കൊല്ലം> കൊല്ലം കോർപറേഷനിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രസന്ന ഏണസ്റ്റ് മേയറാകും. കൊല്ലം ജില്ലാ പഞ്ചായത്തിൽ അഡ്വ. സാം കെ ഡാനിയൽ പ്രസിഡന്റാകും.
ഞായറാഴ്‌ച ചേർന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് അഡ്വ. സാം കെ ഡാനിയലിനെ എൽഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. എൽഡിഎഫ് ധാരണപ്രകാരമാണ് സിപിഐ പ്രതിനിധി ആദ്യടേമിൽ പ്രസിഡന്റാകുക. മേയർ സ്ഥാനാർഥിയായി പ്രസന്ന ഏണസ്റ്റിനെ മത്സരിപ്പിക്കാൻ സിപിഐ എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
നെടുവത്തൂർ ഡിവിഷനിൽനിന്ന് വിജയിച്ച അഡ്വ. വി സുമലാലാണ് എൽഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനാർഥി. കാവനാട് ഡിവിഷൻ പ്രതിനിധിയായ കൊല്ലം മധുവാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി .
പുനലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്‌സണായി നിമ്മി എബ്രഹാം, കരുനാഗപ്പള്ളിയിൽ ചെയർമാനായി കോട്ടയിൽ രാജു, പരവൂർ മുനിസിപ്പാലിറ്റി ചെയർപേഴ്‌സണായി ഒ ഷൈലജ, വൈസ് ചെയർമാനായി എ സഫറുള്ള, കൊട്ടാരക്കരയിൽ വൈസ് ചെയർപേഴ്‌സണായി അനിതഗോപകുമാർ എന്നിവരെ മത്സരിപ്പിക്കാൻ സിപിഐ എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
കൊട്ടാരക്കരയിൽ കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് എ ഷാജുവിനെ എൽഡിഎഫിന്റെ ചെയർമാൻ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചു. എൽഡിഎഫ് ധാരണപ്രകാരം ആദ്യ രണ്ട് വർഷമാണ് കേരളകോൺഗ്രസ് ബി പ്രതിനിധി ചെയർമാനാകുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..