കരുനാഗപ്പള്ളി > സുനാമി തിരമാലകൾ ആലപ്പാടിന്റെ തീരം കവർന്ന നടുക്കുന്ന ഓർമകൾക്ക് ശനിയാഴ്ച 16 വയസ്സ് തികയും. ആലപ്പാട് എന്ന കൊച്ചുഗ്രാമത്തിലെ 142 പേരുടെ ജീവനും ആയിരക്കണക്കിന് വീടുകളുമാണ് ദുരന്തം കവർന്നെടുത്തത്. ഇന്തോനേഷ്യയിലെ ഭൂകമ്പത്തെ തുടർന്ന് 2004 ഡിസംബർ 26ന് പകൽ പതിനൊന്നോടെയാണ് തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയത്.
മത്സ്യത്തൊഴിലാളികൾ ധാരാളമായി താമസിക്കുന്ന പ്രദേശമാണ് ആലപ്പാട്. അശാസ്ത്രീയമായ ഖനനവും ദീർഘവീക്ഷണമില്ലാത്ത കടൽഭിത്തി നിർമാണവും മൂലം ഭൂരിഭാഗം പ്രദേശവും കടലെടുത്തു. അവശേഷിക്കുന്ന തുരുത്തിലെ ഗ്രാമജീവിതത്തിനു മേലേക്കാണ് സുനാമി ആഞ്ഞടിച്ചത്. 1000 കുടുംബങ്ങൾ പൂർണമായും ദുരിതത്തിലായി. 3000ത്തിലേറെ വീടുകൾ ഭാഗികമായും നശിച്ചു.
ശ്രായിക്കാട്, അഴീക്കൽ മേഖലകളിലാണ് കൂടുതൽ ദുരിതം വിതച്ചത്. ആലപ്പാടിനെ പുനഃസൃഷ്ടിക്കാൻ സർക്കാരും സന്നദ്ധസംഘടനകളും നടത്തിയ പരിശ്രമങ്ങൾ ശ്രദ്ധേയമാണ്. എൽഡിഎഫ് സർക്കാർ സുനാമി എമർജൻസി അസിസ്റ്റൻസ് പ്രോഗ്രാമിന്റെയും (ടിഇഎപി) പുനരധിവാസ പദ്ധതികളുടെയും ഭാഗമായി രണ്ടു പാലങ്ങൾ, വീടുകൾ, കുടിവെള്ള പദ്ധതി തുടങ്ങിയവ നടപ്പാക്കി. സർക്കാർ ഏജൻസികളും സന്നദ്ധ സംഘടനകളും വിവിധ സ്ഥലങ്ങളിലായി സ്ഥാപനങ്ങൾ വച്ചുനൽകി.
ഫിഷറീസ് വകുപ്പ് നിർമിച്ചുനൽകിയ കമ്യൂണിറ്റി റിസോഴ്സ് സെന്റർ തീരമൈത്രി യൂണിറ്റുകളുടെ ഉൽപ്പന്നങ്ങൾക്ക് അന്താരാഷട്ര മാർക്കറ്റിങ് കൂടി ലക്ഷ്യമിട്ട് പായ്ക്കിങ് യൂണിറ്റ് ഉൾപ്പെടെ സ്ഥാപിക്കാൻ ലക്ഷ്യമിട്ടായിരുന്നു. വിപുലമായ സൗകര്യങ്ങളോടെ നിർമിച്ച ക്ലസ്റ്റർ സെന്റർ മാനവവിഭവശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലനങ്ങൾ ഉൾപ്പെടെ സംഘടിപ്പിക്കാനും ലക്ഷ്യമിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..