തൃശൂർ
ബിജെപി സംസ്ഥാന കോർകമ്മിറ്റിയോഗം വ്യാഴാഴ്‌ച കൊച്ചിയിൽ ചേരും. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യോഗം നിർണ്ണായകമാകും. തെരഞ്ഞെടുപ്പിൽ തിരിച്ചടിയില്ലെന്ന് കെ സുരേന്ദ്രൻപക്ഷവും തിരിച്ചടിയാണെന്ന് ശോഭസുരേന്ദ്രനും സംഘവും ശക്തമായി വാദിക്കുന്നു. ഇരുകൂട്ടരും കേന്ദ്രനേതൃത്വത്തിന് പരാതിയും അയച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് മാറിനിന്നത് ചൂണ്ടിക്കാട്ടി ശോഭ സുരേന്ദ്രനെതിരെ അച്ചടക്ക നടപടിയെടുക്കുകയെന്നതാണ് കെ സുരേന്ദ്രൻ ലക്ഷ്യമിടുന്നത്. എന്നാൽ, മുതിർന്ന നേതാവ് ഒ രാജഗോപാൽ അടക്കം ഒട്ടേറെ നേതാക്കൾ ശോഭ സുരേന്ദ്രൻ ഉന്നയിച്ച പ്രശ്‌നങ്ങൾ ഗൗരവമായി കാണുന്നവരാണ്.
1200 സ്ഥലത്ത് ബിജെപി പരാജയപ്പെട്ടത് നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ പരാജയമാണെന്ന് സമർത്ഥിക്കാനാണ് ശോഭസുരേന്ദ്രനും മറ്റും ശ്രമിച്ചത്. ശോഭാ സുരേന്ദ്രനെ അവഗണിച്ചുവെന്ന് കാണിച്ച് പ്രഭാരി സി പി രാധാകൃഷ്ണൻ ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകിയതായാണ് അറിയുന്നത്. പാർടിയിലെ ഒരു രംഗത്തും പ്രവർത്തിക്കാൻ അവസരം നൽകാതെ സംഘടനയിൽ നിന്ന് പുകച്ച് പുറത്ത് ചാടിക്കാനുള്ള തന്ത്രം മെനഞ്ഞു. സംസ്ഥാന പ്രസിഡന്റിനോട് വിയോജിക്കുന്നവരെ വെട്ടി നിരത്തുന്ന ഏകാധിപത്യ പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പക്ഷം ചൂണ്ടിക്കാട്ടുന്നു. യഥാർഥ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ നേതൃത്വത്തിനായില്ല. ഈ പശ്ചാത്തലത്തിലാണ് യോഗം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..