29 December Tuesday

വണ്ടാഴിയുടെ സാരഥിയാകാൻ ഓട്ടോഡ്രൈവർ : ദേശാഭിമാനി വിതരണത്തിനൊപ്പം പ്രസിഡണ്ട് പദവിയും

ശിവദാസ്‌ തച്ചക്കോട്‌Updated: Tuesday Dec 29, 2020

വടക്കഞ്ചേരി> പുരോഗമന പ്രസ്ഥാനവുമായും നാടിന്റെ നാവായ ദേശാഭിമാനി പത്രവുമായും പൊക്കിൾക്കൊടി ബന്ധം സൂക്ഷിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർ ഇനി പഞ്ചായത്തിന്റെ സാരഥി. ഇടതുപക്ഷത്തിന്റെ ശക്തിദുർഗ്ഗമായ ആലത്തൂർ നിയമസഭാ മണ്ഡലത്തിൽപ്പെടുന്ന വണ്ടാഴി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക്‌ ബുധനാഴ്‌ച മത്സരിക്കുകയാണ്‌ കെ എൽ രമേശ്‌ എന്ന സജീവ സിപിഐ എം പ്രവർത്തകൻ.

രാത്രിയോടെ പ്രസിലെത്തി ഓട്ടോറിക്ഷയിൽ കിടന്നുറങ്ങി പത്രം അച്ചടിച്ച്‌ കിട്ടിയാലുടൻ കെട്ടുമെടുത്ത്‌ ജില്ലയിലെ വിവിധ ഭാഗങ്ങളിലെത്തിക്കുക, നേരം വെളുത്താൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകുക. വണ്ടാഴി കൊരക്കാലി കെ എൽ രമേശ്‌ എന്ന പാർടി പ്രവർത്തകന്റെ ജീവിതം കഴിഞ്ഞ 15‌ വർഷമായി ഇങ്ങനെ. നാടിന്റെ നന്മയ്‌ക്കായി ഏറ്റെടുക്കുന്ന ജോലി പാർടി പ്രവർത്തനമായി തന്നെയാണ്‌ രമേശ്‌ കാണുന്നത്‌. തൊഴിലാളി കുടുംബത്തിൽ ജനിച്ച രമേശിനെ ആണ്‌ വണ്ടാഴി പഞ്ചായത്ത്‌ പ്രസിഡന്റായി സിപിഐ എം നിർദേശിച്ചിരിക്കുന്നത്‌. എൽഡിഎഫിന്‌ വ്യക്തമായ ഭൂരിപക്ഷമുള്ള വണ്ടാഴിയുടെ സാരഥി ഇനി രമേശ്‌.  

ഇരുപതുവർഷംമുമ്പ്‌ ഓട്ടോഡ്രൈവറായ രമേശ്‌ തൃശൂർ ദേശാഭിമാനിയിൽനിന്ന്‌ പത്രമെടുത്ത്‌ പാലക്കാട്ട്‌ എത്തിക്കുന്ന ജോലി തുടങ്ങിയത്‌ 2006ൽ. പാലക്കാട്ടുനിന്ന്‌ അച്ചടി തുടങ്ങിയപ്പോൾ ആ ജോലി തുടർന്നു. ഇപ്പോഴും രാത്രി ഓട്ടോയുമായെത്തി പത്രവിതരണം പ്രധാന ചുമതലയായി  നിര്‍വഹിക്കുന്നു.

തൃശൂരിൽനിന്ന്‌ ദേശാഭിമാനി പത്രം ആദ്യം വടക്കഞ്ചേരി ഏരിയയിൽ എത്തിക്കലായിരുന്നു ചെയ്തിരുന്നത്. പാലക്കാട്ടുനിന്ന് അച്ചടി  തുടങ്ങിയപ്പോൾ വടക്കഞ്ചേരിക്ക് പുറമെ ആലത്തൂർ, കൊല്ലങ്കോട് ഏരിയ കമ്മിറ്റികൾക്കുകൂടി പത്രം എത്തിച്ചു തുടങ്ങി. രാത്രി പത്തിന് വീട്ടിൽനിന്ന് ഇറങ്ങിയാൽ പത്രക്കെട്ടുകൾ എല്ലായിടത്തും എത്തിച്ച് വീടെത്തുമ്പോൾ നേരം പുലരും.
വണ്ടാഴി പഞ്ചായത്ത്‌ ഒമ്പതാം വാർഡ്‌ വണ്ടാഴി ടൗണിൽനിന്ന്‌ 292 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേശ്‌ തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താലും പത്രവിതരണം തുടരാനാണ്‌ തീരുമാനം.
സിപിഐ എം വണ്ടാഴി ലോക്കൽ കമ്മിറ്റി അംഗവും കൊരക്കാലി ബ്രാഞ്ച് സെക്രട്ടറിയുമാണ്‌. പട്ടികജാതി ക്ഷേമസമിതി ഏരിയ ജോയിന്റ്‌ സെക്രട്ടറി, ഓട്ടോ- ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം, എസ്‌സി പ്രൊമോട്ടർ എന്നീ നിലകളിലും നാൽപ്പത്തഞ്ചുകാരനായ രമേശ്‌  പ്രവർത്തിക്കുന്നു. ഒരാഴ്ചമുമ്പ് രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് രമേശ്‌. ഭാര്യ: ശാരദ. മകൾ: അമീഷ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top