കോഴിക്കോട് > കുഞ്ഞിരാമന്‍റെ കുപ്പായം, പൂഴിക്കടകൻ എന്നീ സിനിമകൾക്ക് തിരക്കഥ എഴുതിയ യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി (45) കോവിഡ് ബാധിച്ച് മരിച്ചു. ഡിസംബർ 16ന് കോവിഡ് പോസിറ്റീവ് ആയി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പിന്നീട് ഗിലൻ ബാരി സിൻഡ്രോം രോഗം വന്നതോടെയാണ് ആരോഗ്യം മോശമായത്.
ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ ഹരിപ്രസാദിന്‍റെ ആരോഗ്യനില ഇന്നലെ രാത്രി മുതൽ അതീവ ഗുരുതരമായി തുടരുകയായിരുന്നു.
സിദ്ദീഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്യുന്ന 'ഗെറ്റുഗദർ' എന്ന സിനിമയുടെ തിരക്കഥ പൂർത്തീകരിച്ച് 2021 ഏപ്രിലിൽ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് ഹരിപ്രസാദിന്‍റെ വിയോഗം. ശവസംസ്കാരം വൈകീട്ട് കോവിഡ് മാനദണ്ഡ പ്രകാരം കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
കോഴിക്കോട് ജില്ലയിലെ മടവൂർ ആണ് സ്വദേശം. പിതാവ് പത്മനാഭൻ നായർ (മരിച്ചു), മാതാവ് സുഭദ്ര, സഹോദരൻ കേണൽ ജയപ്രസാദ്. ഹരിപ്രസാദ് കൊളേരി അവിവാഹിതനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..