ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൻകി ബാത്ത് പ്രക്ഷേപണം ചെയ്‌ത സമയത്ത് രാജ്യമെങ്ങും ആയിരക്കണക്കിനു കേന്ദ്രങ്ങളിൽ കർഷകരും തൊഴിലാളികളും പാത്രം കൊട്ടിയും മുദ്രാവാക്യം മുഴക്കിയും പ്രതിഷേധിച്ചു. കോർപറേറ്റുകളുടെയും ബഹുരാഷ്ട്രകമ്പനികളുടെയും താൽപര്യം സംരക്ഷിക്കാൻ പ്രധാനമന്ത്രി നുണ പറയുകയാണെന്ന് പ്രക്ഷോഭകർ ആരോപിച്ചു. അഖിലേന്ത്യ കിസാൻസംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റിയും ഇതര കർഷകസംഘടനകളുമാണ് പ്രതിഷേധത്തിന് ആഹ്വാനം നൽകിയത്. യുവജനങ്ങളും സമൂഹത്തിന്റെ ഇതര മേഖലകളിലുള്ളവരും പങ്കുചേർന്നു.
കാർഷികമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളും ഭക്ഷ്യസംസ്‌കരണ സംവിധാനങ്ങളും മെച്ചപ്പെടുത്താൻ സർക്കാർ മുതൽമുടക്ക് വർധിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് കോ–-ഓർഡിനേഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. എന്നാൽ, കോർപറേറ്റുകൾക്കായി ലക്ഷം കോടി രൂപ ചെലവിടാനാണ് സർക്കാർ പദ്ധതി. ഇതു ആത്മനിർഭർ അല്ല, സ്വയം നശിപ്പിക്കലാണ്. സർക്കാർനയങ്ങളുടെ കെടുതി ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് ഗ്രാമീണമേഖലയിലെ യുവജനങ്ങളാണ്. പുതുവർഷദിനത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയർത്താനും കർഷകരെ പിന്തുണയ്‌ക്കുമെന്ന് പ്രതിജ്ഞയെടുക്കാനും കോ–-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്‌തു.
കർഷകസമരം രാജ്യമെങ്ങും കത്തിപ്പടരുകയാണ്. ഹരിയാനയിലെ ധൻസയിൽ പ്രക്ഷോഭകർ ദേശീയപാത ഉപരോധിച്ചു. പട്‌നയിലും തഞ്ചാവൂരിലും 29നും ഹൈദരാബാദിലും മണിപ്പുരിലും 30നും പ്രതിഷേധറാലി നടക്കും.
പ്രക്ഷോഭം തീരുന്നതുവരെ ഹരിയാനയിൽ ടോൾ ബൂത്തുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ അറിയിച്ചു. എല്ലാ ടോൾ ബൂത്തിലും കർഷകവളന്റിയർമാർ നിലയുറപ്പിക്കും. 25 മുതൽ 27 വരെ ടോൾ ബൂത്തുകളുടെ പ്രവർത്തനം തടഞ്ഞു. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ ഇത് തുടരും. ഹരിയാനയിൽ ബിജെപി, ജെജെപി നേതാക്കളുടെ ഓഫീസുകളും വസതികളും കർഷകർ ഉപരോധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..