സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽനിന്ന് ബേക്കറി പലഹാരങ്ങളും ഫർണിച്ചറും സൗന്ദര്യ വർധക വസ്‌തുക്കളും തയ്യാറാകുന്നു. ഇവയുണ്ടാക്കാൻ കഴിവുള്ള വിദ്യാർഥികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.
കോഴിക്കോട് ഗവ. വനിതാ ഐടിഐയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ബ്യൂട്ടി സൊല്യൂഷൻസ്, മലപ്പുറം അരീക്കോട് ഗവ. ഐടിഐയിൽ ഫർണിച്ചർ നിർമാണം, കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിൽ ബേക്കറി ഉൽപ്പന്നങ്ങൾ, സാനിറ്റൈസർ, ഹാൻഡ് വാഷ് നിർമാണ യൂണിറ്റ് എന്നിവ ആരംഭിക്കും. ഘട്ടംഘട്ടമായി എല്ലാ ഐടിഐകളിലേക്കും ഇത് വ്യാപിപ്പിക്കും.
സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ടി അത്യാധുനിക സൗകര്യങ്ങളോടെയാണ് കോഴിക്കോട് വനിതാ ഐടിഐയിൽ ടി-ചാം എന്ന പേരിൽ ബ്യൂട്ടി സൊല്യൂഷൻസ് ആരംഭിക്കുന്നത്. സംസ്ഥാനത്ത് കോസ്‌മെറ്റോളജി ട്രേഡുള്ള ഏക ഐടിഐയാണ് കോഴിക്കോട്. അരീക്കോട് ഗവ. ഐടിഐയിൽ നിർമിക്കുന്ന ഫർണിച്ചർ വ്യാവസായിക പരിശീലനവകുപ്പിന്റെ ബ്രാൻഡ് നെയിമായ ടി- ഫർണിഷിങ്‌സ് എന്ന പേരിൽ വിപണിയിൽ ഇറങ്ങും. വിദഗ്ധരായ ആശാരിമാരെയും നിയോഗിക്കും.
ചന്ദനത്തോപ്പ് ഗവ. ബേസിക് ട്രെയിനിങ് സെന്ററിൽ ബേക്കറി -കൺഫക്ഷണറി യൂണിറ്റ് ആരംഭിക്കുന്നതിനൊപ്പം നിലവിലുള്ള സാനിറ്റൈസർ, ഹാൻഡ് വാഷ് നിർമാണം വിപുലപ്പെടുത്തും. ടി ബൈറ്റ്, ടി- ഫെൻഡ്, ടി- വാഷ് എന്നീ പേരുകളിലാണ് ബേക്കറി ഉൽപ്പന്നങ്ങളും സാനിറ്റൈസറും ഹാൻഡ് വാഷും ഉൽപ്പാദിപ്പിക്കുക. കോഴിക്കോട് വനിതാ ഐടിഐയിലെ ടി-ചാം തിങ്കളാഴ്ച പകൽ 10നും ചന്ദനത്തോപ്പ് ബിടിസിയിലെ ഉൽപാദനകേന്ദ്രം പകൽ 11.30നും അരീക്കോട് ഐടിഐയിലെ യൂണിറ്റ് പകൽ 12നും മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചന്ദനത്തോപ്പിലും അരീക്കോടും വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..