കാഞ്ഞങ്ങാട് > ലീഗുകാർ കൊലപ്പെടുത്തിയ ഔഫ് അബ്ദുറഹ്മാന്റെ കുടുംബം അനാഥമാകില്ലെന്നും എല്ലാ സംരക്ഷണവും പാർടി നൽകുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി കെ കെ ശൈലജ പറഞ്ഞു. രോഗബാധിതയായ ഉമ്മയുൾപ്പെടുന്ന കുടുംബത്തിന്റെ തണലാണ‌് നഷ്ടമായത‌്. ഔഫിന്റെ ഭാര്യ ഗർഭിണിയാണ‌്. പിറക്കാനിരിക്കുന്ന കുഞ്ഞിനെയാണ‌് ഇവർ അനാഥമാക്കിയത‌്. കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ച‌് ശിക്ഷ ഉറപ്പാക്കണമെന്നാണ‌് അവർ ആവശ്യപ്പെട്ടത‌്. കൊല്ലപ്പെട്ട ഔഫിന്റെ ഭാര്യ ഷാഹിനയെയും ബന്ധുക്കളെയും കണ്ടശേഷം മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു അവർ.
ആലമ്പാടി ഉസ‌്താദിനെപോലുള്ള ആരാധ്യരായ മതപണ്ഡിതന്മാർ ഉൾപ്പെടുന്നതാണ‌് ഔഫിന്റെ കുടുംബം. സൗമ്യനായ ചെറുപ്പക്കാരന്റെ കൊലയ‌്ക്കു പിന്നിൽ പ്രവർത്തിച്ചവരെമാത്രമല്ല ഈ ഗൂഢാലോചനയിൽ പങ്കാളികളായവരെയും പിടികൂടണം﹣- ശൈലജ പറഞ്ഞു. ഔഫിന്റെ അമ്മാവന്മാരായ അബ്ദുറഹ‌്മാൻ സഖാഫി, ഹുസൈൻ മുസലിയാർ, ഇമർ സഅ‌്ദി, അബ്ദുൾഖാദർ എന്നിവർ വീട്ടിലുണ്ടായിരുന്നു. ഡിവൈഎഫ‌്ഐ ജില്ലാസെക്രട്ടറി സി ജെ സജിത്ത‌്, പ്രസിഡന്റ‌് പി കെ നിഷാന്ത‌്, എ ശബരീശൻ, പവിത്രി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..