ന്യൂഡൽഹി > രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായി നാല് സംസ്ഥാനത്തിൽ അടുത്ത ആഴ്‌ച ഡ്രൈ റൺ സംഘടിപ്പിക്കും. വാക്‌സിൻ അവതരണത്തിന് മുന്നോടിയായുള്ള പരിശീലനമാണ് ഡ്രൈ റൺ. വാക്‌സിൻ ശേഖരണം, ശീതീകരണസംവിധാനം, വിതരണശൃംഖല, കുത്തിവയ്‌പ്, പാർശ്വഫലങ്ങൾ നിരീക്ഷിക്കൽ തുടങ്ങിയ നിർണായകഘട്ടങ്ങളുടെ ഫലപ്രാപ്‌തി വിശകലനം ചെയ്യുന്ന പ്രക്രിയയാണിത്. ലോക ആരോഗ്യസംഘടനയുടെയും യുഎൻഡിപിയുടെയും സഹകരണത്തോടെയാണ് ഡ്രൈറൺ. കോവിഡ് പ്രതിരോധയജ്ഞം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ വികസിപ്പിച്ച കോ–-വിൻ ഐടി പ്ലാറ്റ്‌ഫോമിന്റെ പ്രകടനവും വിലയിരുത്തും. വാക്‌സിൻ വിതരണത്തിനായി കേന്ദ്രസർക്കാർ പ്രത്യേകം വികസിപ്പിച്ച ആപ്ലിക്കേഷനാണ് കോ–-വിൻ.
●100 പേർക്ക് വാക്‌സിൻ നൽകും
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ജില്ലയിലെ അഞ്ച് കേന്ദ്രത്തിലാണ് ഡ്രൈ റൺ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ പകൽ ഒമ്പതുമുതൽ അഞ്ചുവരെ തെരഞ്ഞെടുക്കപ്പെട്ട 100 പേർക്ക് വാക്‌സിൻ നൽകും. കുത്തിവയ്‌പ് കേന്ദ്രത്തിൽ ഡോക്ടർ, നേഴ്‌സ്, ഫാർമസിസ്‌റ്റ്, പൊലീസ്, ഗാർഡ് തുടങ്ങിയവർ ഉണ്ടാകും. കുത്തിവച്ചവരെ അരമണിക്കൂർ സൂക്ഷ്‌മമായി നിരീക്ഷിച്ച് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന് നോക്കും. പാർശ്വഫലങ്ങൾ പ്രകടമാകുന്നവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റും.
●വിതരണത്തിന് ഒരുങ്ങി എയർപോർട്ട് അതോറിറ്റി
വ്യോമസേനയുമായി സഹകരിച്ച് കോവിഡ് വാക്‌സിൻ വിതരണത്തിന് തയ്യാറെടുപ്പുകൾ തുടങ്ങി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). പുണെ വിമാനത്താവളത്തിന് അടുത്ത് 2.5 ഏക്കർ സ്ഥലം ഏറ്റെടുത്ത് വാക്‌സിൻ വിതരണകേന്ദ്രങ്ങൾ സജ്ജീകരിക്കും. വാക്‌സിൻ വികസിപ്പിക്കുന്ന സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്‌ഐഐ) ആസ്ഥാനവും പുണെയിലാണ്. ഓക്‌സ്‌ഫഡ് സർവകലാശാലയും അസ്‌ട്രാസെൻകയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിൻ രാജ്യത്തിനകത്ത് ഉൽപ്പാദിപ്പിക്കാനും വിതരണം ചെയ്യാനും ലൈസൻസ് നേടിയിട്ടുള്ളത് സെറം ഇൻസ്‌റ്റിറ്റ്യൂട്ടാണ്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഈ വാക്‌സിന് ഉടൻ ലഭിച്ചേക്കും.
പുണെയായിരിക്കും പ്രധാന വിതരണ കേന്ദ്രമെങ്കിലും ഡൽഹി, മുംബെ, ഹൈദരാബാദ് വിമാനത്താവളങ്ങളും വാക്‌സിൻ വിതരണശൃംഖലയിൽ നിർണായക പങ്ക് വഹിക്കേണ്ടി വരും. എല്ലാ വിമാനത്താവളങ്ങളിലും വാക്‌സിനുകൾ സൂക്ഷിക്കാനുള്ള ശീതീകരണസംവിധാനങ്ങളും അത് വിവിധസ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള വാഹനസൗകര്യങ്ങളും സജ്ജീകരിക്കണം. ഈ ലക്ഷ്യത്തോടെ ഡൽഹി വിമാനത്താവളത്തിൽ ‘ഓപറേഷൻ സഞ്‌ജീവനി’ എന്ന പേരിൽ പ്രത്യേക പദ്ധതിയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..