31 December Thursday

പ്രകടനപത്രികയിൽ പറഞ്ഞതിലുമേറെ നടപ്പാക്കി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 30, 2020


എൽഡിഎഫ്‌ പ്രകടനപത്രികയിലെ 600 വാഗ്‌ദാനങ്ങളിൽ 570ഉം നാലരവർഷത്തിനുള്ളിൽ നടപ്പാക്കുകമാത്രമല്ല, പറയാത്ത നൂറുകണക്കിന്‌ ക്ഷേമ–-വികസന പ്രവർത്തനങ്ങളും സർക്കാർ നടപ്പാക്കിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മഹാപ്രളയവും മഹാമാരിയും നേരിട്ടാണ്‌ കേരളം മുന്നേറിയത്‌. കോവിഡും അടച്ചുപൂട്ടലുമില്ലെങ്കിൽ നാലുവർഷത്തിനുള്ളിൽത്തന്നെ പ്രകടനപത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളപര്യടനത്തിന്റെ ഭാഗമായി വിവിധ മേഖലകളിലുള്ള പ്രമുഖരുമായി എറണാകുളത്ത്‌ കൂടിക്കാഴ്‌ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടും നാട്ടുകാരും ഒരുമയോടെ ശരിയായ ദിശാബോധത്തോടെനിന്നാൽ ഏതു പ്രതിസന്ധിയെയും നേരിടാനാകുമെന്നു നാം തെളിയിച്ചു. ഓഖിയും നിപായും പ്രളയവും കോവിഡും നമ്മൾ ഇങ്ങനെ നേരിട്ടു‌. മറ്റ്‌ സംസ്ഥാനങ്ങളും രാജ്യങ്ങളും ആശ്‌ചര്യത്തോടെയാണ്‌ ഈ ചെറുത്തുനിൽപ്പ്‌ കണ്ടത്‌.

വികസനസ്‌പർശമേൽക്കാത്ത ഒരു മേഖലയും ഉണ്ടാകാൻ പാടില്ലെന്ന നിശ്‌ചയദാർഢ്യം എൽഡിഎഫിനുണ്ട്‌. നാലു മിഷനുകൾ ഇതിനുവേണ്ടിയാണ്‌‌.  6,80,000 കുട്ടികൾ സർക്കാർ സ്‌കൂളിൽ പുതുതായി ചേർന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിജയമാണ്‌‌. ആർദ്രം മിഷനിലൂടെ പിഎച്ച്‌സികൾമുതൽ മെഡിക്കൽ കോളേജുവരെ സുസജ്ജമാക്കിയതിലൂടെ‌ കോവിഡിനെ ചെറുക്കാനായി‌. ലൈഫ്‌ മിഷനിലൂടെ കിടപ്പാടമില്ലാത്ത രണ്ടരലക്ഷംപേർക്ക്‌‌ വീട്‌ നൽകി‌. ജലസ്രോതസ്സുകൾ വീണ്ടെടുക്കാനും മാലിന്യമുക്ത കേരളം കെട്ടിപ്പടുക്കാനുമുള്ള ഹരിതകേരളവും നല്ല വിജയമായി.

സുഭിക്ഷകേരളം പദ്ധതിയിലൂടെ പച്ചക്കറി ഉൽപ്പാദനം ഏഴരലക്ഷം ടണ്ണിൽനിന്ന്‌ 15 ലക്ഷം ടണ്ണാക്കി. തരിശുപാടങ്ങളിലെല്ലാം നെൽക്കൃഷി തുടങ്ങി. കാർഷികരംഗത്ത്‌ ഉൾപ്പെടെ സ്‌റ്റാർട്ടപ്‌ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്‌ സർക്കാർലക്ഷ്യം.  
അഴിമതി ഇല്ലാതാക്കി, 30 ദിവസത്തിനകം വ്യവസായാനുമതി നൽകുന്നതിലൂടെ നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളം മാറി. കൂടുതൽ സംരംഭകർ കേരളത്തിലേക്ക്‌ എത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top