തിരുവനന്തപുരം> നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാനുള്ള മുസ്ലിംലീഗ് തീരുമാനത്തിൽ കോൺഗ്രസിൽ അമർഷം. അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടണമെന്ന ചർച്ചയ്‌ക്കൊപ്പം യുഡിഎഫ് കൺവീനർ സ്ഥാനത്തേക്കും അവകാശം ഉന്നയിക്കാനുള്ള നീക്കത്തിൽ കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു. ലീഗ് ചോദിച്ചാൽ അപ്പോൾ പറയാമെന്നാണ് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പ്രതികരിച്ചത്.
കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ പരമ്പരാഗത കേന്ദ്രങ്ങളിൽ പിടിച്ചുനിൽക്കാനായത് തങ്ങൾക്ക് മാത്രമാണെന്നാണ് മുസ്ലിംലീഗ് പ്രചരിപ്പിക്കുന്നത്. കോൺഗ്രസിനെ പിൻസീറ്റിലിരുത്തി യുഡിഎഫിനെ നയിക്കാനുള്ള ലീഗിന്റെ നീക്കം അപകടകരമാണെന്നും മുന്നണിയിലെ ഒന്നാം സ്ഥാനം തൽക്കാലം വിട്ടുകൊടുക്കാനാകില്ലെന്നുമാണ് കോൺഗ്രസിലെ രണ്ടാംനിര നേതാക്കളുടെ നിലപാട്. കെപിസിസിയിലെ നേതൃമാറ്റംവരെ ആവശ്യപ്പെടുന്ന നിലയിലേക്ക് ലീഗ് എത്തിയത് കോൺഗ്രസിന്റെ പിടിപ്പുകേടാണെന്നും ഇവർക്ക് ആക്ഷേപമുണ്ട്.
കൂടുതൽ സീറ്റുകളിൽ ലീഗ് കണ്ണുവയ്‌ക്കുന്നതും കോൺഗ്രസ് നേതാക്കളിലും അണികളിലും ആശങ്ക ഉയർത്തി. കോൺഗ്രസും യുഡിഎഫും ദുർബലമായ സാഹചര്യത്തിൽ ലീഗ് സ്വാഭാവികമായും കൂടുതൽ സീറ്റ് ആവശ്യപ്പെടും.
ഒരു പരിധിവരെ കോൺഗ്രസിന് അതിന് വഴങ്ങേണ്ടിവരും. ലീഗിന്റെ ആവശ്യങ്ങളെ പാടേ തള്ളി മുന്നോട്ടുപോകാൻ കഴിയുന്ന ശേഷിയിലല്ല കോൺഗ്രസ് നേതൃത്വം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..