കുന്ന ഈ കാലത്ത് വിദ്യാർഥികളെ നേരിനുവേണ്ടി അണിനിരത്താൻ സാധിച്ചത്  കഴിഞ്ഞ അമ്പത് വർഷമായി എസ്എഫ്ഐ ഉയർത്തിപ്പിടിക്കുന്ന ശരിയായ രാഷ്ട്രീയ കാഴ്ചപ്പാടും ക്രിയാത്മകമായ ഇടപെടലുകളും കൊണ്ടുതന്നെയാണ്.

അതുകൊണ്ടുതന്നെയാണ് തുടക്കത്തിൽ ഏതാണ്ട് ഒന്നരലക്ഷത്തോളം മെമ്പർഷിപ് ഉണ്ടായിരുന്ന സംഘടന ഇന്ന് 50 വർഷം പൂർത്തീകരിക്കുമ്പോൾ 41 ലക്ഷത്തിലധികം അംഗങ്ങളുള്ള  സംഘടനയായി മാറിയതും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളായ  ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി, കേരള സെൻട്രൽ യൂണിവേഴ്സിറ്റി തുടങ്ങി രാജ്യത്തെ വിവിധ മറ്റ്  സർവകലാശാല, കോളേജ് യൂണിയനുകൾ  തുടങ്ങിയ ഇടങ്ങളിലെല്ലാം തുടർച്ചയായി യൂണിയൻ എസ്എഫ്ഐ നിലനിർത്തിപ്പോരുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.

ദീർഘകാലമായി എസ്എഫ്ഐ സാന്നിധ്യം ഇല്ലാതിരുന്ന ഗുജറാത്തിൽപ്പോലും കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ പുതുതായി സംഘടന രൂപീകരിക്കാനും ഗുജറാത്ത് സെൻട്രൽ യൂണിവേഴ്സിറ്റി സീറ്റുകളിൽ വിജയിച്ചുകയറുന്ന നിർണായക ശക്തിയായി മാറാനും എസ്എഫ്ഐക്ക് കഴിഞ്ഞു. ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഐക്യദാർഢ്യവുമായി ആദ്യമെത്തിയ എസ്എഫ്ഐ സംസ്ഥാന ഘടകം അതും ഗുജറാത്ത് ആയിരുന്നു എന്നത് നാം അറിയേണ്ടതുണ്ട്. ഇതിനു മുന്നോടിയായിത്തന്നെ എസ്എഫ്ഐ നിരന്തരമായി വിജയിച്ചിരുന്ന സിംലയിലെ ഹിമാചൽ യൂണിവേഴ്സിറ്റി, ഡെറാഡൂണിലെ ടൂൺസ് യൂണിവേഴ്സിറ്റി, ബംഗാളിലെ ജാദവ്പുർ യൂണിവേഴ്സിറ്റി, പ്രസിഡൻസി യൂണിവേഴ്സിറ്റി, കർണാടക കേന്ദ്ര സർവകലാശാല തുടങ്ങിയ സർവകലാശാലകളിൽ എല്ലാം ഇന്ന് തെരഞ്ഞെടുപ്പ് നിരോധിക്കപ്പെട്ടിരിക്കുകയാണ്. വിദ്യാർഥികളുടെ ജനാധിപത്യ അവകാശം നിഷേധിക്കുകയാണ് ഇവിടെ. എന്നിരുന്നാലും തെരഞ്ഞെടുപ്പ് നടക്കുന്ന സർവകലാശാലകളിലെല്ലാംതന്നെ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാൻ കഴിഞ്ഞു.

വിദ്യാർഥികളാൽ തെരഞ്ഞെടുക്കപ്പെടുന്ന കലാലയങ്ങളിലെ തെരഞ്ഞെടുപ്പുകളിലെല്ലാം വിദ്യാർഥികൾ എസ്എഫ്ഐയെ  ഹൃദയത്തോട് ചേർത്തുവയ്‌ക്കുന്നു. എസ്എഫ്ഐയുടെ അമ്പതു വർഷത്തെ സമരപോരാട്ടങ്ങളുടെ ഓർമകൾ പങ്കുവയ്‌ക്കുന്ന ഈ വേളയിൽ ഈ പ്രസ്ഥാനത്തിനുവേണ്ടി ജീവൻ കൊടുത്ത ധീര രക്തസാക്ഷികളുടെ ഓർമ പുതുക്കാതിരിക്കാനാകില്ല. പിന്നിട്ട വഴികളിൽ വലതുപക്ഷ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായി 277 രക്തതാരകങ്ങളെയാണ് ഈ പ്രസ്ഥാനത്തിന്‌ നഷ്ടമായത്. ജീവിതത്തിൽനിന്ന് രാജിവയ്‌ക്കേണ്ടി വന്നാലും ഈ പ്രസ്ഥാനത്തിൽനിന്ന്‌ രാജിവയ്ക്കില്ല എന്ന ഉറച്ച ബോധ്യത്തോടെ ജീവിതത്തിന്റെ നല്ല നാളുകളിൽനിന്ന്‌ രക്തസാക്ഷിത്വത്തിന്റെ  അനശ്വരതയിലേക്ക് നടന്നുനീങ്ങിയ ധീരരായ രക്തസാക്ഷി സഖാക്കളുടെ ഓർമകൾ തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ കരുത്തും മുതൽക്കൂട്ടും.

സമരപോരാട്ടങ്ങളുടെ ഓർമകൾ ഇരമ്പുന്ന 50 വർഷം. ആ 50 വർഷം ഇന്ത്യയുടെ വിദ്യാഭ്യാസമേഖലയിലെ വിദ്യാഭ്യാസ അവകാശ സംരക്ഷണ പോരാട്ടങ്ങളുടെ കൂടിയാണ്. എസ്എഫ്ഐയുടെ ചരിത്രം മാറ്റിവച്ചാൽ ഇന്ത്യയുടെ വിദ്യാഭ്യാസമേഖലയുടെ ചരിത്രംപോലും പൂർണമാകില്ല എന്ന് ചുരുക്കം. ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അട്ടിമറിക്കാൻ സംഘപരിവാർ ഭരണകൂടം കോപ്പുകൂട്ടുന്ന വർത്തമാനകാലത്ത് എസ്എഫ്ഐ കൂടുതൽ കരുത്താർന്ന പോരാട്ടങ്ങൾക്ക് മുന്നൊരുക്കങ്ങൾ നടത്തുകയാണ്. ഇന്നലെകളിൽ ഈ നാട് നൽകിയ പിന്തുണയും സ്നേഹവും വരാൻപോകുന്ന സമരപോരാട്ടങ്ങളിൽ എസ്എഫ്ഐക്ക്‌ നൽകും എന്നത് ഉറപ്പാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top