24 December Thursday

കവിതയായ് തളിര്‍ക്കും ; മലയാള മനസ്സാക്ഷിയുടെ ശബ്ദമായി മാറിയ സു​ഗതകുമാരിക്ക് വിട

സുമേഷ്‌ കെ ബാലൻUpdated: Thursday Dec 24, 2020


തിരുവനന്തപുരം
ആർദ്ര സ്‌നേഹത്തിന്റെ തുലാവർഷപ്പച്ച പെയ്‌തൊഴിഞ്ഞു. കനിവിന്റെ മാധുര്യവും കണ്ണീരിന്റെ ഉപ്പും കലർന്ന വരികളിലൂടെ  മലയാളികളുടെ മനസ്സിൽ മാനവികതയുടെ പവിഴമല്ലികൾ വിരിയിച്ച കവി സുഗതകുമാരി ഓർമയായി.  പ്രകൃതി ചൂഷണങ്ങൾക്കെതിരെ വിരൽ ചൂണ്ടിയും നിരാലംബരായ സ്‌ത്രീകൾക്കും കുഞ്ഞുങ്ങൾക്കും അഭയമേകിയും അനീതികൾക്കെതിരെ കവിതകളിലൂടെ പോരാടിയും ധന്യതയാര്‍ന്ന ജീവിതം ഇനി മലയാള മനസ്സിൽ കവിതയായി തളിർക്കും. എൺപത്തിയാറ്‌ വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ബുധനാഴ്‌ച രാവിലെ 10.52നായിരുന്നു അന്ത്യം. കോവിഡ്‌ ചികിത്സയിലിരിക്കെ‌ തിങ്കളാഴ്‌ച മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി‌‌.

ബ്രോങ്കോന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസ്സമായിരുന്നു പ്രധാന പ്രശ്‌നം. ചൊവ്വാഴ്‌ച ഹൃദയാഘാതം ഉണ്ടായി. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ഔദ്യോ​ഗിക ബഹുമതികളോടെ തൈക്കാട്‌ ശാന്തി കവാടത്തിൽ സംസ്‌കരിച്ചു. അയ്യൻകാളിഹാളില്‍ ചിത്രത്തിനുമുന്നില്‍ പുഷ്പാര്‍ച്ചന നടത്താന്‍ നിരവധിപേരെത്തി. തച്ചോട്ടുകാവ്‌ മഞ്ചാടിയിലെ അഭയഗ്രാമത്തില്‍ കവിയുടെ ഒസ്യത്ത് പ്രകാരം ഓര്‍മയ്ക്കായ് ആല്‍മരം നടും. മരണാനന്തര ആദരങ്ങൾ വേണ്ടെന്നും‌ ഒസ്യത്തിലുണ്ട്.


 

കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും സംസ്‌കൃതം പ്രൊഫസറായ കാർത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 22ന്‌ ആറന്മുളയില്‍ ജനനം.  ‘അമ്മ ശക്തിയും അച്ഛൻ ശബ്ദവുമായിരുന്നു’വെന്നാണ്‌ അവർ വിശേഷിപ്പിച്ചിട്ടുള്ളത്‌. ആദ്യ കവിത പ്രസിദ്ധീകരിച്ചത്‌ ശ്രീകുമാറെന്ന പേരിൽ. ആദ്യസമാഹാരം മുത്തുച്ചിപ്പി.   പ്രകൃതിചൂഷണത്തിനെതിരെ നിരന്തരം പോരാടി. സൈലന്റ്‌വാലിമുതൽ ആറന്മുള്ളവരെയുള്ള പോരാട്ടഭൂമികയിൽ ആ സമരവീര്യം കേരളം കണ്ടു.

തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ സുഗതകുമാരി പ്രകൃതിസംരക്ഷണസമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറിയാണ്‌.  അഗതി സ്ത്രീകൾക്കുവേണ്ടി ‘അത്താണി’, മാനസിക രോഗികൾക്ക്‌ പരിചരണാലയം, അഭയഗ്രാമം എന്നിവ സ്ഥാപിച്ചു. സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ, തളിര്  മാസിക പത്രാധിപർ, തിരുവനന്തപുരം ജവഹർ ബാലഭവന്റെ മേധാവി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. പത്ത്‌ കവിതാ സമാഹാരവും മൂന്ന്‌ ബാലസാഹിത്യ കൃതിയും സുഗതകുമാരിയുടെ കവിതകൾ സമ്പൂർണം എന്ന പേരിൽ ബൃഹദ്ഗ്രന്ഥവും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.

2006ൽ രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു.   കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ അടക്കം നിരവധി പുരസ്‌കാരങ്ങൾക്ക്‌ അർഹയായി.

ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ അസി. ഡയറക്‌ടറായിരുന്ന അന്തരിച്ച ഡോ. കെ വേലായുധൻ നായര്‍‌ ഭർത്താവ്‌. മകൾ: ലക്ഷ്മി. അധ്യാപികയും വിദ്യാഭ്യാസവിദഗ്ധയുമായിരുന്ന ഹൃദയകുമാരി, അധ്യാപികയും എഴുത്തുകാരിയുമായിരുന്ന പ്രൊഫ. ബി സുജാതദേവി എന്നിവർ സഹോദരങ്ങളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top