27 December Sunday

ഭിന്നശേഷി മേഖലയിൽ സ്വാശ്രയ സർവകലാശാലയ്‌ക്ക്‌ ബിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 26, 2020

ന്യൂഡൽഹി > തിരുവനന്തപുരം നിഷിന്‌ സർവകലാശാലാ പദവി നിഷേധിച്ച കേന്ദ്ര സർക്കാർ ഭിന്നശേഷിക്കാർക്ക്‌ സ്വാശ്രയ സർവകലാശാല സ്ഥാപിക്കാൻ ബിൽ കൊണ്ടുവരുന്നു. ഇതിനായി കഴിഞ്ഞ 24നു കേന്ദ്രം പ്രസിദ്ധീകരിച്ച കരട്‌ ബില്ലിന്മേൽ  അഭിപ്രായം അറിയിക്കാൻ ഒമ്പത്‌ ദിവസം മാത്രമാണ്‌ അനുവദിച്ചിട്ടുള്ളത്‌. അസമിലെ കാംരൂപ്‌ കേന്ദ്രമായി പുതിയ സർവകലാശാല സ്ഥാപിക്കാനാണ്‌ ബിൽ.
  
  ശ്രവണ–-സംസാര ഭിന്നശേഷിക്കാർക്കായി തിരുവനന്തപുരം ആക്കുളത്ത്‌ പ്രവർത്തിക്കുന്ന നിഷിനെ ദേശീയ സർവകലാശാലയായി ഉയർത്തുമെന്ന്‌ 2015–-16ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ, ഇതിന്‌ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയില്ല. ഇപ്പോൾ പുതിയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചാണ്‌ അസമിൽ ഈ മേഖലയിൽ സർവകലാശാല സ്ഥാപിക്കുന്നത്‌. ഭിന്നശേഷിമേഖലയിൽ പരിശീലകരെയും ഗവേഷകരെയും സൃഷ്ടിക്കാനാണ്‌ കേന്ദ്രം ലക്ഷ്യമിടുന്നത്‌. ഭിന്നശേഷിക്കാരുടെ ശാക്തീകരണം, പുനരധിവാസം എന്നിവ വഴി ഇവരെ മുഖ്യധാരയിൽ എത്തിക്കുന്നതിനെക്കുറിച്ച്‌ മൗനംപാലിക്കുന്നു. പ്രവർത്തനത്തിനുള്ള വിഭവസമാഹരണം സ്വയംകണ്ടെത്താനാണ്‌ നിർദേശം. ഇവിടെ പരിശീലനം നേടാൻ ഉയർന്ന ഫീസ്‌ നൽകേണ്ടിവരും.

ഭിന്നശേഷിക്കാരുടെ ശാക്തീകരണം അട്ടിമറിക്കുന്ന നടപടിയാണ്‌ കേന്ദ്ര സർക്കാരിന്റേത്‌. ഭിന്നശേഷിക്കാരുടെ പുനരധിവാസം കേന്ദ്രത്തിന്റെ അജൻഡയിൽ ഇല്ലെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണെന്ന്‌ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


 Top