തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ചചെയ്യാനെത്തിയ എഐസിസി ജനറൽസെക്രട്ടറി താരിഖ് അൻവറിനുമുന്നിൽ കോൺഗ്രസ് നേതാക്കളുടെ പരാതിപ്രളയം. സംസ്ഥാന നേതാക്കളുമായി ഒരുമിച്ചുള്ള കൂടിക്കാഴ്ച ഒഴിവാക്കി ഒറ്റക്കൊറ്റയ്‌ക്കാണ് താരിഖ് അൻവർ കാണുന്നത്. കെപിസിസി നേതൃമാറ്റം ഒഴിവാക്കി ഡിസിസികളിൽ അഴിച്ചുപണിക്കാണ് സാധ്യത.
നേതൃത്വത്തിന്റെ പിടിപ്പുകേടാണ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്നാണ് ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടത്. കെപിസിസി ജനറൽ സെക്രട്ടറിമാർ, വൈസ്‌പ്രസിഡന്റുമാർ എന്നിവർ ഒറ്റയ്‌ക്കൊറ്റയ്‌ക്ക് താരീഖ് അൻവറുമായി കൂടിക്കാഴ്‌ച നടത്തി. പരാജയത്തിന്റെ ഉത്തരവാദിത്തം ഡിസിസി നേതൃത്വത്തിനുണ്ടെന്നും കെപിസിസി നേതൃത്വത്തെമാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നും മുല്ലപ്പള്ളി അനുകൂലികൾ അഭിപ്രായപ്പെട്ടു. മുല്ലപ്പള്ളിയെ മാറ്റണമെന്ന് ഉന്നയിച്ചില്ലെങ്കിലും ഉമ്മൻചാണ്ടിയെ നേതൃപദവിയിലേക്ക് നിയോഗിക്കണമെന്ന് എ ഗ്രൂപ്പ് നേതാക്കൾ ആവശ്യപ്പെട്ടു. ഈ നിലയിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന് പലരും തുറന്നുപറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ ഏകോപനമില്ലായ്‌മയാണ് പരാജയകാരണമെന്ന് വി ഡി സതീശൻ പരാതിപ്പെട്ടു.
ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു. എന്നാൽ, തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം അവശേഷിക്കെ അത്തരമൊരു മാറ്റത്തിന് സമയമോ സാഹചര്യമോ ഇല്ലെന്നാണ് നേതാക്കൾക്കിടയിലെ പൊതുവികാരം. മുല്ലപ്പള്ളിയെ മാറ്റിയാൽ ലീഗിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെടുമെന്നും അവർ അഭിപ്രായപ്പെട്ടു. സംഘടനാ പാളിച്ചകളും ഏകോപനത്തിൽ കുറവും ഗ്രൂപ്പിസവുമാണ് തോൽവിക്ക് കാരണമെന്ന് പലനേതാക്കളും അഭിപ്രായപ്പെട്ടു. പ്രചാരണത്തിന് പണം കിട്ടിയില്ലെന്നും പരാതി ഉയർന്നു.
നിലവിലെ സാഹചര്യം സംബന്ധിച്ച റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷയ്ക്ക് സമർപ്പിക്കുമെന്ന് താരിഖ് അൻവർ പ്രതികരിച്ചു. മുസ്ലിംലീഗുൾപ്പെടെ സമ്മർദം ശക്തമാക്കിയ സാഹചര്യത്തിൽ കോൺഗ്രസിൽ നേതൃമാറ്റമെന്ന ആവശ്യം അദ്ദേഹം പാടെ തള്ളിയില്ല. ദേശീയ നേതാക്കൾ തിങ്കളാഴ്‌ച ഘടകകക്ഷി നേതാക്കളെ കാണും. തുടർന്ന്, നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എഐസിസി തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..