തിരുവനന്തപുരം > ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയാകും. ഇന്നലെ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് ആര്യയെ മേയർ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചിരുന്നു. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി തീരുമാനത്തിന് അംഗീകാരം നൽകുകയായിരുന്നു.
മുടവൻമുഗൾ വാർഡിൽ നിന്നുമാണ് ആര്യ വിജയിച്ചത്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്‌എഫ്‌ഐ സംസ്ഥാനകമ്മിറ്റിയംഗവുമാണ്. ബിഎസ്‌സി രണ്ടാം വർഷഗണിത വിദ്യാർഥിനിയാണ് ആര്യ. 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
മേയറായി തെരഞ്ഞെടുക്കപ്പെടുന്നതോടെ ഈ പദവിയിൽ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും. തിങ്കളാഴ്‌ചയാണ് മേയർ തെരഞ്ഞെടുപ്പ്. 52 വാർഡുകളിൽ വിജയിച്ച് കേവലഭൂരിപക്ഷം സ്വന്തമാക്കിയാണ് കോർപറേഷനിൽ എൽഡിഎഫ് അധികാരം നിലനിർത്തിയത്. ഒരു സ്വതന്ത്രയുടെ പിന്തുണയുമുണ്ട്. എൻഡിഎ 35, യുഡിഎഫ് പത്ത്, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയാണ് നില.
പാർട്ടി ഏൽപ്പിച്ച പുതിയ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യ പ്രതികരിച്ചു. പാർട്ടിയേൽപ്പിച്ച ഉത്തരവാദിത്വത്തിനൊപ്പം പഠനവും കൂടി മുന്നോട്ട് കൊണ്ടു പോകണമെന്നാണ് കരുതുന്നത്. വിദ്യാർത്ഥിനികളും വിദ്യാഭ്യാസമുള്ളവരും വരണമെന്നുളളതും ജനങ്ങളുടെ കാഴ്‌ചപ്പാടാണെന്നും ആര്യ വ്യക്തമാക്കി.
ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്‌സി മാത്‌സ് വിദ്യാർഥിനിയായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്. മകളിൽ പ്രതീക്ഷയെന്ന് പിതാവ് രാജേന്ദ്രൻ പ്രതികരിച്ചു. തീരുമാനങ്ങൾ എപ്പോഴും ആര്യയ്ക്ക് വിട്ടു കൊടുക്കാറാണ് പതിവ്. മേയർ ആകും എന്നറിയുന്നതിൽ സന്തോഷം എന്നും രാജേന്ദ്രൻ പ്രതികരിച്ചു.
നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണത്തോടെയാണ് വി കെ പ്രശാന്ത് 2015 ൽ നഗരത്തിന്റെ 44–മത് മേയറായി എത്തിയതെങ്കിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന സവിശേഷതയാണ് ആര്യയെ കാത്തിരിക്കുന്നത്.
തിരുവനന്തപുരത്തെ മൂന്നാമത്തെ വനിതാ മേയർ എന്ന പ്രത്യേകത കൂടി ഇതോടെ ആര്യയ്ക്കുണ്ടാകും. 2000–2005 കോർപ്പറേഷൻ മേയറായ പ്രഫ. ജെ ചന്ദ്രയും 2010–2015 കാലയളവിൽ മേയറായ അഡ്വ. കെ ചന്ദ്രികയുമാണ് വനിതാ മേയർമാരിലെ മുൻഗാമികൾ. മൂവരും സിപിഐ എം പ്രതിനിധികളാണെന്ന പ്രത്യേകതയുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..