തദ്ദേശസ്ഥാപനങ്ങളിലെ വിവിധ സ്ഥിരംസമിതി ചെയർമാൻമാരുടെയും അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് ജനുവരി ഏഴ്, എട്ട്, 11, 12 എന്നിവയിൽ സൗകര‍്യപ്രദമായ ഏതെങ്കിലും ഒരു ദിവസം നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി ഭാസ്കരൻ. മാർഗനിർദേശങ്ങൾ കമീഷൻ പുറപ്പെടുവിച്ചു.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ കമ്മിറ്റി അംഗങ്ങളുടെയും ചെയർമാൻമാരുടെയും തെരഞ്ഞെടുപ്പ് നടത്തുന്നത് അതത് സ്ഥാപന ഞവരണാധികാരികളും ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പൽ കോർപറേഷനുകളിലും തെരഞ്ഞെടുപ്പ് നടത്തുന്നത് ഡെപ‍്യൂട്ടി കലക്ടർ (ജനറൽ)/അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റുമാണ്.
യോഗത്തിന്റെ സ്ഥലം, തീയതി, സമയം എന്നിവ കാണിച്ച നോട്ടീസ് എല്ലാ അംഗങ്ങൾക്കും അഞ്ച് ദിവസംമുമ്പും ചെയർമാൻമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നോട്ടീസ് കമ്മിറ്റിയിലെ അംഗങ്ങൾക്ക് രണ്ട് ദിവസംമുമ്പും നൽകണം.
4 മുതൽ 8 വരെ കമ്മിറ്റികൾ
ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്: ധനം, വികസനം, ക്ഷേമം, ആരോഗ‍്യ–-വിദ‍്യാഭ‍്യാസം.
ജില്ലാ പഞ്ചായത്ത്–- ധനം, വികസനം, പൊതുമരാമത്ത്, ആരോഗ‍്യ–- വിദ‍്യാഭ‍്യാസം, ക്ഷേമം.
മുനിസിപ്പാലിറ്റി:- ധനം, വികസനം, പൊതുമരാമത്ത്, ആരോഗ‍്യ–- വിദ‍്യാഭ‍്യാസം, ക്ഷേമം, -കലാകായികം.
കോർപറേഷൻ: ധനം, വികസനം, ക്ഷേമം, ആരോഗ‍്യം, മരാമത്ത്, നഗരാസൂത്രണം, നികുതി അപ്പീൽ, വിദ‍്യാഭ‍്യാസ–- കായികം.
തെരഞ്ഞെടുപ്പ് ഇങ്ങനെ
● സ്ത്രീകൾക്കായി സംവരണംചെയ്‌ത സ്ഥാനത്തേക്കാണ് ആദ‍്യം തെരഞ്ഞെടുപ്പ്.
● നാമനിർദേശം ഏൽപ്പിക്കേണ്ട അവസാന തീയതിയും സമയവും നോട്ടീസിൽ വ്യക്തമാക്കണം.
● സ്ഥിരംസമിതിയിലെ സ്ഥാനങ്ങളുടെയും മത്സരിക്കുന്നവരുടെയും എണ്ണം തുല‍്യമെങ്കിൽ സ്ഥാനാർഥികളെ തെരഞ്ഞെടുത്തതായി പ്രഖ‍്യാപിക്കും.
● സ്ഥാനങ്ങളുടെ എണ്ണത്തേക്കാൾ കുറവാണ് സ്ഥാനാർഥികളെങ്കിൽ, അഞ്ച് ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണം.
● ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണ് സ്ഥാനാർഥികളുടെ എണ്ണമെങ്കിൽ അംഗങ്ങളിൽനിന്ന് ആനുപാതിക പ്രാതിനിധ‍്യ സമ്പ്രദായമനുസരിച്ച് അംഗങ്ങളെ തെരഞ്ഞെടുക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..