കാഞ്ഞങ്ങാട് > വഴിയോരങ്ങളിൽ കാത്തുനിന്ന ആയിരങ്ങളെ അവൻ കണ്ടില്ല, അവന്റെ പേരുചൊല്ലി തൊണ്ടപൊട്ടുമാറുച്ചത്തിൽവിളിച്ച മുദ്രാവാക്യങ്ങളുംകേട്ടില്ല. ആ ഹൃദയംകുത്തിക്കീറിയവർക്ക് മുന്നിലൂടെ, അവന്റെ സഖാക്കളുടെ, ജനാവലിയുടെ ഹൃദയങ്ങളിലേക്ക് കുടിയേറി അവൻ യാത്രയായി. കാഞ്ഞങ്ങാട് പഴയകടപ്പുറത്ത് മുസ്ലിംലീഗുകാർ കുത്തിക്കൊന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുറഹ്മാന് നാട് കണ്ണീരോടെ വിട നൽകി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് പോസ്‌റ്റുമോർട്ടത്തിനു ശേഷം സിപിഐ എം, ഡിവൈഎഫ്‌ഐ നേതാക്കൾചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായി കാഞ്ഞങ്ങാട് കല്ലൂരാവിയിൽ കൊണ്ടുവന്നു. പഴയകടപ്പുറം ജുമാ മസ്‌ജിദിൽ പൊതുദർശനത്തിനുവച്ചശേഷം കബറടക്കി.
വഴിനീളെ ആയിരങ്ങൾ പ്രിയ സഖാവിന് അന്ത്യാഞ്ജലിയർപ്പിച്ചു. നിർധന കുടുംബാംഗമായ ഔഫ് ഗർഭിണിയായ ഭാര്യയെ ഡോക്ടറെ കാണിക്കാൻ സുഹൃത്തിന്റെ കൈയിൽനിന്ന് പണം കടംവാങ്ങി വരുമ്പോഴാണ് ബുധനാഴ്‌ച രാത്രി മാരകായുധങ്ങളുമായെത്തിയ മുസ്ലിംലീഗുകാർ ബൈക്ക് തടഞ്ഞ് കുത്തിവീഴ്‌ത്തിയത്. വലതു നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിനുണ്ടായ തിരിച്ചടിയെതുടർന്ന് പ്രദേശത്ത് നിരവധി അക്രമങ്ങൾ സിപിഐ എം പ്രവർത്തകർക്കെതിരെ നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിരുന്നു ഔഫിന്റെ കൊലപാതകവും.
പോസ്റ്റ്മോർട്ടത്തിനുശേഷം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കരുണാകരൻ, എം വി ഗോവിന്ദൻ, കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, കെ പി സഹദേവൻ, കെ പി സതീഷ് ചന്ദ്രൻ, ടി വി രാജേഷ് എംഎൽഎ എന്നിവർ മൃതദേഹത്തിൽ പാർടി പതാക പുതപ്പിച്ചു. എസ് കെ സജീഷ് ഡിവൈഎഫ്ഐ പതാക പുതിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എ എ റഹിം, വൈസ് പ്രസിഡന്റ് എം വിജിൻ തുടങ്ങിയവർ അന്ത്യാഭിവാദ്യമർപ്പിച്ചു.
പ്രതികൾ യൂത്ത് ലീഗുകാർ; ഒരാൾ കസ്റ്റഡിയിൽ
കാഞ്ഞങ്ങാട് > ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്തിയതിൽ മുസ്ലിം യൂത്ത് ലീഗുകാരായ മൂന്നുപേർക്കെതിരെ കേസെടുത്തു. യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി മുണ്ടത്തോട്ടെ ഇർഷാദ്, പ്രവർത്തകരായ ഹസൻ, ഇസ്ഹാഖ് എന്നിവർക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലയ്ക്കുശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച ഇർഷാദ് പൊലീസ് നിരീക്ഷണത്തിലാണ്. ഇയാൾ ഉൾപ്പെടെ രണ്ടുപേർ കസ്റ്റഡിയിലുള്ളതായി ജില്ലാ പൊലീസ് മേധാവി ഡി ശിൽപ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..