തിരുവനന്തപുരം > കർഷകരും കാർഷികരംഗവും നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ 14–--ാം കേരള നിയമസഭയുടെ 21–--ാം സമ്മേളനം 31ന് വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭക്ഷ്യധാന്യങ്ങൾക്ക് മറ്റുസംസ്ഥാനങ്ങളെ ഗണ്യമായി ആശ്രയിക്കുന്ന കേരളത്തിന് കർഷകരുടെ പ്രശ്നങ്ങൾ ഏറെ ഉൽക്കണ്ഠ ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതുതാൽപ്പര്യ വിഷയമായതിനാൽ നിയമസഭയിൽ ചർച്ച ചെയ്യുന്നത് ഉചിതമാണ്. കർഷകപ്രതിഷേധം തുടരുന്നതിനാൽ ഇത് അടിയന്തര പ്രശ്നമായിത്തന്നെ കണക്കാക്കി അഭിപ്രായ രൂപീകരണം നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയം ചർച്ചചെയ്യാൻ 23ന് നിയമസഭ വിളിച്ചുചേർക്കാൻ 21ന് ചേർന്ന മന്ത്രിസഭായോഗം ശുപാർശ ചെയ്തിരുന്നു. ഗവർണർ അംഗീകരിച്ചില്ല. ഇത്തവണ മന്ത്രിസഭയുടെ തീരുമാനം ഗവർണർ അംഗീകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. ഭൂരിപക്ഷമുള്ള സർക്കാരിന്റെ തീരുമാനം അംഗീകരിക്കുകയെന്നതാണ് രീതി. സർക്കാർ കൃത്യമായാണ് കാര്യങ്ങൾ അറിയിച്ചത്. നിയമസഭ എന്തൊക്കെ ചർച്ചചെയ്യണമെന്ന് തീരുമാനിക്കുന്നത് സഭയാണ്.
ഗവർണർ അദ്ദേഹത്തിൽ അർപ്പിതമായ ഉത്തരവാദിത്തത്തിൽനിന്ന് പ്രവർത്തിക്കുന്നതിന് സർക്കാർ തടസ്സമല്ല. പക്ഷേ, മന്ത്രിസഭാ തീരുമാനം അനുമതിക്കായി നൽകിയാൽ അംഗീകരിക്കുക മാത്രമേ ഗവർണർക്ക് സാധാരണഗതിയിൽ ചെയ്യാനാകൂ. ഇപ്പോൾ എന്തിനാണ് ഇങ്ങനെ യോഗംചേരുന്നതെന്ന ചോദ്യം രാജ്യത്തെ പാർലമെന്ററി സമ്പ്രദായത്തിന് നിരക്കുന്നതല്ല. ഇക്കാര്യമാണ് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. അത് തുടരും.
വാർഡ് വിഭജനം വേണമെന്നാണ് സർക്കാരിന്റെ അഭിപ്രായം. കോവിഡ് സാഹചര്യത്തിൽ അത് സാധ്യമായില്ല. തദ്ദേശ തെരഞ്ഞെടുപ്പ് വല്ലാതെ നീണ്ടുപോകുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. അതുകൊണ്ടാണ് നിലവിലെ വാർഡുകൾ വച്ചുതന്നെ തെരഞ്ഞെടുപ്പാകാമെന്ന് തീരുമാനിച്ചത്.
സർക്കാർ എടുക്കുന്ന ഓരോ തീരുമാനത്തിനും അതിന്റേതായ കാരണമുണ്ട്. അത് ചിലപ്പോൾ അദ്ദേഹം തെറ്റിദ്ധരിച്ചതായിരിക്കുമന്നും ഗവർണറുടെ മറുപടിക്കത്തിനെക്കുറിച്ചുള്ള ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..