KeralaLatest NewsIndia

പ്രധാനപ്പെട്ട തെളിവുകള്‍ നശിപ്പിച്ച ക്രൈംബ്രാഞ്ച് മുന്‍ എസ് പി കെടി മൈക്കിളിനെതിരെ നടപടിക്ക് ശുപാർശ

അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എഎസ്‌ഐ അഗസ്റ്റിന്‍, തുടരന്വേഷണത്തില്‍ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി സാമുവല്‍, കെ ടി മൈക്കിള്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തിരുന്നത്.

തിരുവനന്തപുരം: അഭയ കേസിലെ പ്രത്യേക സിബിഐ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. പ്രതികള്‍ സിസ്റ്റര്‍ അഭയയെ തലയ്ക്കടിച്ച് കിണറ്റിലിട്ട് കൊലപ്പെടുത്തിയതാണെന്ന് വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാണിക്കുന്നു. തോമസ് എം കോട്ടൂര്‍ കളര്‍കോട് വേണുഗോപാലിനോട് നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണ്. തോമസ് കോട്ടൂര്‍ പയസ് ടെന്‍ത് കോണ്‍വെന്റിലെ നിത്യ സന്ദര്‍ശകനെന്ന് വ്യക്തമായി. സിസ്റ്റര്‍ സെഫിയുടെ വൈദ്യപരിശോധനാ ഫലം ശക്തമായ തെളിവാണെന്നും കോടതി പ്രസ്താവിച്ചു.

കൂടാതെ അഭയ കൊലക്കേസില്‍ പ്രതികള്‍ക്കെതിരായ പ്രധാനപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിന് നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മുന്‍ എസ് പി കെ ടി മൈക്കിളിനെതിരെ പൊലീസ് മേധാവി ആവശ്യമായ നടപടി വേണമെന്നും പ്രത്യേക കോടതി വിധിന്യായത്തില്‍ ഉത്തരവിട്ടു. കെ ടി മൈക്കിളിനെ മുന്‍പ് പ്രതി ചേര്‍ത്തിരുന്നെങ്കിലും ഹൈക്കോടതി ഇടപെട്ട് ഒഴിവാക്കിയിരുന്നു. അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എഎസ്‌ഐ അഗസ്റ്റിന്‍, തുടരന്വേഷണത്തില്‍ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി സാമുവല്‍, കെ ടി മൈക്കിള്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തിരുന്നത്.

സാമുവല്‍ മരിച്ചതിനാല്‍ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കി. കേസില്‍ രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയിലിന്റേയും കെ ടി മൈക്കിളിന്റേയും വിടുതല്‍ ഹര്‍ജി പരിഗണിച്ചാണ് ഇരുവരേയും ഹൈക്കോടതി പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. അതേസമയവും കേസിന്റെ ചരിത്രം വിശദമാക്കുന്ന 229 പേജുള്ള വിധിയുടെ അവസാന ഭാഗത്താണു കേസ് അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായി കോടതി വ്യക്തമാക്കുന്നത്. വിവിധ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ഇരുവരും തെളിവു നശിപ്പിച്ചെന്നു കോടതി വിലയിരുത്തിയത്.

നാലാം പ്രതിയായിരുന്ന കെ.ടി. മൈക്കിളിനെ ഹൈക്കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയെങ്കിലും വിചാരണയുടെ ഘട്ടത്തില്‍ മതിയായ തെളിവുണ്ടെങ്കില്‍ പ്രതി ചേര്‍ക്കാമെന്നു വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ മൈക്കിളിന് എതിരെ ഇനിയും വിചാരണ നടപടികള്‍ തുടങ്ങാന്‍ കഴിയും.തെളിവുകള്‍ നശിപ്പിക്കുന്നതില്‍ മൈക്കിള്‍ പങ്കാളിയാണെന്നു കണ്ടെത്തിയ സിബിഐ കോടതി പക്ഷേ, ഈ കുറ്റത്തിന്റെ പേരില്‍ എന്തു നടപടി സ്വീകരിക്കണമെന്നു വിധിയില്‍ വ്യക്തമാക്കുന്നില്ല.

read also: രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിട്ടയച്ചത് വിചാരണ കൂടാതെ, അപ്പീൽ നല്കാൻ സിബിഐ

ഈ സാഹചര്യത്തില്‍ സിബിഐയുടെ അടുത്ത നീക്കം നിര്‍ണ്ണായകമാണ്. കേസിലെ രണ്ടാം പ്രതിയായിരുന്നു ഫാ പുതൃക്കയിലും ഹൈക്കോടതി ഉത്തരവിന്റെ പിന്തുണയിലാണ് കേസില്‍ നിന്ന് രക്ഷപ്പെട്ടത്. ഈ വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് തെളിവ് നശീകരണത്തില്‍ മൈക്കിളിനെതിരേയും കോടതിയുടെ പരാമര്‍ശം ഉണ്ടാകുന്നത്.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button