കാഠ്‌മണ്ഡു
ചൈനീസ് കമ്യൂണിസ്‌റ്റ് പാർടിയുടെ(സിപിസി) ഉന്നത പ്രതിനിധിസംഘം നേപ്പാൾ സർക്കാരിലെയും ഭരണകക്ഷിയായ കമ്യൂണിസ്‌റ്റ് പാർടിയുടെയും(എൻസിപി) മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. സിപിസി സാർവദേശീയ വിഭാഗത്തിൽ ഉപമന്ത്രിയായ ഗൂ യെഷൂവിന്റെ നേതൃത്വത്തിൽ നേപ്പാളിലെത്തിയ നാലംഗ സംഘമാണ് കൂടിക്കാഴ്‌ചകൾ നടത്തിയത്. നേപ്പാൾ പ്രധാനമന്ത്രി കെ പി എസ് ഒലി പാർലമെന്റ് പിരിച്ചുവിട്ടതും തുടർന്ന് എൻസിപി അധ്യക്ഷസ്ഥാനത്തുനിന്ന് ഒലിയെ നീക്കിയതുമടക്കമുള്ള സംഭവങ്ങൾക്കിടെയാണ് സിപിസി ഇടപെടൽ.
ഞായറാഴ്‌ച നേപ്പാൾ പ്രസിഡന്റ് ബിദ്യാദേബി ഭണ്ഡാരി, പ്രധാനമന്ത്രി ഒലി എന്നിവരുമായി ചൈനീസ് സംഘം ചർച്ച നടത്തിയിരുന്നു. തിങ്കളാഴ്‌ച സംഘം എൻസിപി നേതാക്കളും മുൻ പ്രധാനമന്ത്രിമാരുമായ പ്രചണ്ഡ എന്ന പുഷ്‌പ കമൽ ദഹൽ, മാധവ് കുമാർ നേപ്പാൾ തുടങ്ങിയവരുമായി കൂടിക്കാഴ്‌ച നടത്തി. എൻസിപി സഹാധ്യക്ഷനായ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള വിഭാഗം ഒലിയെ നീക്കി മാധവ് കുമാർ നേപ്പാളിനെ പാർടി അധ്യക്ഷനാക്കിയിരുന്നു.
2017ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് നേപ്പാളിലെ കമ്യൂണിസ്‌റ്റ്, മാവോയിസ്‌റ്റ് പാർടികൾ ലയിക്കുന്നതിനുമുമ്പ് 2018 ഫെബ്രുവരിയിൽ ഇരു പാർടികളുടെയും നേതൃത്വവുമായി ഗൂ യെഷൂവിന്റെ നേതൃത്വത്തിൽ സിപിസി സംഘം ചർച്ച നടത്തിയിരുന്നു. ഇത്തവണ എൻസിപിയിലെ ഭിന്നിപ്പ് ഒഴിവാക്കാനാണ് ചൈനയുടെ ശ്രമം എന്നാണ് റിപ്പോർട്ട്.
നേപ്പാളിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹാദൂർ ദ്യൂബയുമായും ജനതാ സമാജ്‌ബാദി പാർടി നേതാവ് ഉപേന്ദ്ര യാദവുമായും സിപിസി സംഘം ചർച്ച നടത്തുന്നുണ്ട്. ഇതിനിടെ പാർലമെന്റ് പിരിച്ചുവിട്ടതിനെതിരെ നേപ്പാളി കോൺഗ്രസ് തിങ്കളാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..