ന്യൂഡൽഹി
രാജ്യത്ത് കോവിഡ് വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗ അനുമതിയായില്ല. മൂന്ന് കമ്പനി നൽകിയ അപേക്ഷകളിൽ തീരുമാനമെടുക്കാൻ സെൻട്രൽ ഡ്രഗ്സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) സബ്‌ജക്‌റ്റ് എക്‌സ്‌പർട്ട് കമ്മിറ്റി വെള്ളിയാഴ്ച വീണ്ടും യോഗം ചേരും.
രാജ്യത്ത് കോവിഡ് വാക്‌സിനുകൾ അടിയന്തരമായി ഉപയോഗിക്കാനുള്ള അനുമതി തേടി ഫൈസർ, സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് കമ്പനികളാണ് എക്‌സ്‌പർട്ട് കമ്മിറ്റിക്ക് അപേക്ഷ നൽകിയത്. ബുധനാഴ്‌ച സബ്‌ജക്‌റ്റ് എക്‌സ്‌പർട്ട് കമ്മിറ്റി യോഗം ചേർന്ന് ഈ അപേക്ഷകൾ പരിഗണിച്ചു. വിശദാംശങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന ഫൈസർ കമ്പനിയുടെ ആവശ്യം കമ്മിറ്റി അംഗീകരിച്ചു.
സെറം ഇൻസ്‌റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും വാക്‌സിനുകളുടെ അധികവിവരങ്ങളും പരിശോധനാഫലങ്ങളും സമർപ്പിച്ചു. ഇത് കമ്മിറ്റി വിശദമായി പരിശോധിക്കും. അതിനുശേഷമേ അന്തിമ തീരുമാനം എടുക്കൂ. അതേസമയം, ഓക്‌സ്‌ഫഡ് സർവകലാശാലയും ബ്രിട്ടീഷ്–-സ്വീഡിഷ് മരുന്ന് കമ്പനി അസ്‌ട്രാസെനക്കയും വികസിപ്പിച്ച കോവിഡ് വാക്‌സിന് ബ്രിട്ടനിൽ അടിയന്തരസാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചു. ഈ വാക്‌സിൻ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് നേടിയിട്ടുള്ളത് പുണെയിലെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..