KeralaLatest NewsEntertainment

അറംപറ്റിയ അവസാന പോസ്റ്റ്‌ പങ്കുവെച്ച് ആരാധകർ : അനിൽ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് തിരുവന്തപുരത്ത് എത്തിക്കും

അനിലിന്റെ ആകസ്മിക നിര്യാണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് സോഷ്യൽ മീഡിയ.

മാറുന്ന മലയാള ചലച്ചിത്ര ലോകത്തിന്റെ മാറ്റത്തിന്റെ മുഖമാകേണ്ടിയിരുന്ന താരമായിരുന്നു അനില്‍ നെടുമങ്ങാട്. ചലച്ചിത്രരംഗത്തേക്ക് അനിലിന്റെ രംഗപ്രവേശം അല്പം വൈകിയായിരുന്നുവെന്നത് പ്രേക്ഷകന്റെ സ്വകാര്യ നഷ്ടമാണ്. അധികം സിനിമകളില്‍ വേഷമിട്ടിട്ടില്ലെങ്കിലും അഭിനയിച്ചതൊക്കെയും അവിസ്മരണീയമാക്കിയ നടനെയാണ് മലയാള സിനിമക്ക് ഇന്ന് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത്. അനിലിന്റെ ആകസ്മിക നിര്യാണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് സോഷ്യൽ മീഡിയ.

ഇന്നലെ രാവിലെ അനില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ഈ സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ്. അദ്ദേഹത്തിന്റെ അവസാന പോസ്റ്റ്‌ അക്ഷരാര്‍ത്ഥത്തില്‍ അറം പറ്റിയ പോസ്റ്റ്‌ ആയി മാറി. സംവിധായകന്‍ സച്ചിയെ കുറിച്ചുള്ള പോസ്റ്റാണ് അനില്‍ ഇന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

“ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്ബി യിലെ കവര്‍ ഫോട്ടോ ആയിട്ട് നിങ്ങളിങ്ങനെ.. ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം എന്റേതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ചു സെക്കന്റ്‌ എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ.. ? ഞാന്‍ പറഞ്ഞു ആയില്ല ആവാം.. ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം. സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിയേട്ടനെ ഞാന്‍ നിരീക്ഷിച്ചു അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.”

അതേസമയം അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും. കൊവിഡ് പരിശോധനാ ഫലം വന്ന ശേഷമായിരിക്കും മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകുക. പിന്നീട് തിരുവനന്തപുരത്ത് എത്തിക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button